'ആയിരം പൂര്‍ണചന്ദ്രനെ കണ്ട മലയാളം സിനിമ' ഫോട്ടോകളില്‍

Posted on: 16 Dec 2014


എണ്‍പത്തിനാലു വയസ്സു പൂര്‍ത്തിയാകുമ്പോഴാണ് മനുഷ്യരെ ആയിരം പൂര്‍ണചന്ദ്രനെ കണ്ടവരായി അടയാളപ്പെടുത്തുക. മലയാള സിനിമ ആ അര്‍ഥത്തില്‍ ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ടിരിക്കുകയാണ്. 'ആയിരം പൂര്‍ണചന്ദ്രനെ കണ്ട മലയാളം സിനിമ' എന്ന പേരിലുള്ള സാബു പ്രവദാസിന്റെ ഫോട്ടോ പ്രദര്‍ശനം മലയാള സിനിമാചരിത്രത്തെ രേഖപ്പെടുത്തുന്നു. രാജ്യാന്തര ചലച്ചിത്രമേളയോടനുബന്ധിച്ച് കനകക്കുന്ന് കൊട്ടാരത്തില്‍ നടക്കുന്ന ഫോട്ടോ പ്രദര്‍ശനം കാണികളുടെ പങ്കാളിത്തം കാരണം 'ഹൗസ്ഫുള്ളാ'ണ്. കാഴ്ചയുടെ കലയായ സിനിമയുടെ കാഴ്ചയായിത്തീരുന്നുണ്ട് ഈ പ്രദര്‍ശനം.
മലയാളത്തിലെ ആദ്യചിത്രമായ വിഗതകുമാരന്‍, രണ്ടാമത്തെ ചിത്രമായ മാര്‍ത്താണ്ഡവര്‍മ്മ, മൂന്നാമത്തേയും ആദ്യത്തെ ശബ്ദചിത്രവുമായ ബാലന്‍, ആദ്യത്തെ തിരക്കഥാകൃത്ത് മുതുകുളം രാഘവന്‍പിള്ള, സംവിധായകന്‍ നൊട്ടാണി, ടി.ആര്‍. സുന്ദരം, ആദ്യ പിന്നണി ഗായിക നിര്‍മല, ആദ്യ വര്‍ണചിത്രം കണ്ടം ബച്ച കോട്ട്, ആദ്യ ഓര്‍വോ കളര്‍ചിത്രം കള്ളിച്ചെല്ലമ്മ, ആദ്യ സിനിമാസ്‌കോപ്പ് ചിത്രം തച്ചോളി അമ്പു, മലയാളത്തിലെ ആദ്യ 70ൗൗ ചിത്രം പടയോട്ടം, ആദ്യ ത്രീഡി ചിത്രം മൈ ഡിയര്‍ കുട്ടിച്ചാത്തന്‍, ആദ്യ ഡിജിറ്റല്‍ ചിത്രം മൂന്നാമതൊരാള്‍ തുടങ്ങിയവയുടെ വിവരങ്ങളും ചിത്രങ്ങളുമാണ് പ്രദര്‍ശനത്തിന്റെ ആദ്യ ഭാഗത്തിലുള്ളത്. സിനിമാ സ്റ്റുഡിയോകളായ ട്രാവന്‍കൂര്‍ നാഷണല്‍ പിക്‌ചേഴ്‌സ്, ഉദയാ, മെരിലാന്‍ഡ്, ചിത്രാഞ്ജലി തുടങ്ങി മലയാള സിനിമയുമായി ബന്ധപ്പെട്ട സ്റ്റുഡിയോകളുടെ ചരിത്രം, കേരള ചലച്ചിത്ര അക്കാദമി ഫിലിം ഫെസ്റ്റിവല്‍, അക്കാദമി സെമിനാറുകള്‍, പ്രസിദ്ധീകരണങ്ങള്‍, ചലച്ചിത്രാസ്വാദന കോഴ്‌സുകള്‍ തുടങ്ങിയവ സംബന്ധിച്ച ഫോട്ടോകളും ഇവിടുണ്ട്.
മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തുന്ന നിര്‍ണായക നിമിഷങ്ങളുടേയും വ്യക്തികളുടേയും ഫോട്ടോകള്‍ ഉള്‍പ്പെടുന്ന ഈ പ്രദര്‍ശനത്തെ മലയാള സിനിമയുടെ ആത്മകഥയെന്നോ ജീവചരിത്രമെന്നോ പറയാം. വിസ്മൃതിയിലാണ്ട ചലച്ചിത്ര പ്രദര്‍ശനശാലകളേയും പ്രദര്‍ശനം ഓര്‍മപ്പെടുത്തുന്നു. 1969 മുതലുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിന് അര്‍ഹമായ സിനിമകള്‍, ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ച നീലക്കുയിലില്‍ തുടങ്ങി ഇതുവരെ മലയാള സിനിമ നേടിയെടുത്ത അംഗീകാരങ്ങള്‍, സാഹിത്യ പുരസ്‌കാരങ്ങളായ ജ്ഞാനപീഠം, മൂര്‍ത്തീദേവീ എന്നിവ ലഭിച്ച മലയാള സിനിമയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എഴുത്തുകാര്‍, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍, പദ്മശ്രീ തുടങ്ങിയവയും ദേശീയ പുരസ്‌കാര നേട്ടങ്ങളില്‍ റെക്കോര്‍ഡിട്ടവരുമായ മലയാള സിനിമാ അഭിനേതാക്കള്‍, മലയാള സിനിമാ ചരിത്രവഴികളില്‍ അനശ്വര ഓര്‍മയായ സത്യന്‍ മുതലുള്ളവരുടെ മുഖച്ചിത്രങ്ങള്‍, ഉദിച്ചുയരുന്ന പുതിയ താരങ്ങള്‍, ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ലഭിച്ചവര്‍, മലയാളി അഭിനേതാക്കള്‍ നേടിയ രാജ്യാന്തര ചലച്ചിത്ര പുരസ്‌കാരങ്ങള്‍ എന്നിങ്ങനെ സിനിമയുടെ സര്‍വമേഖലയെയും സ്പര്‍ശിക്കുന്ന വിഭവങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്.



1
more videos

 

iffk gallery

 

ga