രാജ്യാന്തര ചലച്ചിത്രമേള
കിം കി ഡുക്ക് ചിത്രത്തിന് വന്‍ തിരക്ക്

തിരുവനന്തപുരം: ഓര്‍മകളില്‍ തങ്ങിനില്‍ക്കുന്ന ഒരുപിടി ചിത്രങ്ങളാണ് രാജ്യാന്തരചലച്ചിത്രമേളയില്‍ തിങ്കളാഴ്ച പ്രദര്‍ശിപ്പിച്ചത്. മരണവും രക്തച്ചൊരിച്ചലും കണ്ണുകളെ പിന്തിരിയാന്‍ പ്രേരിപ്പിക്കുന്ന ദൃശ്യങ്ങളും കൊണ്ട് സമ്പന്നമായ കിം കി ഡുക്കിന്റെ വണ്‍ ഓണ്‍ വണ്‍ നിറഞ്ഞുകവിഞ്ഞ സദസ്സിന് മുമ്പാകെയാണ് പ്രദര്‍ശിപ്പിച്ചത്. സമകാലിക സമൂഹത്തില്‍ ഭരണകൂടവും വ്യക്തിയും തമ്മിലുള്ള ബന്ധവും തകര്‍ച്ചയും വിഷയമാക്കിയ ലെവിയാതനും സിനിമയുടെ ആന്തരിക ഘടനയിലേക്കുള്ള സഞ്ചാരത്തെക്കുറിച്ച ഗുഡ്‌ബൈ ടു ലാംഗ്വേജും അവിസ്മരണീയങ്ങളായി.
വണ്‍ ഓണ്‍ വണ്‍ പ്രദര്‍ശിപ്പിച്ച ന്യൂ തിയേറ്റര്‍ മേളയിലിതുവരെ കാണാത്ത തിരക്കിനാണ് സാക്ഷ്യം വഹിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറരയ്ക്കാണ് പ്രദര്‍ശനം നിശ്ചയിച്ചത്. എന്നാല്‍ നാലുമണിയോടെ തന്നെ ഇവിടെ നിറഞ്ഞു കവിഞ്ഞിരുന്നു. തള്ളിക്കയറ്റത്തിനിടയില്‍ ഏറെപ്പേര്‍ക്ക് തിയേറ്ററിനുള്ളില്‍ കയറാനുമായില്ല.
ഉന്മത്തമായ മനുഷ്യാവസ്ഥയുടെ ക്രൂരമായ പരിേച്ഛദമാണ് ഈ സിനിമയിലൂടെ കിം കി ഡുക്ക് ആവിഷ്‌ക്കരിക്കുന്നത്. ഒരു പെണ്‍കുട്ടിയുടെ കൊലപാതകവും അതിനെ തുടര്‍ന്നുണ്ടാകുന്ന പീഡന പരമ്പരകളുമാണ് അസ്വസ്ഥജനകമായ ദൃശ്യങ്ങളിലൂടെ ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കാഴ്ചയിലും ചിന്തയിലും പീഡാനുഭവങ്ങള്‍ സമ്മാനിക്കുന്നതായി സിനിമ.
ഒരു സാധാരണക്കാരനായ വ്യക്തിയുടെ ഭൂമിയും വീടും തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയകൗശലങ്ങളും അതിജീവനവുമാണ് ലെവിയാതന്‍ എന്ന സിനിമയില്‍ പ്രധാനമായും പറയുന്നത്. മികച്ച ആവിഷ്‌ക്കാരത്തിലൂടെ സമൂഹവും വ്യക്തിയും ഭരണകൂടവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യവ്യാഖ്യാനങ്ങള്‍ ഇത് മുന്നോട്ട് െവയ്ക്കുന്നു. രാജ്യാന്തരതലത്തില്‍ നിരൂപകപ്രശംസ നേടിയ ചിത്രമാണിത്.
സിനിമയ്ക്കുള്ളിലെ സിനിമയും രാഷ്ട്രീയവും തേടിയുള്ള സഞ്ചാരമാണ് ഗുഡ് ബൈ ടു ലാംഗ്വേജ് എന്ന ഗൊദ്ദാര്‍ദ്ദ് ചിത്രം പറയുന്നത്. സിനിമയുടെ പരമ്പരാഗത ഘടനയില്‍ നിന്നും വേറിട്ട സഞ്ചാരമാണ് ഓരോ ഗൊദ്ദാര്‍ദ്ദ് ചിത്രവും പറയുന്നത്. ഈ സിനിമയുടെ ഘടന സങ്കീര്‍ണതയും കഠിനമായ ദൃശ്യഭാഷാ നിര്‍മിതിയും കൊണ്ട് ശ്രദ്ധേയമാണ്.
എം.പി. സുകുമാരന്‍ നായരുടെ ജലാംശം എന്ന ചിത്രം പ്രേക്ഷകപ്രശംസ ഏറെ നേടിയ ചിത്രമാണ്. ശൈലിയിലും നിലവാരത്തിലും വിട്ടുവീഴ്ചയില്ലാതെയുള്ള ആഖ്യാനശൈലിയും കഥാപാത്രങ്ങളുടെ ഉജ്ജ്വലമായ അവതരണവും സിനിമയെ വേറിട്ടുനിര്‍ത്തി. മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലാണ് ഇത് പ്രദര്‍ശിപ്പിച്ചത്.
ഹാസ്യത്തിന്റെ നാനാര്‍ത്ഥങ്ങളവതരിപ്പിച്ചുകൊണ്ടാണ് ബംഗ്ലാദേശ് ചിത്രമായ ആന്റ് സ്റ്റോറിയെത്തിയത്. ചിരിപ്പിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളാണ് സിനിമ നല്‍കുന്നത്.
മുറിവേറ്റ പട്ടിയെ പോരിനായി സജ്ജമാക്കിയെടുക്കുന്ന കുട്ടിയുടെ കഥ പറയുന്ന സിവാസ് എന്ന തുര്‍ക്കി ചിത്രവും പ്രേക്ഷകപ്രശംസ നേടി.
ദി നാരോ ഫ്രെയും ഓഫ് മിഡ്‌നൈറ്റ് എന്ന സിനിമ അയിച്ച എന്ന കുട്ടിയെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് 21-ാം നൂറ്റാണ്ടിലെ ഇടമില്ലായ്മയെ അവതരിപ്പിച്ചു. സിദ്ധാര്‍ത്ഥ് ശിവയുടെ 'സഹീര്‍' എന്ന സിനിമയും പ്രദര്‍ശിപ്പിച്ചു.