വിഭ്രാന്തിയുടെ അഭ്രക്കാഴ്ചകള്‍

ആര്‍. ആതിര Posted on: 18 Dec 2014

സിനിമ കാണുന്നതിന്റെ പിന്നിലെ മനശ്ശാസ്ത്രമെന്താണ്? സിനിമ കാണുമ്പോള്‍ നമ്മുടെ തലച്ചോറിലുണ്ടാകുന്ന മാറ്റമെന്താണ്? മാനസിക രോഗം പ്രമേയമാക്കിയ സിനിമകള്‍ക്ക് പിന്നിലെ ശാസ്ത്രീയ വിശദീകരണമെന്താണ്?

ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയാണ് ഒരു വിഭാഗം മനശ്ശാസ്ത്രജ്ഞര്‍. രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി ഇവര്‍ ഒരുക്കിയ പവലിയനില്‍ ചെന്നാല്‍ നമ്മള്‍ കണ്ട വിഖ്യാത മനശ്ശാസ്ത്ര സിനിമകള്‍ക്ക് പിന്നിലെ ശാസ്ത്രീയത മനസിലാക്കാം. വിഖ്യാത സംവിധായകന്‍ ഹിച്ച്‌ഹോക്കിന്റെ 'സൈക്കോ' എന്ന സിനിമ വിശദീകരിക്കുന്ന സൈക്കോസിസ് എന്ന രോഗാവസ്ഥയെ കുറിച്ചുള്ള വിശദീകരണം ഇവിടെയുണ്ട്. 'അവതാര്‍' എന്ന സിനിമയുടെ ട്രെയിലര്‍ കാണുമ്പോള്‍ നമ്മുടെ തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളെ കമ്പ്യൂട്ടര്‍ ചിത്രങ്ങളിലൂടെ വിശദീകരിക്കുന്നു ഇവിടെ.

സിനിമയുടെ തലങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന പ്രേക്ഷക മനസിന്റെ ചലനങ്ങളും ചിത്രത്തിലെ പ്രമേയത്തിന്റെ കാരണങ്ങളും വിവരിക്കുകയാണ് മള്‍ട്ടിമീഡിയ എക്‌സ്‌പോ. കൈരളി തിയേറ്ററിന് സമീപത്തായി ക്രമീകരിച്ചിരുന്ന പവലിയനിലാണ് എക്‌സ്‌പോ. പല തരത്തിലുള്ള മാനസിക വിഭ്രാന്തി പ്രമേയമാക്കി ചിത്രീകരിച്ച 1945 മുതല്‍ ഇതുവരെയുള്ള 44 ചിത്രങ്ങളിലെ സീനുകള്‍ ഇവിടെ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഈ സീനുകള്‍ കാണുമ്പോള്‍ പ്രേക്ഷകന് തോന്നുന്ന മാനസിക വികാരങ്ങളുടെ കാരണങ്ങളും അവ തലച്ചോറിലുണ്ടാക്കുന്ന വ്യതിയാനങ്ങളുടെ വിവരണങ്ങളും ഇവിടെ കാണാം.

മദ്യപാനം, മാനസിക വളര്‍ച്ചക്കുറവ്, വിഭ്രാന്തി തുടങ്ങി നമുക്ക് അറിയാവുന്നതും അല്ലാത്തതുമായി നിരവധി പ്രമേയങ്ങളെയാണ് അഭ്രപാളികളിലൂടെ പ്രേക്ഷകന് മുന്നിലെത്തുന്നത്. ഇവയുടെ പിന്നാമ്പുറങ്ങളിലേക്ക് എത്തുകയാണ് മള്‍ട്ടിമീഡിയ എക്‌സ്‌പോ.

ഇപ്പോള്‍ ഇറങ്ങുന്ന മിക്ക ചിത്രങ്ങളിലും ഏതെങ്കിലും തരത്തിലുള്ള വിഭ്രാന്തി പ്രമേയമാക്കുന്നുണ്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികരോഗ വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ജയപ്രകാശ് കെ.പി പറഞ്ഞു. സിനിമയെ കല എന്നതിനപ്പുറം ഗൗരവമുള്ളതായി കാണുന്നുണ്ട്. അതിനാലാണ് പ്രേക്ഷകന്റെ മാനസിക തലങ്ങളിലേക്ക് കടന്നുചെല്ലാന്‍ കഴിയുന്ന തരത്തിലുള്ള സിനിമകളെടുക്കാന്‍ ആളുകള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മലയാള ചിത്രങ്ങളായ തനിയാവര്‍ത്തനം, ഭൂതക്കണ്ണാടി, ആദാമിന്റെ വാരിയെല്ല്, അനന്തരം, സ്വപ്നാടനം എന്നിവയിലെ രംഗങ്ങളും സൈക്കോ, ഷിപ്പ് ഓഫ് തിസ്യൂസ്, ലോസ്റ്റ് വീക്കന്‍ഡ് തുടങ്ങിയ ചിത്രങ്ങളിലെ രംഗങ്ങളുമാണ് ഇവിടെ പ്രേക്ഷകര്‍ക്കായി ഒരുക്കിയിട്ടുള്ളത്. മൊബൈല്‍, ലാപ്‌ടോപ് എന്നിവയില്‍ ഈ രംഗങ്ങള്‍ കാണുന്നതിനായി സൗജന്യ വൈഫൈ സംവിധാനം ഒരുക്കിയിട്ടുണ്ട്. ചിത്രത്തിന് നല്‍കിയിരിക്കുന്ന കോഡ് സ്‌കാന്‍ ചെയ്താല്‍ അവ മൊബൈലിലും മറ്റും കാണാന്‍ കഴിയും. ഇന്ത്യന്‍ സൈക്യാട്രിക് സൊസൈറ്റിയുടെ കേരള ഘടകമാണ് എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്.



1
more videos

 

iffk gallery

 

ga