നജ്മല്‍ ബാബു. വിശിഷ്ടമായ ഒരു സംഗീതപരമ്പരയുടെ ശേഷസൗഭാഗ്യം. കോഴിക്കോട് അബദുല്‍ഖാദറിന്റെ മകന്‍. അകാലത്തില്‍ പൊലിയാനായിരുന്നു ആ ഗായകന്റെയും വിധി. അര്‍ഹിച്ച പ്രശസ്തിയും ആദരവുമൊന്നും നേടിയെടുക്കാനാവാതെ, അച്ഛനെപ്പോലെ.
എന്തുകൊണ്ടും വിശിഷ്ടമായിരുന്നു നജ്മല്‍ ബാബുവിന്റെ സിരകളിലൂടെ പ്രവഹിച്ചിരുന്ന രക്തവും സംഗീതവും. അച്ഛന്‍ പ്രശസ്ത ഗായകന്‍ കോഴിക്കോട് അബ്ദുള്‍ ഖാദര്‍. സാക്ഷാല്‍ എം.എസ്. ബാബുരാജ്, മാതൃസഹോദരീ ഭര്‍ത്താവ്. ഒരേ സമയം, പ്രിയപ്പെട്ട ബാബുക്കയുടേയും പിതാവ് കോഴിക്കോട് അബ്ദുള്‍ ഖാദറിന്റെയും ഓര്‍മകള്‍ ഉണര്‍ത്താന്‍ കഴിയുന്നതായിരുന്നു നജ്മലിന്റെ ശബ്ദവും ആ ഹാര്‍മോണിയം വായനയും. വാപ്പയെപ്പോലെ, കോഴിക്കോട് വീണ്ടും വീണ്ടും കേള്‍ക്കാന്‍ കൊതിച്ച മധുരിതസ്വരം. ഗൃഹാതുരമായ നഗരത്തിന്റെ സായാഹ്നങ്ങളില്‍ ഇപ്പോഴും ആ പിതാവിന്റെയും പുത്രന്റെയും തീരാത്ത ശോകം തുളുമ്പുന്ന ഗാനങ്ങള്‍ അലയടിക്കുന്നുണ്ട്.
'ഡാഡ' എന്ന് നജ്മല്‍ സ്‌നേഹപൂര്‍വം വിളിച്ചിരുന്ന പിതാവ് അബ്ദുള്‍ ഖാദറിനും ബാബുരാജിനുമൊപ്പം രാജ്യം മുഴുവന്‍ പാടിയലയാന്‍ നജ്മലിന് സാധിച്ചു. പാട്ടുമാത്രമല്ല പാട്ടുജീവിതവും രണ്ട് പ്രതിഭകള്‍ക്കിടയില്‍ക്കഴിഞ്ഞ് നജ്മല്‍ സ്വായത്തമാക്കി. രണ്ട് മധുരവിഷാദസ്വരങ്ങള്‍ കേട്ടുവളര്‍ന്ന കുട്ടി മറ്റൊരു വഴിയിലേക്ക് തിരിയുന്നതെങ്ങനെ ?
എന്നാല്‍, മാറിയകാലത്തെ ജീവിതം അദ്ദേഹത്തെ തൊഴില്‍തേടി ഇരുപത്തെട്ടാം വയസ്സില്‍ ഗള്‍ഫിലേക്കയച്ചു. പത്തുവര്‍ഷം കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴും കണ്ഠത്തില്‍ പാരമ്പര്യം പകര്‍ന്ന ആ വാസന്തകാകളി മരിച്ചിരുന്നില്ല. കോഴിക്കോടിന്റെ സന്ധ്യകളില്‍ നജ്മല്‍ പലപ്പോഴും പാടി. ആ ശബ്ദങ്ങളിലൂടെ സംഗീതപ്രേമികള്‍ക്കുമുന്നില്‍ ബാബുരാജും കോഴിക്കോട് അബ്ദുള്‍ ഖാദറും മെഹ്ദി ഹസനും കുന്ദന്‍ലാല്‍ സൈഗളും ഭാസ്‌കരന്‍ മാസ്റ്ററും കെ. രാഘവന്‍ മാസ്റ്ററും അവര്‍ സൃഷ്ടിച്ച കാലവുമെല്ലാം സ്വരധാരയായി പുനര്‍ജനിച്ചു. കാലമെത്ര മുന്നോട്ടുപാഞ്ഞാലും കോഴിക്കോടിനേയും സംഗീതപ്രേമികളെയും ഗൃഹാതുരമായ പഴയൊരുകാലത്തിലേക്ക് നൊടിയിടയില്‍ തിരിച്ചുപറത്താനുള്ള വശീകരണമന്ത്രം നജ്മലിന്റെ സ്വരത്തിലുണ്ടായിരുന്നു.
പാട്ടുകളില്‍നിന്ന് പാട്ടുകളിലേക്ക് സഞ്ചരിച്ചുകൊണ്ടേയിരിക്കെയാണ് വൃക്കരോഗം ആ ജീവിതത്തില്‍ അപശ്രുതിയായി വന്നുവീണത്. ഏറെക്കാലം രോഗശയ്യയില്‍. ഉള്ള സമ്പാദ്യം മുഴുവന്‍ ചെലവഴിച്ചുള്ള ചികിത്സ. സുഹൃത്തുക്കളും നന്മവറ്റാത്ത ഒരുപാട് മനുഷ്യരും സഹായിച്ചുള്ള വൃക്ക മാറ്റിവെക്കല്‍. ജീവിതം പതുക്കെപ്പതുക്കെ തിരിച്ചുവന്നു. തന്നിലെ സ്വരങ്ങളുടെ ചിറകറ്റുപോയിട്ടില്ല എന്ന് തിരിച്ചറിഞ്ഞു. ഉയിരില്‍ 'പാടാനോര്‍ത്തൊരു മധുരിതഗാനം' പാടപ്പെടാനായി കാത്തുനില്‍ക്കുന്നതറിഞ്ഞു.
എത്രയൊക്കെത്തളര്‍ന്നാലും നജ്മലിന്റെ സ്വരം കേള്‍ക്കാന്‍ കോഴിക്കോട് കാത്തുനില്‍പ്പുണ്ടായിരുന്നു. അതിന്റെ സാക്ഷ്യമായിരുന്നു 2009 ഒക്ടോബര്‍ 16ന്റെ സന്ധ്യയില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നജ്മലിനെ കേള്‍ക്കാനെത്തിയ സദസ്സ്. തബലയുമായി ഹരിനാരായണനിരുന്നു, ഹാര്‍മോണിയത്തില്‍ റസാഖും ഗിറ്റാറില്‍ ഡേവിഡ് ബാബുവും റിഥത്തില്‍ നസീറും... നഗരം വീണ്ടും പഴയകാലം തിരിച്ചുപിടിക്കുകയായിരുന്നു. തന്റെ പ്രിയപ്പെട്ട പാട്ടുകളെല്ലാം അന്നും നജ്മല്‍ ബാബു പാടി. അബ്ദുള്‍ ഖാദറും ബാബുരാജും വന്നുകയറി പാടി മിഠായിത്തെരുവിലേക്കിറങ്ങിപ്പോയി....
അബദുല്‍ഖാദറും ശാന്താദേവിയും നജ്മല്‍ ബാബുവും ഇന്നില്ല. ഒഴിയാത്ത മധുരവും തീരാത്ത ശോകവും ചാലിച്ച ആ ഗാനങ്ങള്‍ കേട്ടു വളര്‍ന്ന നഗരം ചോദിക്കുന്നത് ഇത്രമാത്രം: ഇനിയാരുണ്ട് കേള്‍ക്കാനോര്‍ത്ത ആ മധുരിതഗാനങ്ങള്‍ പാടാന്‍ ?