
രാജ്യാന്തര ചലച്ചിത്രമേളയ്ക്കിടയ്ക്ക് 'പുട്ടു കച്ചവടങ്ങള്‍ ക്ലച്ചു പിടിച്ചു' വരുന്നു. ടീഷര്‍ട്ട് കച്ചവടമാണ് ഇതിനിടയിലെ താരം. കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മല്‍വെയര്‍ ടീം ഒരുക്കിയ ടീഷര്‍ട്ടുകള്‍ മേളയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. പച്ചമലയാളം കമന്റുകള്‍ പ്രിന്റ് ചെയ്ത ടീഷര്‍ട്ടുമിട്ട് മല്ലൂസും സായിപ്പും മത്സരിച്ച് നടക്കുന്ന കാഴ്ച കണ്ടിട്ട് 'കലിപ്പ് തീരണില്ലല്ലാ' എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. മലയാളിഗ്രഫി സംഘത്തിന്റെ തലയിലാണ് ഇങ്ങനൊരു ആശയമുദിച്ചത്. കേരളത്തിന്റെ രാജ്യാന്തര മേളയില്‍ അവതരിപ്പിക്കപ്പെടുന്ന ആദ്യ ബ്രാന്‍ഡഡ് ഐറ്റം എന്ന പ്രത്യേകതയും ഇവരുടെ ടീഷര്‍ട്ടുകള്‍ക്കുണ്ട്.
രണ്ട് സിനിമാ ഡയലോഗുകള്‍ ടീഷര്‍ട്ടുകളില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇംഗ്ലീഷ് അറിയുന്നവര്‍ മാത്രം രാജ്യാന്തര ചലച്ചിത്രമേള കണ്ടാല്‍ മതിയെന്ന വിവാദത്തിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയായി 'വീയാര്‍ ഡൂയിേങ്ങ ഫിലിം ഫെസ്റ്റിവല്‍' (അരം+അരം=കിന്നരം സിനിമയിലെ വീയാര്‍ ഡൂയിങ്ങേ കാര്‍ എന്ന ഡയലോഗ്) ഡേവിഡേട്ടാ... സബ്ടൈറ്റിലിണ്ടാ? ചില്‍ഡ്? (തൂവാനത്തുമ്പികളിലെ മോഹന്‍ലാല്‍ ഡയലോഗായ ഡേവിഡേട്ടാ... കിങ്ഫിഷറുണ്ടോ? ചില്‍ഡ്? എന്ന ഡയലോഗ്)
ആമസോണ്‍, ഫ്ളിപ്പ്കാര്‍ട്ട് എന്നീ ഓണ്‍ലൈന്‍ സ്റ്റോറുകളിലൂടെ ടീ ഷര്‍ട്ട് വില്പന രണ്ടാഴ്ച മുന്നേ തുടങ്ങി. 800 ലധികം പേരാണ് ഓണ്‍ലൈന്‍ വഴി മല്‍വെയര്‍ ടീ ഷര്‍ട്ട് സ്വന്തമാക്കിയത്. സോഷ്യല്‍ മീഡിയയില്‍ ഇത് വന്‍ഹിറ്റുമായി. ഫേസ്ബുക്കിലെ മലയാളിഗ്രഫി എന്ന ഇവരുടെ പേജിന് യുവതക്കിടയ്ക്കുള്ള സ്വാധീനം ടീ ഷര്‍ട്ട് വില്പനയ്ക്ക് തുണയായി. ഓണ്‍ലൈന്‍ ടീഷര്‍ട്ട് വില്പനയ്ക്കു ശേഷം ടീഷര്‍ട്ടുകളുടെ നേരിട്ടുള്ള വിപണനത്തിനായി മല്‍വെയര്‍ ടീം കൈരളി തിേയറ്ററിന് മുന്നിലുണ്ട്. മേളയുടെ രണ്ടാം ദിനത്തില്‍ അവിടവിടെ കണ്ടുതുടങ്ങിയ ഈ ടീഷര്‍ട്ടുകള്‍ തിങ്കളാഴ്ചയോടെ മേളയില്‍ 'പടര്‍ന്നു കയറി'.
രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് പിന്നാലെ കൊച്ചി ബിനാലെയിലും മല്‍വെയര്‍ ടീഷര്‍ട്ടുകളുമായിറങ്ങാന്‍ പദ്ധതിയുണ്ടെന്ന് മല്‍വെയറിന് ചുക്കാന്‍ പിടിക്കുന്ന ഹിരണ്‍ വേണുഗോപാലന്‍, ഓറിയോണ്‍ ചമ്പാടിയില്‍ എന്നിവര്‍ പറഞ്ഞു. കൊച്ചി ബിനാലെയിലും മല്‍വെയര്‍ സാന്നിദ്ധ്യം ഉറപ്പിക്കുന്നുണ്ട്. മലയാളം ഡയലോഗുകള്‍ പ്രിന്റ് ചെയ്ത ഗ്രീറ്റിങ്ങ് കാര്‍ഡ്, ലുങ്കി, മഗ് തുടങ്ങിയവയില്‍ കൂടി പരീക്ഷണം നടത്താന്‍ മല്‍വെയര്‍ സംഘം തീരുമാനിച്ചിട്ടുണ്ട്. മേളയിലെ മല്‍വെയര്‍ ടീഷര്‍ട്ടിന്റെ വില 400 രൂപയാണ്. ടീഷര്‍ട്ടിന് ആവശ്യക്കാരുള്ള പക്ഷം നിര്‍മാണം വ്യാപിപ്പിക്കുമെന്നും ഹിരണ്‍ പറഞ്ഞു. 'കാലിയോഗ്രഫി, വിവിധതരം ഗ്രാഫിക്കല്‍ റെപ്രസെന്റേഷനുകള്‍' തുടങ്ങിയവയിലാണ് മല്‍വെയര്‍ ടീമിന്റെ സ്‌പെഷ്യലൈസേഷന്‍.