മേളയിലെ മികച്ച സിനിമകള്‍ക്ക് വന്‍തിരക്കനുഭവപ്പെടുമ്പോള്‍ തിയേറ്ററുകളില്‍ സ്വാധീനം ചെലുത്തി സീറ്റുകള്‍ കൈയടക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ബഹളത്തിലേക്കാണ് ഈ പ്രശ്‌നം കലാശിച്ചത്. വന്‍തിരക്കുമൂലം മണിക്കൂറുകളോളം ക്യൂ നിന്നാണ് പലര്‍ക്കും തിയേറ്ററിനുള്ളിലേയ്ക്ക് കടക്കാനായത്.
ചൊവ്വാഴ്ച ശ്രീ തിയേറ്ററിലാണ് ഏറെ ബഹളമുണ്ടായത്. ലോകസിനിമാ വിഭാഗത്തില്‍ മൊഹ്‌സന്‍ മക്മല്‍ബഫ് സംവിധാനം ചെയ്ത 'ദ പ്രസിഡന്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുമ്പാണ് വന്‍തിരക്കനുഭവപ്പെട്ടത്.
മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ കൈരളി തിയേറ്ററിന്റെ പ്രധാനഗേറ്റും കടന്ന് ക്യൂ നീണ്ടു. വന്‍തിരക്കാണ് സിനിമയ്ക്ക് അനുഭവപ്പെട്ടത്.
എന്നാല്‍ ഡെലിഗേറ്റുകള്‍ ക്യൂവില്‍ നില്‍ക്കുമ്പോള്‍ തന്നെ ഒഫീഷ്യലുകള്‍ വളന്റിയര്‍മാരെ സ്വാധീനിച്ച് തിയേറ്ററില്‍ സീറ്റ് പിടിച്ചു. മേളയില്‍ 200ലേറെ ഒഫീഷ്യലുകളും സംഘാടനത്തിനായി ഇതിലേറെ ആളുകളുമുണ്ട്. ഇതില്‍ കുറേയേറെപ്പേര്‍ തിയേറ്ററില്‍ കയറിയിരുന്നു. ഇതിനുപുറമെ സിനിമാപ്രവര്‍ത്തകരും നേരത്തേ കയറി.
ക്യൂ നിന്നവര്‍ തിയേറ്ററില്‍ കയറുമ്പോള്‍ പകുതിയിലേറെ സീറ്റുകളിലും ആളുകളുണ്ടായിരുന്നു. ഇതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. ക്യൂവില്‍ നിന്ന പകുതിപ്പേര്‍ക്ക് പോലും സിനിമാഹാളില്‍ പ്രവേശിക്കാനായില്ല. ഇതോടെ ബഹളമായി. ചില സിനിമാപ്രവര്‍ത്തകര്‍ക്ക് നേരെ കൂവി പ്രതിഷേധിക്കുകയും ചെയ്തു.
സംഘര്‍ഷമായതോടെ സിറ്റി പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘം കൈരളി തിയേറ്ററിലെത്തി. തിങ്കളാഴ്ച രാത്രിയിലും ഈ സിനിമയുടെ പ്രദര്‍ശനമുണ്ടായിരുന്നു. അതിനും ഇതേ അവസ്ഥ തന്നെയായിരുന്നു. സംഘര്‍ഷം കൈവിടുമെന്ന സ്ഥിതിയായതോടെ പോലീസെത്തി പ്രശ്‌നം തീര്‍ക്കുകയായിരുന്നു.
തിയേറ്ററില്‍ പ്രദര്‍ശനം തുടങ്ങും മുമ്പ് ഒഫീഷ്യലുകളെന്ന പേരില്‍ മുന്‍കൂട്ടി കയറി സീറ്റ് പിടിക്കുകയാണെന്ന ആക്ഷേപം വ്യാപകമാകുകയാണ്. തിയേറ്ററുകളിലെല്ലാം വന്‍തിരക്കാണനുഭവപ്പെടുന്നത്. സിനിമകള്‍ക്ക് മുമ്പ് തിയേറ്ററുകളില്‍ വന്‍ ക്യൂ ആണ് രൂപപ്പെടുന്നത്.
തിേയറ്ററുകളില്‍ വാതില്‍കടന്ന് പുറത്തേക്ക് തിരക്ക് എത്തുന്ന സ്ഥിതിയാണ്. മികച്ച സിനിമകള്‍ ആണെന്ന റിപ്പോര്‍ട്ടുകളുള്ളവയ്ക്ക് വന്‍ തിരക്കാണനുഭവപ്പെടുന്നത്.
അതേസമയം തിരക്ക് കൂടുതലുള്ള കൈരളി തിയേറ്ററിന് സമീപമുള്ള ക്യാന്റീനില്‍ ഭക്ഷണസാധനങ്ങള്‍ക്ക് വില കൂട്ടിയതായി ഡെലിഗേറ്റുകള്‍ പരാതിപ്പെടുന്നു. തിരക്ക് കൂടിയതോടെയാണ് രണ്ട് ദിവസത്തിനുള്ളില്‍ വില കൂട്ടിയത്. ചായയ്ക്ക് എട്ട് രൂപ ഈടാക്കിയിരുന്നിടത്ത് ഇപ്പോള്‍ പത്തായി.