
മലയാളികളായ സിനിമാപ്രേമികള്‍ക്ക് കിം കി ഡുക്ക് എന്ന കൊറിയക്കാരനോട് വളരെയധികം സ്‌നേഹമുണ്ട്. ചുരുക്കം നാളുകള്‍ക്കിടയില്‍ മലയാളി നെഞ്ചേറ്റിയ അപൂര്‍വവിദേശ സംവിധായകരില്‍ ഒരാളാണ് കിം കി ഡുക്ക്. കഴിഞ്ഞ തവണത്തെ ചലച്ചിത്രമേളയിലെ മുഖ്യാതിഥി ആയിരുന്ന കിം ഇത്തവണയും മലയാളത്തിന്റെ സ്വന്തം മേളയ്‌ക്കെത്തി.
പത്തുവര്‍ഷം മുമ്പേ തിരുവനന്തപുരത്തെ മേളയിലെ താരമാകാന്‍ കിം കി ഡുക്കിന്റെ സിനിമകളെത്തി. 2004ല്‍ 'ത്രീ അയണ്‍' പുറത്തുവന്നതുമുതല്‍ കിം കി ഡുക്ക് എന്ന പേര് മലയാളികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായി. 2012ലെ 'പിയാത്ത'യും 2013ലെ 'മോബിയാസും' ഉണ്ടാക്കിയ 'കിം തരംഗം' 2014ലെ 'വണ്‍ ഓണ്‍ വണ്‍' സിനിമയിലെത്തിയപ്പോഴും അവസാനിച്ചില്ല.
ബുദ്ധിജീവികള്‍ കൈയടക്കിെവച്ചിരുന്ന ചലച്ചിത്രമേളയിലേക്ക് യുവാക്കള്‍ തള്ളിക്കയറാന്‍ തുടങ്ങിയ സമയത്തായിരുന്നു കിം കി ഡുക്കിന്റെ സിനിമകളെത്തിയത്. പിന്നീട് ഇറാന്‍, പോളണ്ട്, കിഴക്കന്‍ യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ സിനിമകള്‍ക്കൊപ്പം സൗത്ത് കൊറിയ, തായ്‌വാന്‍ രാജ്യങ്ങളുടെ ചിത്രങ്ങളും നമ്മുടെ സ്വന്തം മേളയില്‍ ഉള്‍പ്പെടുത്തി. മേളയില്‍ വന്‍യുവജനപങ്കാളിത്തം ഉണ്ടായ സമയത്ത് കിം കി ഡുക്ക് ചിത്രങ്ങള്‍ സ്‌ക്രീന്‍ കൈയടക്കി. സൗത്ത് കൊറിയന്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പാക്കേജും മേളയില്‍ വന്നു. ചര്‍ച്ചകളും പിന്നീട് ആ വഴിക്കായി. പ്രാദേശിക ഫിലിം ഫെസ്റ്റിവലുകളിലും കിം കി ഡുക്ക് ചിത്രങ്ങള്‍ വ്യാപകമായി പ്രദര്‍ശിപ്പിച്ചു.
കൈയ്ക്കുള്ളിലെ കുഞ്ഞന്‍ഫോണുകളില്‍ ലോകസിനിമ കാണാമെന്നായതോടെ 'ഡൗണ്‍ലോഡുകാരുടെ' എണ്ണത്തിന്റെ ഗ്രാഫും ഉയര്‍ന്നു. സിനിമയെ ഗൗരവമായി കാണുന്നവര്‍ക്കും കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സിനിമാനിരൂപകരെന്ന സ്ഥാനം ഏറ്റെടുക്കാനുമായി. അങ്ങനെ പരസ്പരം പറഞ്ഞും കേട്ടും മലയാളികളുടെ മനസ്സില്‍ കിം കി ഡുക്ക് ചിരപ്രതിഷ്ഠ നേടി. 2010ല്‍ 'പ്രിയപ്പെട്ട കിം' എന്ന പേരില്‍ കിം കി ഡുക്കിനുവേണ്ടി മലയാളത്തില്‍ ഒരു ഷോര്‍ട്ട് ഫിലിം പോലുമുണ്ടായി. മലയോരഗ്രാമത്തിലെ കിം ആരാധകര്‍ തങ്ങളുടെ ആരാധനാപാത്രമായ പ്രിയപ്പെട്ട കിമ്മിനെ നേരിട്ട് കാണാന്‍ ആശിച്ചു. ഇമെയില്‍ തിരക്കി പോകുന്നതിലൂടെ ഷോര്‍ട്ട് ഫിലിം പുരോഗമിക്കുന്നു.
2012ലെ ഗോവ ഫിലിം ഫെസ്റ്റില്‍ പങ്കെടുക്കാന്‍ ആദ്യമായി ഇന്ത്യയിലെത്തിയ കിം കി ഡുക്കിന് ഗോവയില്‍ മലയാളി ഡെലിഗേറ്റുകള്‍ വമ്പന്‍ സ്വീകരണമാണൊരുക്കിയത്. സംഘാടകര്‍ക്കും മേലെയുള്ള മലയാളി ഡെലിഗേറ്റുകളുടെ സ്‌നേഹം കിം കി ഡുക്കിന് 2013ല്‍ കേരളത്തിലേക്ക് വരാന്‍ ആവേശമായി. കഴിഞ്ഞവര്‍ഷം മേളയില്‍ പ്രദര്‍ശിപ്പിച്ച കിം ചിത്രമായ 'മോബിയാസ്' സൃഷ്ടിച്ച വൈദ്യുതാഘാതത്തില്‍നിന്ന് ഇനിയും പ്രേക്ഷകര്‍ മോചിതരായിട്ടില്ല.
ആദ്യകാലത്തെ കിം സിനിമകളില്‍ പ്രതിപാദ്യവിഷയമായത് സെന്‍ ബുദ്ധിസവും മനുഷ്യരുടെ സ്വയംശുദ്ധീകരണ സംബന്ധിയായ കാര്യങ്ങളുമായിരുന്നെങ്കില്‍ പിന്നീടത് വയലന്‍സിലേക്ക് വഴിമാറി. പ്രകൃതിയോടും മനുഷ്യബന്ധങ്ങളോടും മൃദുസമീപനം പുലര്‍ത്തിയിരുന്ന കിമ്മിന്റെ പുത്തന്‍സിനിമകളിലെ വയലന്‍സിന്റെ അതിപ്രസരം കല്ലുകടിയായെന്നാണ് ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിച്ച 'വണ്‍ ഓണ്‍ വണ്‍' ന്റെ പ്രേക്ഷകരുടെ അഭിപ്രായം. ഈ സിനിമയുടെ ആദ്യപ്രദര്‍ശനത്തിന് മേള കണ്ട ഏറ്റവും വലിയ ജനത്തിരക്കാണ് ഉണ്ടായത്.
'വണ്‍ ഓണ്‍ വണ്‍' ചലച്ചിത്രം തന്റെ നാടായ സൗത്ത് കൊറിയയെ കുറിച്ചുള്ളതാണെന്ന് കിം കി ഡുക്ക് പറഞ്ഞു. ഒരു കൊലപാതകവും അതിനെ തുടര്‍ന്നുള്ള പ്രതികാരവുമല്ലാതെ കാണികളെ ത്രസിപ്പിക്കാന്‍ വേണ്ടിയുള്ള ഒന്നും ഇതിലില്ല എന്നാണ് ഭൂരിപക്ഷാഭിപ്രായം. ദൃശ്യപരമായും ചിത്രം കനത്ത പരാജയമാണത്രേ. കിം കി ഡുക്കിന്റെ സിനിമകളെ കൂകി വിളിക്കാന്‍ മലയാളിക്ക് മടിയുണ്ടെന്നത് വാസ്തവമാണ്. പക്ഷേ കിം കി ഡുക്കിനെ തള്ളിപ്പറയുകയും പ്രയാസം.