പ്രസിഡന്റും ഊങ്കയും മനം കവര്‍ന്നു

തിരുവനന്തപുരം: സ്വേച്ഛാധിപത്യത്തിന്റെയും ജനകീയ വിചാരണയുടെയും കഥ പറഞ്ഞ് 'ദി പ്രസിഡന്‍റ്'. ആദിവാസിമേഖലയിലെ ചൂഷണവും നക്‌സലിസത്തെ സൗന്ദര്യവത്കരിക്കുകയും ചെയ്തുകൊണ്ട് 'ഊങ്ക'.
ബാല്യം മുതല്‍ യൗവനം വരെയുള്ള ജീവിതഘട്ടത്തിന്റെ സുന്ദരമായ ആഖ്യാനവും ചൈനയുടെ സാംസ്‌ക്കാരികതലങ്ങളിലേക്കുള്ള സഞ്ചാരവും സാധ്യമാക്കി 'നേഴ'. പ്രേക്ഷക മനസ്സ് കവര്‍ന്ന മികച്ച സിനിമകളാണ് കഴിഞ്ഞ ദിവസം മേളയില്‍ പ്രദര്‍ശിപ്പിച്ചത്.
ലോകരാഷ്ട്രീയത്തിന്റെ ഏറ്റവും മികച്ച പരിച്ഛേദമാണ് മക്മല്‍ബഫിന്റെ ദി പ്രസിഡന്റ് എന്ന സിനിമ. രാഷ്ട്രീയ അട്ടിമറിയിലൂടെ ഭരണം നഷ്ടപ്പെട്ട സ്വേച്ഛാധിപതി പലായനത്തിനിടയില്‍ ജനങ്ങളെ അഭിമുഖീകരിക്കേണ്ട സ്ഥിതിയെയാണ് ദി പ്രസിഡന്റ് എന്ന സിനിമ പറയുന്നത്. ഉജ്ജ്വലമായ രാഷ്ട്രീയ സിനിമയായി വ്യാഖ്യാനിക്കപ്പെട്ട ഈ സിനിമയ്ക്ക് വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
ചൂഷണത്തിനിരയാകുന്ന ആദിവാസി ജീവിതങ്ങളെ പരാമര്‍ശിക്കുന്ന ഊങ്ക തീവ്രരാഷ്ട്രീയത്തിന്റെ വീക്ഷണകോണുകളാണ് അവതരിപ്പിക്കുന്നത്. രക്തപങ്കിലമായ നക്‌സലിസത്തിന്റെ ആവിഷ്‌ക്കാരത്തെക്കാള്‍ സൗന്ദര്യവത്കരിക്കപ്പെട്ട തീവ്രരാഷ്ട്രീയത്തെയാണ് ഈ ഇന്ത്യന്‍ സിനിമ മുന്നോട്ടുെവയ്ക്കുന്നത്. ദേവാശിഷ് മഖീജ സംവിധാനം ചെയ്ത ഈ സിനിമ ഒറീസയിലെ ആദിവാസി ഗ്രാമത്തില്‍ വേരാഴ്ത്തുന്ന തീവ്രരാഷ്ട്രീയത്തിന്റെ കാര്യകാരണങ്ങള്‍ ചികയുകയാണ്.
ചൈനീസ് പുരാണവും രാഷ്ട്രീയവും ഇടകലര്‍ത്തി ആധുനിക ജീവിത പരിസരമൊരുക്കുന്ന നേഴ എന്ന ചിത്രം മുന്നോട്ട് െവയ്ക്കുന്ന ആഴവും പരപ്പും ഏറെയാണ്. രണ്ടു പെണ്‍കുട്ടികളുടെ കുട്ടിക്കാലം മുതല്‍ യൗവനം വരെയുള്ള ജീവിതകാലഘട്ടത്തിലൂടെയാണ് സിനിമ വിവിധ കാലങ്ങളിലൂടെ സഞ്ചരിക്കുന്നത്.
വ്യവസായവത്കരിക്കപ്പെട്ട സമൂഹത്തില്‍ ഒറ്റപ്പെടുന്ന മനുഷ്യന്റെ കഥ പറഞ്ഞ് 'ദി മാന്‍ ഓഫ് ക്രൗഡ്' എന്ന ബ്രസീലിയന്‍ സിനിമ മികച്ച അഭിപ്രായം നേടി. മത്സരവിഭാഗത്തിലും മലയാളം സിനിമ എന്ന വിഭാഗത്തിലുമായി ആറ് മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. എഴുത്തുകാരന്‍ സഞ്ജയന്റെ ജീവിതത്തിലെ അവസാനഘട്ടത്തിന്റെ ദൃശ്യാവിഷ്‌ക്കാരമായി 'വിദൂഷകന്‍'. പ്രകാശ് ബാരെയും മീനകന്തസ്വാമിയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച 'ഒരാള്‍പൊക്കവും' നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്.