നിലവാരം കൂട്ടാനെന്ന് അക്കാദമി

മണ്‍മറഞ്ഞ മലയാള ചലച്ചിത്രകാരന്മാരെ ആദരിച്ചുകൊണ്ടുള്ള ഹോമേജ് വിഭാഗത്തിലെ സിനിമകള്‍ക്ക് രാജ്യാന്തര ചലച്ചിത്രമേളയില്‍ വിലക്ക്. മലയാള സിനിമയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയ സംവിധായകരെയും നടന്മാരെയും ആദരിക്കുന്നതിനായി കഴിഞ്ഞമേളകള്‍ വരെ അവരുടെ പ്രധാന സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ ഇക്കുറി ഹോമേജ് സിനിമകള്‍ പൂര്‍ണമായി ഒഴിവാക്കി. പകരം ഹോമേജ് വിഭാഗത്തില്‍ അനുസ്മരണവും ഫോട്ടോപ്രദര്‍ശനവും മാത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
അരവിന്ദന്‍, ഭരതന്‍, പദ്മരാജന്‍ തുടങ്ങി മലയാള സിനിമയ്ക്ക് ഏറെ സംഭാവനകള്‍ നല്‍കിയിരുന്ന സംവിധായകരുടെ സിനിമകള്‍ ഹോമേജ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തി ജനത്തിന് മുന്നിലെത്തിച്ചിരുന്നു. എന്നാല്‍ ഇപ്രാവശ്യം ഈ വിഭാഗത്തില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് തീരുമാനിച്ചത്. ചലച്ചിത്രമേളയില്‍ നിലവാരമുള്ള സിനിമകള്‍ മാത്രം പ്രദര്‍ശിപ്പിക്കുമ്പോള്‍ ഹോമേജ് വിഭാഗത്തില്‍ ആളുകള്‍ കയറാത്ത സ്ഥിതിയുണ്ടാകുമെന്നാണ് ഇതിന് അക്കാദമി നല്‍കുന്ന വിശദീകരണം. ഇപ്പോഴുള്ള 137 സിനിമകളും മികച്ചതാണെന്നും ഇതിന്റെ കൂട്ടത്തില്‍ മലയാളത്തിലെ ഹോമേജ് വിഭാഗം സിനിമകള്‍ ഉള്‍ക്കൊള്ളിക്കുന്നത് ശരിയല്ലെന്നുമാണ് വാദം.
ഇപ്രാവശ്യം ഹോമേജ് വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് അന്തരിച്ച സംവിധായകന്‍ ശശികുമാര്‍ അനുസ്മരണവും ഫോട്ടോപ്രദര്‍ശനവും മാത്രമാണ്. 18 നാണ് പരിപാടി നടത്തുന്നത്.
മേളയുടെ നിലവാരം മാത്രം മുന്‍നിര്‍ത്തിയല്ല ഹോമേജ് വിഭാഗം ഉള്‍പ്പെടുത്തിയിരുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഇതില്‍ നന്ദിപൂര്‍വമുള്ള ആദരം കൂടി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. മാത്രമല്ല കഴിഞ്ഞ മേളകളിലൊന്നും ഒഴിഞ്ഞ സദസ്സിന് മുന്നില്‍ ഹോമേജ് വിഭാഗത്തിലെ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടി വന്നില്ല.
വാണിജ്യസിനിമകള്‍ ഏറെയും സംവിധാനം ചെയ്തിരുന്ന ശശികുമാറിന്റെ സിനിമകള്‍ മേളയില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയില്ലെന്ന് ചിലര്‍ നിര്‍ബന്ധം പിടിച്ചതാണ് ഈ വിഭാഗത്തിലെ സിനിമകള്‍ ഒഴിവാക്കാന്‍ കാരണമെന്നും പറയുന്നുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചലച്ചിത്ര അക്കാദമിയെ പോലുള്ള സ്ഥാപനങ്ങള്‍ മണ്‍മറഞ്ഞ മലയാളം സിനിമാ പ്രവര്‍ത്തകരെ നിന്ദിക്കരുതെന്നാണ് മുന്‍ഭാരവാഹികളുള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം മേളയിലെ സിനിമകളെക്കുറിച്ച് മികച്ച അഭിപ്രായമുയരുന്നുണ്ട്.
നല്ല സിനിമകളുണ്ടെങ്കിലും എല്ലാവര്‍ക്കും കാണാന്‍ കഴിയാത്ത സ്ഥിതിയാണ്. വന്‍തിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതാണ് ഇപ്പോള്‍ മേള നേരിടുന്ന പ്രതിസന്ധി.റിസര്‍വേഷന്‍ ഇല്ലാതായതോടെ തിയേറ്ററുകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതിനുമപ്പുറമാണ്.
അതിഥികളായെത്തുന്നവരും സിനിമാമേഖലയിലുള്ളവരും മേളയില്‍ നിന്ന് ഏറെക്കുറെ വിട്ടുനില്‍ക്കുകയാണ്. തിയേറ്ററില്‍ നിന്ന് കാണേണ്ട അവസ്ഥയുള്ളതിനാലാണിത്.
കഴിഞ്ഞ മേളകളെ അപേക്ഷിച്ച് ഇക്കുറി സീറ്റുകളുടെ എണ്ണം നന്നേ കുറവാണ്. വലിയ തിയേറ്ററുകളെല്ലാം മള്‍ട്ടിപ്ലെക്‌സുകളാക്കി മാറ്റിക്കഴിഞ്ഞു. ഫലത്തില്‍ തിയേറ്ററുകളുടെ എണ്ണം മാത്രമുണ്ട്്.