ജൂറികള്‍ക്ക് സീറ്റുണ്ട്; ഏറെയുണ്ട് 'പാമ്പുകള്‍

Posted on: 16 Dec 2014


സത്യം. അപ്പറഞ്ഞതില്‍ കാര്യമില്ലേ. ജൂറികള്‍ക്ക് ഇരുന്നു കാണാന്‍ സീറ്റില്ലെന്ന് വന്നാല്‍. സിനിമയെ വിലയിരുത്താനുള്ളവരല്ലേ. എവിടെയും ഇടിച്ചു കയറുന്നവരേ..നിങ്ങള്‍ മനസ്സിലാക്കിന്‍. ഈ ജൂറികള്‍ എന്നു പറയുന്നവരുണ്ടല്ലോ... അവരത്ര നിസ്സാരരല്ല.

റിസര്‍വേഷന്‍ സമ്പ്രദായം നിര്‍ത്തലാക്കിയിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം തീയേറ്ററുകളിലെ സീറ്റില്‍ ആ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. റിസര്‍വ്ഡ്... എന്നെഴുതിയ ഫലകം ചില സീറ്റുകളില്‍ തൂക്കിയിട്ടിരിക്കുന്നു. തീയേറ്ററിനുള്ളില്‍ നില്‍ക്കുന്ന ഘടാഘടിയന്മാരായ വളന്റീയര്‍മാര്‍ സിനിമ കാണാനെത്തുന്നവരെ വഴി തിരിച്ചുവിടുകയാണ്.

തീയേറ്റര്‍ നിറഞ്ഞു. ലൈറ്റണയുന്നു. പക്ഷേ റിസര്‍വ്ഡ് സീറ്റ് മാത്രം ആര്‍ക്കും വിട്ടുകൊടുക്കുന്നില്ല. അതെന്താ അങ്ങനെ... ആരോ ചോദിച്ചുപോയി. അത് ജൂറികള്‍ക്കുള്ളതാണെന്ന് ഒരു വളന്റീയര്‍ ഘടിയുടെ മൊഴിയെത്തി. ഇതുകേട്ട് ഒരു ഡെലിഗേറ്റന്‍ ചാടിയെണീറ്റ് ചോദിച്ചു. ഇവിടെയെത്ര ജൂറിയുണ്ടെടാ...

അഞ്ചുപേരല്ലേ... പക്ഷേ ഒഴിച്ചിട്ടിരിക്കുന്നത് പിന്‍വശത്തെ രണ്ടുനിര സീറ്റുകള്‍. പിന്നെയൊരു ആരവമാണുയര്‍ന്നത്. സുനാമിയെന്നോ സമരഭൂമിയെന്നോ അങ്ങനെ എന്തുവേണമെങ്കിലും പറയാം. എല്ലാം ശാന്തമായപ്പോള്‍ അവിടെ വളന്റീയര്‍മാരുണ്ടായിരുന്നില്ല.
മറ്റൊരു തീയേറ്ററില്‍ ഇതുപോലെ ജൂറികള്‍ക്കായി കുറേ സീറ്റുകള്‍. സിനിമ തുടങ്ങി കുറേ കഴിഞ്ഞ് ചിലര്‍ തിരിഞ്ഞു നോക്കി. ചൈനീസുകാരന്‍ ജൂറി ചെയര്‍മാന്‍ ഷീ ഫെ അല്ല. ഇവിടത്തെ ഒരു യുവജന നേതാവ്. വേറെ കുറേ നേതാക്കള്‍.

മേള തുടങ്ങിയപ്പോള്‍ തന്നെ പാമ്പുകളുമെത്തിത്തുടങ്ങിയിരുന്നു. സര്‍ഗാത്മകതയില്‍ സ്വയം ഉരുകി പാമ്പായി തീര്‍ന്നവരും മറ്റുള്ളവരുടെ മേക്കിട്ട് കേറുന്ന പാമ്പുകളും സജീവം. കുടിയന്മാര്‍ എന്നിട്ടൊരു അവജ്ഞയോടെ നമ്മള്‍ കാണുന്ന ഈ വിഭാഗം മേളയുടെ വിവിധ കോണുകളിലായി നിലയുറപ്പിച്ചിട്ടുണ്ട്.

ചില പാമ്പുകള്‍ സര്‍ഗാത്മകമായി ഇടപെടുന്നുമുണ്ട്. സ്വന്തം സൃഷ്ടികളെക്കുറിച്ച് സംവിധായകര്‍ നിര്‍ദയം സംസാരിച്ചുകൊണ്ടിരിക്കുന്ന വേള. ടേക്കിങ്‌സ്, ഫ്രെയിംസ്, ഷോട്ട്‌സ്, ആംഗിള്‍ എന്നിങ്ങനെ ചില കട്ടി സംജ്ഞകള്‍. ഇതെല്ലാം കഴിഞ്ഞ് കാണികള്‍ക്ക് ചോദ്യങ്ങള്‍ക്കുള്ള അവസരം. അപ്പോഴതാ ആടിയാടി ഒരു പാമ്പ് പതുക്കെ സീറ്റില്‍ നിന്നെണീറ്റു നിവര്‍ന്നു നിന്നു. ഒരു ഫുള്‍ ചോദ്യമങ്ങോട്ട് മുന്നോട്ട്‌ െവച്ചു. ''സിനിമയെന്നാല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള മാധ്യമമാണ്. നിങ്ങള്‍ക്ക് പറയാനുള്ള ആശയങ്ങള്‍ സിനിമയിലൂടെ കമ്മ്യൂണിക്കേറ്റ് ചെയ്തുകഴിഞ്ഞില്ലേ. പിന്നെന്തിനാണ് വീണ്ടുമത് പറഞ്ഞുകൊണ്ടിരിക്കുന്നത്.''

ചോദ്യം കഴിഞ്ഞ പാടെ നിറഞ്ഞ കൈയടി. കാണികള്‍ക്കുമത് ബോധിച്ചു. പക്ഷേ വളന്റീയര്‍മാര്‍ പാമ്പിനെ തൂക്കി പുറത്തെത്തിച്ചു. നിമിഷനേരം കൊണ്ട് തീയേറ്ററിന് പുറത്തേയ്ക്ക് വലിച്ചെറിയപ്പെട്ട പ്രതിഭ കിട്ടിയ പേപ്പറുകളിലൊക്കെ ചോദ്യങ്ങള്‍ എഴുതി വേദിയിലിരുന്ന സംവിധായകരിലേക്ക്് എത്തിച്ചുകൊണ്ടിരുന്നു. മറുപടി പറയാന്‍ മാത്രം ആരും കൂട്ടാക്കിയില്ലെന്ന് മാത്രം.

കൈരളിയുടെ പടിക്കെട്ടില്‍ സ്ത്രീകളെ കടന്നുപിടിക്കാന്‍ നിന്ന പാമ്പിനെ ആരൊക്കെയോ കൈകാര്യം ചെയ്യാന്‍ പിടിച്ചു. നിറഞ്ഞ കൂപ്പുകൈകളോടെ ക്ഷമാപണം നടത്തിയ ആ ദേഹം പിന്നീട് മറ്റൊരു ഭാഗത്ത് നിലയുറപ്പിച്ചത് ആരും കണ്ടില്ലേ...



1
more videos

 

iffk gallery

 

ga