ആരുമൊന്ന് വിരളില്ലേ... 'ദി മാട്രിക്‌സ്' പോലെയുള്ള ഏതോ ഹോളിവുഡ് സിനിമയുടെ ഷൂട്ടിങ്ങായിരിക്കും എന്നേ കരുതൂ. ചെവിയില്‍ തിരുകിയ ഒരു കോഡ്. ബെല്‍റ്റില്‍ കൊരുത്ത വയര്‍ലെസ് സെറ്റപ്പ്. ചിലര്‍ക്ക് കൂളിങ് ഗ്ലാസ്സുമുണ്ട്. വാലില്‍ തീ കൊളുത്തിയതുപോലെയുള്ള നടത്തം... ഓട്ടം.
ജൈവവൈവിധ്യങ്ങളുടെ കലവറയായ കൈരളി-നിള-ശ്രീയുടെ ബഫര്‍സോണില്‍ ബര്‍ഗര്‍മാന്‍ പലരെയും കണ്ടുമുട്ടിയിട്ടുണ്ട്. എന്തുകൊണ്ടോ ഇത്രയും കാലത്തിനിടയ്ക്ക് കമാന്‍ഡോ വേഷധാരികളെ മാത്രം കണ്ടിട്ടില്ല. ആ ഇനത്തില്‍പെട്ട കടുകട്ടികള്‍ക്ക് ഇവിടെ പ്രവേശനം നിഷിദ്ധമായതുകൊണ്ടാകാം. കലയല്ല കലാഷ്‌നിക്കോവ് ആണ് വഴങ്ങുക എന്നുറപ്പിച്ചതുകൊണ്ട് അവരിങ്ങോട്ട് വരാത്തതുമാകാം.
എന്തായാലും മേളയില്‍ ഈ ഇനത്തില്‍പെട്ടവരും വന്നല്ലോയെന്ന് കരുതി നില്‍ക്കുമ്പോഴാണ് ആ കാഴ്ച കാണുന്നത്. പ്രായമായവരെയും ചെറിയ ആളുകളെയും ഇവര്‍ തള്ളിമാറ്റുന്നു. ചിലരോട് കയര്‍ക്കുന്നു. എടാ...പോടാ എന്നൊക്കെ വിളിക്കുന്നു. സംഭവം അത്ര പന്തിയല്ലല്ലോ എന്നുതോന്നി. അന്വേഷിച്ചപ്പോഴാണ് സംഭവത്തിന്റെ സ്റ്റോറിബോര്‍ഡ് പിടികിട്ടുന്നത്.
കഴിഞ്ഞദിവസം മുതല്‍ മ്മടെ അക്കാദമി സ്വകാര്യസുരക്ഷാ ഏജന്‍സിയെയാണ് തിരക്ക് നിയന്ത്രിക്കാന്‍ ഏല്‍പ്പിച്ചിരിക്കുന്നത്. കുറേ പൊടിപ്പിള്ളേര്‍. കൗമാരം വിട്ടിട്ടില്ലാത്ത കുറേ മസില്‍മാന്മാരുമുണ്ട് സംഘത്തില്‍. തലവനെന്ന് തോന്നിക്കുന്നയാള്‍ കൈരളിയുടെ ഒന്നാംനിലയിലെ മട്ടുപ്പാവിലൂടെ ' ഓപ്പറേഷന്‍ ഹാന്‍ഡ്‌ലിങ് ദി ഡെലിഗേറ്റ്‌സ് ' നടപ്പാക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നു. പണ്ട് ഒരു സിനിമയില്‍ പവനായി വന്ന് ടൂള്‍സ് നിരത്തിയത് പോലെ പത്തയ്യായിരം നിര്‍ദേശങ്ങള്‍.
പെട്ടെന്ന് ശ്രീ തിയേറ്ററിനുള്ളിലേക്ക് കമാന്‍ഡോ ടീം ഇരച്ചുകയറി. ഷോ വിടാന്‍ തുടങ്ങുമ്പോഴായിരുന്നു അത്. കയറിയപാടെ വാതില്‍ അടച്ച് കുറ്റിയിട്ടു. പിന്നെ കമാന്‍ഡോകള്‍ പറഞ്ഞ വാതിലിലൂടെയാണ് പാവം ഡെലിഗേറ്റര്‍ പുറത്തിറങ്ങിയത്. ഏതോ ഒരു ഡെലിഗേറ്റന്‍ നിയമം പറഞ്ഞുനോക്കി. അപ്പോള്‍ 'അവനെ മാത്രം ഇതുവഴി ഇറക്കിവിട്ടേക്ക്' എന്നായി ഒരു കമാന്‍ഡോയുടെ പ്രതിവചനം.
സത്യത്തില്‍ ഇതൊക്കെ എങ്ങനെ പറ്റുന്നു എന്ന് അക്കാദമിയോട് ചോദിക്കരുത്. അങ്ങ് കാനില്‍, വാന്‍കുവറില്‍, ബര്‍ലിനില്‍ തുടങ്ങി എല്ലായിടത്തും പ്രൈവറ്റ് ഏജന്‍സികളും ഡിറ്റക്ടീവ്‌സും ആണ് മേള നിയന്ത്രിക്കുന്നതെന്ന് പറഞ്ഞുകളയും...
സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്ന ഇരുട്ടറകളില്‍ നില്‍ക്കാന്‍ പോലും സ്ഥലമില്ല. അതുകൊണ്ട് ഇരുന്ന്് സിനിമ കാണണമെങ്കില്‍ ക്യൂ തന്നെ നില്‍ക്കണം. നില്‍ക്കാം. എത്ര വേണമെങ്കിലും. വെയിലത്ത് കുടചൂടി, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതെ മണിക്കൂറുകളോളം. അങ്ങനെ നിന്ന് നിന്ന് അനങ്ങിയനങ്ങി ക്യൂ പതിയെ മുന്നോട്ട് നീങ്ങുമ്പോള്‍ മറ്റൊരു കാഴ്ച. തടിമിടുക്കും തിണ്ണമിടുക്കുമുള്ളവര്‍ വന്ന് ഇടിച്ചുകയറി തിയേറ്ററിലേക്ക് കയറുന്നു.
സ്ത്രീകളും പ്രായമായവരുമെല്ലാം സിനിമകാണാന്‍ മണിക്കൂറുകളോളം കാത്തുനില്‍ക്കുമ്പോഴാണ് ഈ അതിക്രമം. ആരുണ്ട് ഇതൊക്കെ നിയന്ത്രിക്കാന്‍. ഉത്തരമില്ല. മരുന്നിനൊരു സബ് ടൈറ്റില്‍പോലുമില്ല.