തുര്‍ക്കിയുടെ ചലച്ചിത്രലോകം വിശാലമാണ്. അതുകൊണ്ടു കൂടി തുര്‍ക്കിക്ക് വലിയൊരു സിനിമാ പാരമ്പര്യം അവകാശപ്പെടാനുമാകും. തുര്‍ക്കി സിനിമ നൂറാം വാര്‍ഷികം ആഘോഷിക്കുകയാണിപ്പോള്‍. രാജ്യാന്തര ചലച്ചിത്രമേളയില്‍ കണ്‍ട്രി ഇന്‍ ഫോക്കസ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നത് എട്ട് തുര്‍ക്കി ചിത്രങ്ങളാണ്. ഗോള്‍ഡന്‍ പാം പുരസ്‌കാരമുള്‍പ്പെടെയുള്ള നിരവധി അംഗീകാരങ്ങള്‍ തുര്‍ക്കി സിനിമകള്‍ക്ക് ലഭിച്ചത് ലോകത്തിനു മുന്നില്‍ തുര്‍ക്കി സിനിമകള്‍ക്കുള്ള സ്വീകാര്യത കൂട്ടുന്നു. ഇതിനകം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞ 'പണ്ടോറാസ് ബോക്‌സ്', 'സിവാസ്', 'നൈറ്റ് ഓഫ് സൈലന്‍സ്', 'യോസ്ഗാട്ട് ബ്ലൂസ്' തുടങ്ങിയ സിനിമകള്‍ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി.
തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ വനിതാ സംവിധായിക യാസിം ഉസ്‌തോഗ്ലു സംവിധാനം ചെയ്ത സിനിമയാണ് 'പണ്ടോറാസ് ബോക്‌സ്'. അകന്നു കഴിഞ്ഞിരുന്ന മൂന്ന് സഹോദരങ്ങള്‍ക്ക് അമ്മയെ കാണാതാകുന്നതോടെ ഒന്നിച്ചു കൂടേണ്ടി വരുന്ന കഥയാണ് 'പണ്ടോറാസ് ബോക്‌സ്' പറയുന്നത്. ഇസ്താംബൂളില്‍ വേറിട്ട ജീവിതം നയിച്ചുവരികയായിരുന്നു രണ്ടു സഹോദരിമാരും ഒരു സഹോദരനും. അമ്മയെ കാണാനില്ലെന്ന വാര്‍ത്ത അവരെ ബ്ലാക്ക് സീ മലനിരകളിലെത്തിക്കുന്നു. ഗ്രീക്ക് പുരാണത്തിലെ പണ്ടോറയുടെ പെട്ടി തുറന്നതുപോലെ പരിഹരിക്കപ്പെടാത്ത പ്രശ്‌നങ്ങളെല്ലാം അവര്‍ക്ക് ചുറ്റും കൂടുന്നു. പല ചലച്ചിത്രമേളകളിലും ജനശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമാണിത്.
മെഹ്മത് എറില്‍മസ് സംവിധാനം ചെയ്ത ചിത്രമാണ് 'എ ഫയര്‍ ഗ്രൗണ്ട് അട്രാക്ഷന്‍'. ചന്തമൈതാനത്തിനടുത്ത് ജോലി ചെയ്യുന്ന ജമാലെന്ന സാധാരണക്കാരന്റെയും മൈതാനത്തിലെ കൂടാരങ്ങളില്‍ അലഞ്ഞ് പാട്ടുപാടുന്ന നെഴ്‌സന്‍ എന്ന പാട്ടുകാരിയുടെയും പ്രണയകഥയാണ് ഈ സിനിമയിലൂടെ പറയുന്നത്. ദുരിതപൂര്‍ണവും വേദനാജനകവുമായ ഇവരുടെ ജീവിതത്തെ ബാധിക്കുന്ന സാമ്പത്തിക വ്യവസ്ഥയുടെ തകര്‍ച്ചയെയും സിനിമ നേരിട്ടല്ലാതെ പ്രമേയമാക്കുന്നുണ്ട്. ഒരു ആധുനിക നാടോടിക്കഥ പോലെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം നാടന്‍ പദാവലി കൊണ്ടും ദൃശ്യങ്ങള്‍ കൊണ്ടും സമൃദ്ധമാണ്.
അച്ഛന്റെ കിരാതമായ ഏകാധിപത്യത്തിനെതിരെ കലഹിച്ചുകൊണ്ടിരിക്കുന്ന ഒരു മധ്യവര്‍ഗ യുവാവിന്റെ കഥയാണ് 'മെജോരിറ്റി'. അയാള്‍ തുര്‍ക്കിയിലെ ന്യൂനപക്ഷ ഗോത്രത്തില്‍പ്പെട്ട യുവതിയെ പ്രണയിക്കുന്നു. വിവിധ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന മെര്‍ത്കാന്റെ എന്ന
ഇരുപത്തൊന്നുകാ രന് അച്ഛന്‍ ആഗ്രഹിക്കുന്നതുപോലെ ജീവിക്കാനായി ഭൂരിപക്ഷത്തിന്റെ സാമൂഹിക മൂല്യങ്ങള്‍ക്കു മുന്നില്‍ തലകുനിക്കേണ്ടി വരുന്നു. സെരന്‍ യോസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'മെജോരിറ്റി'.
റെയ്‌സ് ക്ലിക്ക് തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് 'നൈറ്റ് ഓഫ് സൈലന്‍സ്'. പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വധുവിനൊ വരനൊ അവസരമില്ലാത്ത ഒരു സാമ്പ്രദായിക ടര്‍ക്കിഷ് വിവാഹമാണ് 'നൈറ്റ് ഓഫ് സൈലന്‍സി'ന്റെ ഇതിവൃത്തം. ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ ക്രിസ്റ്റല്‍ ബെയര്‍ അവാര്‍ഡും 'നൈറ്റ് ഓഫ് സൈലന്‍സി' ന് ലഭിച്ചിരുന്നു.
തുര്‍ക്കി, ഫ്രാന്‍സ്, ജര്‍മനി എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭത്തില്‍ തെയ്ഫന്‍ പിര്‍സലിമോഗ്ലു സംവിധാനം ചെയ്ത ചിത്രമാണ് 'ഐ ആം നോട്ട് ഹിം'. റസ്റ്റോറന്റ് ക്ലീനറായി ജോലി ചെയ്യുന്ന നിഹാത് എന്ന അവിവാഹിത യുവാവിന്റെ കഥയാണ് ഈ സിനിമയിലുടെ പറയുന്നത്. സുഹൃത്തുക്കളോടൊത്തും ഒരു ലൈംഗികത്തൊഴിലാളിക്കൊപ്പവും നിഹാത് സ്ഥിരമായി നടത്തുന്ന യാത്രകളാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. റസ്റ്റോറന്റില്‍ പുതുതായി ജോലിക്കെത്തുന്ന അയ്‌സെയുടെ വീട്ടില്‍ രാത്രി ഭക്ഷണത്തിനായി നിഹാത് എത്തുമ്പോള്‍ അവരുടെ ഭര്‍ത്താവിന്റെ രൂപവുമായി തനിക്ക് അസാധാരണമായ സാദൃശ്യമുണ്ടെന്ന് അയാള്‍ മനസിലാക്കുന്നു. കുറ്റവാളിയായ അപരന്റെ വ്യക്തിത്വവും രൂപവും നിഹാത് സ്വീകരിക്കുന്ന ഘട്ടത്തില്‍ നാടകീയമായ രംഗങ്ങള്‍ അരങ്ങേറുകയാണ്.
'യോസ്ഗാട്ട് ബ്ലൂസ്' എന്ന ചിത്രം പറയുന്നത് യാവൂസ് എന്ന പ്രശസ്ത പാട്ടുകാരന്റെ ജീവിതമാണ്. ഭാര്യയുടെ മരണത്തോടെ ഏകാന്തതയിലാകുന്ന യാവൂസിന്റെ ജീവിതത്തിലേക്കു കടന്നുവരുന്ന അതിഥികളിലൂടെ സിനിമ പുരോഗമിക്കുന്നു. തുര്‍ക്കി, ജര്‍മനി എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ മഹ്മത് ഫൈസല്‍ കോസ്‌കം ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.
ന്യൂനപക്ഷ സമൂഹം തങ്ങളുടെ നിലനില്പിനായി നടത്തുന്ന പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഹുസൈന്‍ കറാബെ സംവിധാനം ചെയ്ത 'കം ടു മൈ വോയ്‌സ്'. കിഴക്കന്‍ തുര്‍ക്കിയിലെ കുര്‍ദിഷ് മലയോരഗ്രാമത്തിലെ ബര്‍ഫി എന്ന വൃദ്ധയും ചെറുമകള്‍ ജിയാനുമാണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങള്‍.
ബര്‍ഫിയുടെ മകനും ജിയാന്റെ അച്ഛനുമായ ടെമോയെ പ്രാദേശിക സായുധസേന അറസ്റ്റ് ചെയ്യുന്നതോടെ ഇവരുടെ ജീവിതം കുഴഞ്ഞുമറിയുന്നു. തങ്ങളുടെ പ്രിയപ്പെട്ട ടെമോയെ വിട്ടു കിട്ടുന്നതിനായി തോക്ക് അന്വേഷിച്ചുള്ള യാത്ര അവര്‍ തുടങ്ങുകയാണ്.
'സിവാസ്' എന്ന സിനിമയാണ് തുര്‍ക്കി സിനിമാ പാക്കേജിലുള്‍പ്പെടുന്ന മറ്റൊരു ചിത്രം.
ടര്‍ക്കിഷ് സംവിധായകന്‍ കാന്‍ മുജ്‌ദെസിയുടെ ആദ്യ സിനിമയായ 'സിവാസി'ന്റെ മുഖ്യ ആകര്‍ഷണം ദൊഗാന്‍ ഇസ്ചി എന്ന ബാലനടന്റെ ഉജ്ജ്വല പ്രകടനമാണ്. മാതാപിതാക്കള്‍ ഉപേക്ഷിച്ച 11 വയസുകാരനാണ് അസ്‌ലന്‍. അസ്‌ലന്റെയും അവന്‍ രക്ഷിച്ച പോര്‍നായയുെടയും കഥയാണ് സിനിമ പറയുന്നത്.