മേളയ്ക്ക് ഇന്ന് കൊടിയിറക്കം

സ്വന്തം ലേഖകന്‍ Posted on: 19 Dec 2014

പത്തൊമ്പതാമത് രാജ്യാന്തരചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച തിരശീല വീഴും. സമാപനസമ്മേളനം ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ തുര്‍ക്കി സംവിധായകന്‍ നൂറി ബില്‍ജി സെയ്ലന്‍ മുഖ്യാതിഥിയായിരിക്കും.

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, മന്ത്രി കെ.സി. ജോസഫ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ടി. രാജീവ് നാഥ് തുടങ്ങിയവര്‍ കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും.

മത്സരവിഭാഗത്തിലെ ചിത്രങ്ങള്‍ക്ക്് സുവര്‍ണചകോരം അടക്കമുള്ള പുരസ്‌ക്കാരങ്ങളാണ് നല്‍കുന്നത്. മികച്ച സംവിധായകന് രജതചകോരവും സമ്മാനിക്കും. മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് ഫിപ്രസി, നെറ്റ്പാക് പുരസ്‌ക്കാരങ്ങള്‍, പ്രേക്ഷകര്‍ തിരഞ്ഞെടുക്കുന്ന ജനപ്രിയ ചിത്രത്തിനുള്ള അവാര്‍ഡ്, മാധ്യമ അവാര്‍ഡുകള്‍, തിയേറ്റര്‍ അവാര്‍ഡുകള്‍ എന്നിവ ചടങ്ങില്‍ സമ്മാനിക്കും.

വൈകുന്നേരം നാലിന് കലാപീഠം ബേബി മാരാരുടെ സോപാന സംഗീതത്തോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുന്നത്. സമാപനച്ചടങ്ങുകള്‍ക്ക് ശേഷം കേരള കലാമണ്ഡലം നടത്തുന്ന മോഹിനിയാട്ടം നടക്കും. സുവര്‍ണചകോരം നേടുന്ന ചിത്രത്തിന്റെ പ്രദര്‍ശനവും നിശാഗന്ധിയില്‍ നടക്കും.

ഹൃദയഹാരിയായ നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചുകൊണ്ടാണ് ഇക്കുറി മേള പടിയിറങ്ങുന്നത്. ഡെലിഗേറ്റുകളുടെ ആവശ്യമനുസരിച്ച്് പ്രേക്ഷക പ്രശംസ നേടിയ ദി പ്രസിഡന്റ് എന്ന ചിത്രം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് കൈരളിയില്‍ പ്രദര്‍ശിപ്പിക്കും.

എല്ലാ സിനിമകളുടെയും ആവര്‍ത്തനപ്രദര്‍ശനമാണ് വ്യാഴാഴ്ച നടന്നത്. ലോകസിനിമാവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച തിംബുക്തു, ട്രാക്ക്, ദി സെര്‍ച്ച്, കമിങ് ഹോം, വിന്റര്‍ സ്ലീപ്പ്, ദി മാഡ്നസ് ഓഫ് റീസണ്‍, മെല്‍ബണ്‍ എന്നിവയ്ക്ക് വന്‍തിരക്കാണനുഭവപ്പെട്ടത്.

മത്സരവിഭാഗത്തില്‍ ദി ആന്‍ഡ് സ്റ്റോറി, കമിങ് ഹോം, ഒബ്ലിവിയന്‍ സീസണ്‍, സഹീര്‍, വണ്‍ ഫോര്‍ ദി റോഡ്, റെഫ്യൂജിയാഡോ, ദി മാന്‍ ഓഫ് ക്രൗഡ്, ദി നാരോ ഫ്രെയിം ഓഫ് മിഡ്നൈറ്റ് എന്നിവയ്ക്കും തിരക്കനുഭവപ്പെട്ടു.

എത്തിയതിലേറെയും മികച്ച സിനിമകള്‍. പക്ഷേ എല്ലാവര്‍ക്കും കാണാന്‍ അവസരമില്ല എന്നതാണ് ചലച്ചിത്രമേളയുടെ ബാക്കിപത്രം. ഡെലിഗേറ്റുകളും അതിഥികളുമുള്‍പ്പെടെ 10,000 ലേറെ പേരാണ് സിനിമ കാണാനെത്തിയത്. സീറ്റുകള്‍ കുറവായതിനാല്‍ പല തിയേറ്ററുകള്‍ക്ക് മുന്നിലും സംഘര്‍ഷാവസ്ഥയുണ്ടായി.



1
more videos

 

iffk gallery

 

ga