രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങി

Posted on: 20 Dec 2014

? .


തിരുവനന്തപുരം:
പത്തൊമ്പതാമത് രാജ്യാന്തര ചലച്ചിത്രമേള കൊടിയിറങ്ങി. കനകക്കുന്ന് നിശാഗന്ധി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്തു. തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ജി സെയ്‌ലന്‍ മുഖ്യാതിഥിയായി.

വൈവിധ്യമാര്‍ന്ന പ്രമേയങ്ങളും ജീവിതത്തിന്റെ വ്യത്യസ്ത വികാരങ്ങളും പ്രതിഫലിച്ച ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചതെന്ന് ഗവര്‍ണര്‍ പറഞ്ഞു. അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍, ഭരതന്‍ എന്നിവര്‍ മലയാള സിനിമയുടെ അഭിമാനമുയര്‍ത്തിയെന്ന് അദ്ദേഹം പറഞ്ഞു. കേരളം ദൈവത്തിന്റെ സ്വന്തം നാടെന്നതിലുപരി അനുഗൃഹീത കലാകാരന്മാരുടെ നാട് കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനായി. നല്ല സിനിമകള്‍ കാണാന്‍ സൗകര്യമൊരുക്കുന്നതിനായി പ്രാദേശികതലത്തില്‍ രണ്ട് ചലച്ചിത്രമേളകള്‍ നടത്തുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മുന്‍വര്‍ഷത്തേക്കാള്‍ 75 ലക്ഷം രൂപ ചെലവ് കുറച്ചാണ് ഇത്തവണ മേള നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

പരാതികളും പരിഭവങ്ങളുമുയര്‍ന്നെങ്കിലും മികച്ച സിനിമകളുള്‍ക്കൊള്ളിച്ച മേളയായിരുന്നു ഇതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. മലയാള സിനിമയ്ക്ക് അര്‍ഹമായ പ്രാതിനിധ്യം മേളയില്‍ നല്‍കിയിട്ടുണ്ടോയെന്ന് പരിശോധിക്കണം. ലോക സിനിമയ്ക്കായി മലയാള സിനിമകള്‍ മികച്ച സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിവാദങ്ങളുണ്ടാക്കാതെ മലയാളസിനിമയുടെ ഉന്നമനത്തിനായി അടൂര്‍ ഗോപാലകൃഷ്ണന്‍ സമിതി നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

മുഖ്യാതിഥിയായ തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ജി സെയ്‌ലനെ ഗവര്‍ണര്‍ പൊന്നാടയണിയിച്ച് ആദരിച്ചു. സത്യജിത് റേയെ പോലെയുള്ള ഗുരുക്കന്മാരുടെ നാടായ ഭാരതത്തില്‍ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നാഷണല്‍ ഫിലിം ആര്‍ക്കൈവ്‌സ് മുന്‍ ഡയറക്ടര്‍ പി.കെ. നായരെ ചടങ്ങില്‍ ആദരിച്ചു. ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ ടി. രാജീവ് നാഥ്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണിജോര്‍ജ്, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഇന്ദു ശ്രീകണ്ഠ്, ചലച്ചിത്ര അക്കാദമി സെക്രട്ടറി എസ്. രാജേന്ദ്രന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.

കലാമണ്ഡലം ബേബി മാരാരുടെ സോപാന സംഗീതത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഔദ്യോഗിക ചടങ്ങുകള്‍ക്ക് ശേഷം കലാമണ്ഡലത്തിലെ വിദ്യാര്‍ത്ഥികളുടെ മോഹിനിയാട്ടം നടന്നു.
തുടര്‍ന്ന് സുവര്‍ണചകോരം നേടിയ 'റഫ്യൂജിയാദോ' പ്രദര്‍ശിപ്പിച്ചു.



1
more videos

 

iffk gallery

 

ga