ശാന്താദേവിയുടെ സ്വന്തം അബ്ദുള്‍ഖാദര്‍

Posted on: 17 Jul 2015

'നീലക്കുയിലി'ലെ ''എങ്ങനെ നീ മറക്കും കുയിലേ...'' എന്ന ഗാനം പാടിയ കോഴിക്കോട് അബ്ദുള്‍ഖാദര്‍, ലെസ്ലി ആന്‍ഡ്രൂസായിരുന്ന കാലത്ത് ശാന്താദേവിയുടെ അയല്‍ക്കാരനായിരുന്നു. പിന്നീട് റങ്കൂണില്‍ പോയി സൂഫി ഗായകരുമായി പരിചയപ്പെട്ടു തിരിച്ചെത്തിയപ്പോള്‍ അബ്ദുള്‍ഖാദറായി.

ശാന്താദേവി കടപ്പെട്ടിരുന്നത് കോഴിക്കോട് അബ്ദുള്‍ഖാദറിനോടാണ്. എല്ലാത്തിനും. ജീവിതത്തിനു തന്നെയും. എപ്പോഴും അവരത് പറയുമായിരുന്നു.

അബ്ദുള്‍ഖാദര്‍ കണ്ടുമുട്ടുന്ന കാലത്ത് ശാന്താദേവി ദമയന്തിയായിരുന്നു. ജീവിതയാഥാര്‍ഥ്യങ്ങളോട് പടപൊരുതാന്‍ കഴിയാതെ പതറിനില്‍ക്കുന്ന, ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട സ്ത്രീ; ഒരു കുഞ്ഞിന്റെ അമ്മ. കോഴിക്കോടിന്റെ കലാരംഗത്ത് തിളങ്ങിനിന്ന അബ്ദുള്‍ഖാദറിന് ദമയന്തിയുടെ ദുഃഖം താങ്ങാനായില്ല. അദ്ദേഹം അവരുടെ രക്ഷകനായി. അതോടെ, ദമയന്തി ശാന്താദേവിയെന്ന നടിയായി.

സ്വന്തം ജീവിതം തന്നെയാണ് അബ്ദുള്‍ഖാദര്‍ ശാന്താദേവിക്കു നല്കിയത്. അതോടെ ശാന്താദേവിയെന്ന കലാകാരി പുനര്‍ജനിച്ചു. അരങ്ങുകളിലൂടെ, സിനിമകളിലൂടെ അവര്‍ പ്രശസ്തയായി. സംതൃപ്തയായ കുടുംബിനിയും അമ്മയുമായി. ആ ദാമ്പത്യത്തിലാണ് സത്യജിത്തെന്ന മകന്‍ ജനിച്ചത്. ശാന്താദേവിയുടെ ജീവിതത്തിലെ ഏറ്റവും ആഹ്ലാദകരമായ ദിനങ്ങളായിരുന്നു അത്. അബ്ദുള്‍ഖാദറിന്റെ മരണത്തോടെ എല്ലാം തകര്‍ന്നു.

ജീവിതത്തിന്റെ ആദ്യ ഘട്ടത്തിലല്ലാതെ സ്ഥായിയായ ആഹ്ലാദം അനുഭവിക്കാന്‍ അവര്‍ക്ക് യോഗമില്ലായിരുന്നു. സമ്പന്നമായ തറവാട്ടിലായിരുന്നു ജനനം. പ്രതാപശാലിയായ അച്ഛന്റെ തണലില്‍ ജീവിച്ച ആഹ്ലാദകരമായ കുട്ടിക്കാലത്തിന് ഏറെ ആയുസ്സുണ്ടായില്ല. സമ്പത്ത് നഷ്ടമായതോടെ വാടകവീട്ടിലേക്ക് മാറേണ്ടിവന്നു. അക്കാലത്തു നടന്ന ആദ്യ വിവാഹത്തിനും പൊലിമയുണ്ടായില്ല. ആ വിവാഹത്തിനു ശേഷമാണ് ജീവിതത്തിന്റെ കയ്പുനീര്‍ കൂടുതല്‍ കുടിക്കേണ്ടിവന്നത്. ഒരു മകന്‍ പിറന്നശേഷം ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

അയല്‍വാസിയായ കോഴിക്കോട് അബ്ദുള്‍ഖാദറുമായി പിന്നീടുണ്ടായ അടുപ്പമാണ് അവരെ കലാരംഗത്ത് എത്തിച്ചത്. കോഴിക്കോട് ദേശപോഷിണി പോലുള്ള നാടക ട്രൂപ്പുകള്‍ സജീവമായിരുന്ന കാലം. നെല്ലിക്കോട് ഭാസ്‌കരനുവേണ്ടി ഒരു നാടകം രചിക്കാന്‍ വാസുപ്രദീപിനെ ചുമതലപ്പെടുത്തുന്നു. കോഴിക്കോട് അബ്ദുള്‍ഖാദറും ബാബുരാജും സ്ഥിരമായി മിഠായിത്തെരുവിലുള്ള വാസുപ്രദീപിന്റെ പ്രദീപ് ആര്‍ട്‌സില്‍ എത്തുമായിരുന്നു. ശാന്താദേവിയുടെ ദുരവസ്ഥ അറിയാമായിരുന്ന അബ്ദുള്‍ഖാദര്‍ അവര്‍ക്കും ഒരു വേഷം നല്കാന്‍ അഭ്യര്‍ഥിച്ചു. അത് പുതിയൊരു തുടക്കമായി.

അന്നത്തെ കലാകാരന്മാര്‍ക്ക് സമ്പാദ്യം നന്നേ കുറവായിരുന്നു. കിട്ടുന്ന കാശുകൊണ്ട് പ്രാരബ്ധം തീരാത്ത അവസ്ഥ. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോഴും സ്ഥിതിയില്‍ വലിയ മാറ്റമൊന്നുമുണ്ടായില്ല. അതിനിടെ രക്ഷകനായ കോഴിക്കോട് അബ്ദുള്‍ഖാദറിന്റെ രണ്ടാം ഭാര്യയുമായി. ആ ബന്ധത്തിലാണ് പിന്നീട് ബാലനടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ച സത്യജിത്ത് (ചിത്രം: അച്ചാണി) പിറന്നത്. അബ്ദുള്‍ഖാദറിന്റെ മരണത്തോടെ രണ്ടാം ദാമ്പത്യവും ഇല്ലാതായി.

30 വര്‍ഷത്തിലേറെക്കാലം സിനിമയില്‍ അമ്മവേഷമണിഞ്ഞിട്ടും ജീവിതത്തെ പുതിയൊരു തലത്തിലേക്കുയര്‍ത്താവുന്ന പ്രതിഫലമൊന്നും അവര്‍ക്ക് കിട്ടിയില്ല. അതിനിടെ, മകന്‍ സത്യജിത്തിനെയും അവര്‍ക്കു നഷ്ടമായി. ആദ്യം അബ്ദുല്‍ഖാദര്‍, പിന്നീട് മകന്‍. അകാലത്തില്‍ രണ്ടു വട്ടം വന്ന ആ മരണം ശാന്താദേവിയുടെ ജീവിതം കീഴ്‌മേല്‍ മറിച്ചു.

ഒരു സിനിമാതാരത്തെപ്പോലല്ല, അവരെ പിന്നീട് കോഴിക്കോട് തെരുവുകളില്‍ കണ്ടത്. പിഞ്ഞിക്കീറിയ സാരിയും ആഭരണക്കാരുടെ പരസ്യങ്ങളുള്ള വാനിറ്റി ബാഗുമായി നടന്നുനീങ്ങുന്ന ശാന്താദേവിയുടെ കൈയില്‍ ബസ് കയറാനുള്ള കാശുപോലും പലപ്പോഴുമുണ്ടായിരുന്നില്ല. ആരുടെയൊക്കെയോ കനിവുമായി കാലം കഴിച്ചുകൂട്ടാനായിരുന്നു വിധി. ഒടുവില്‍ അനാഥയെപ്പോലെ വൃദ്ധമന്ദിരത്തിലുമെത്തി. അവസാന ദിവസങ്ങളില്‍ മകനും സഹോദരിയും സര്‍ക്കാറും സിനിമയിലെ സുഹൃത്തുക്കളും സഹായവുമായെത്തി. പക്ഷേ, ആദ്യകാലത്തെപ്പോലെ സന്തോഷിച്ചുകഴിയാന്‍ ഒരു ജീവിതം മാത്രം അവര്‍ക്കില്ലാതായിപ്പോയി. വെള്ളിത്തിരയിലെ ഒരു ദുഃഖകഥാപാത്രമായ അമ്മയെപ്പോലെ അവര്‍ ജീവിതത്തോട് വിട പറഞ്ഞു.

അബ്ദുല്‍ ഖാദര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് അവര്‍ അവസാനം വരെ ഇടവിടാതെ പറയുമായിരുന്നു. അബ്ദുള്‍ഖാദര്‍ മരിച്ചപ്പോള്‍ മലയാളിക്കു നഷ്ടമായത് ആ ശബ്ദം മാത്രമായിരുന്നു. എന്നാല്‍ ശാന്താദേവിക്ക് അതു ജീവിതം തന്നെയായിരുന്നു. ആ ആഘാതത്തില്‍ നിന്ന് പിന്നീടൊരിക്കലും അവര്‍ കര കയറിയില്ല.




 

ga