
സ്നേഹം തേടിയുള്ള അന്വേഷണവും യാത്രയും, അവിശുദ്ധവും തീവ്രവുമായ ബന്ധങ്ങള്‍, വ്യക്തിയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം, വിശ്വാസം, സ്വാതന്ത്ര്യം, സ്ഥാപനവത്കരിക്കപ്പെട്ട അഴിമതി, പ്രച്ഛന്നമായി മുന്നേറുന്ന ദേശീയത.
സമകാലിക ലോകസിനിമയുടെ പരിച്ഛേദങ്ങളെ ഇങ്ങനെ വിവക്ഷിച്ചുകൊണ്ട് ഇവയുടെ തീവ്രകാഴ്ചകളെ നാം അനുഭവിക്കുകയാണ് പത്തൊമ്പതാമത് രാജ്യാന്തരചലച്ചിത്രമേളയിലൂടെ.
ഈ വിഷയങ്ങളുടെ തീവ്രതയെ ഏറിയും കുറഞ്ഞും, ചേരുവകളുടെ സമ്മിശ്രണത്തിലൂടെ വേറിട്ട അനുഭവങ്ങളാക്കുന്ന നിരവധി ചിത്രങ്ങള്‍. ഫ്രെയിമുകള്‍ കൃത്രിമമായിരിക്കണമെന്നും അങ്ങനെയാകരുതെന്നുമുള്ള തര്‍ക്ക വിതര്‍ക്കങ്ങള്‍ മറുഭാഗത്ത്. ദൃശ്യപ്പൊലിമയും സമ്പന്നതയും വേണമെന്നും അതല്ല, അത്തരം പൊലിപ്പുകള്‍ അരുതെന്നുമുള്ള വ്യത്യസ്ത സ്‌കൂളുകള്‍. രൂപത്തിനാണോ ഭാവത്തിനാണോ പ്രാമുഖ്യം കൊടുക്കേണ്ടതെന്ന ചിരപുരാതനമായ വാഗ്വാദങ്ങള്‍. ഇങ്ങനെയുള്ള വൈജാത്യങ്ങളെ നല്ല സിനിമ എന്ന ഒറ്റ വിവക്ഷയില്‍ സമ്മേളിപ്പിക്കുകയാണ് ചലച്ചിത്രമേളയിലൂടെ.
ഈ മേള മുന്നോട്ട് െവയ്ക്കുന്ന രാഷ്ട്രീയത്തിനും ആശയങ്ങള്‍ക്കും ഒരു ഏകീകൃത സ്വഭാവമില്ല എന്നു തന്നെ പറയാം. സാധാരണയായി ഒരു മേളയില്‍, ഒരു പക്ഷേ കഴിഞ്ഞ മേള വരെ, ഒരു പൊതുസ്വഭാവം അല്ലെങ്കില്‍ തീം മുന്നോട്ട് െവയ്ക്കുന്ന ചിത്രങ്ങളാണുണ്ടായിരുന്നത്. ബോധപൂര്‍വമായിരുന്നില്ലെങ്കില്‍ പോലും ഒരു പക്ഷേ അദൃശ്യമായി ഒരു തീം അല്ലെങ്കില്‍ രാഷ്ട്രീയം മുന്നോട്ട് െവയ്ക്കുന്ന സിനിമകളുടെ ആകെത്തുകയായിരുന്നു കഴിഞ്ഞ മേളകള്‍. കുടിയേറ്റം, അശാന്തി തുടങ്ങിയ സംജ്ഞകളില്‍ നമ്മള്‍ ഈ സിനിമകളുടെ തീമുകളെ കൊണ്ടു തളച്ചിരുന്നു. എന്നാല്‍ ഈ മേള ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ്.
ലോകസിനിമകളുടെ തിരഞ്ഞെടുപ്പുകളില്‍ വ്യക്തമായ രാഷ്ട്രീയമുണ്ട്. അതനുസരിച്ച് തന്നെയാണ് ഈ മേളയിലെയും സിനിമകളുടെ തിരഞ്ഞെടുപ്പ് നടന്നത്.
മൂന്നാംലോക രാജ്യങ്ങളുടെ രാഷ്ട്രീയപരിഗണനകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള ഈ തിരഞ്ഞെടുപ്പിലൂടെയെത്തിയ സിനിമകള്‍ക്ക് പക്ഷേ ഒരു തീം മുന്നോട്ട് െവയ്ക്കാനില്ല. പകരം വ്യത്യസ്തമായ രാഷ്്ട്രീയ സാഹചര്യങ്ങളെയും വേറിട്ട കഥകളെയും തനത് കാഴ്ചകളെയുമാണ് അനുഭവവേദ്യമാക്കുന്നത്.
യാദൃശ്ചികമാകാം അതാണ് ലോകസാഹചര്യവും മുന്നോട്ട് െവയ്ക്കുന്നത്. വ്യത്യസ്തശബ്ദങ്ങള്‍, വേറിട്ട ആഖ്യാനങ്ങള്‍, കലയുടെയും ആവിഷ്‌കാരത്തിന്റെയും അയവുള്ളതും ദൃഢവുമായ ജനാധിപത്യവത്കരണം തുടങ്ങി പല കള്ളികളിലാക്കാവുന്ന സിനിമകള്‍.
സാധാരണ സിനിമയുടെ ചിട്ടവട്ടങ്ങളിലോ കള്ളികളിലോ ഗൊദ്ദാര്‍ദ്ദിന്റെ ചിത്രം ഗുഡ് ബൈ ടു ലാംഗ്വേജിനെ ഉള്‍പ്പെടുത്താനാകില്ല. സിനിമയെന്ന മാധ്യമം എങ്ങോട്ട് പൊയ്ക്കൊണ്ടിരിക്കുന്നു എന്ന നിരന്തരമായ അന്വേഷണമാണ് ഗൊദ്ദാര്‍ദ്ദിന്റെ ഈ ചിത്രവും മുന്നോട്ട് െവയ്ക്കുന്നത്. സിനിമയും യാഥാര്‍ഥ്യവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ എങ്ങനെ തിരിച്ചറിയണം? അതിന്റെ രാഷ്ട്രീയ ഭൂമിക എന്താണ്? ചോദ്യങ്ങള്‍ നിരവധിയാണ്. ഉത്തരം കണ്ടെത്തേണ്ടത് നമ്മളും.
കാലിക പ്രസക്തിയുള്ള ഒട്ടേറെ വിഷയങ്ങള്‍ ലെവിയാതന്‍ മുന്നോട്ട് െവയ്ക്കുന്നു. ഒരു സാധാരണക്കാരന്റെ വീടും സ്ഥലവും കവരാന്‍ ശ്രമിക്കുന്ന, അഴിമതിയില്‍ മുങ്ങിയ രാഷ്ട്രീയനേതൃത്വത്തിന്റെ കഥയിലൂടെ മൂന്നാംലോകത്തിന്റെ മാത്രമല്ല ലോകരാജ്യങ്ങളുടെ തന്നെ പരിഛേദം മുന്നോട്ട് െവയ്ക്കുകയാണ് ഈ റഷ്യന്‍ സിനിമ.
ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ഡിഫ്രെറ്റും സ്റ്റേഷന്‍സ് ഓഫ് ദി ക്രോസും. കൗമാരക്കാരികളായ പെണ്‍കുട്ടികളുടെ കഥയാണ് രണ്ടു സിനിമകളും പറയുന്നത്. ആദ്യത്തേത് എപ്പോള്‍ വേണമെങ്കില്‍ ബലാത്സംഗം ചെയ്യപ്പെടാവുന്ന സാമൂഹിക പരിസരത്ത് ആപത്ശങ്കയോടെ ജീവിക്കുന്ന 14 കാരിയുടേത്. രണ്ടാമത്തേത് മതാധിഷ്ഠിതവും പാപബോധവും പശ്ചാത്താപവും നിറഞ്ഞ ജീവിതപരിസരവും ആധുനികപശ്ചാത്തലവും തമ്മിലുള്ള നിരന്തര സംഘര്‍ഷമാണ്.
അവിശുദ്ധമെന്ന് സമൂഹം വിലയിരുത്തുന്നതും തീവ്രവുമായ മാനുഷികബന്ധങ്ങളുടെ കഥയാണ് ഫീല്‍ഡ് ഓഫ് ഡോഗ്സും ബ്ലൂറൂമും പറയുന്നതെങ്കില്‍ ബത്ലെഹെമും ഒബ്വിയസ് ചൈല്‍ഡുമെല്ലാം തീവ്രരാഷ്ട്രീയ വിഷയങ്ങളെ പൊതിഞ്ഞുെവച്ച് പറയുന്നു. ഇങ്ങനെ വ്യത്യസ്തമായ രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെയാണ് ഈ മേള മുന്നോട്ട് െവയ്ക്കുന്നത്. ലോകത്തിന്റെ വൈജാത്യങ്ങള്‍.