ആസ്പത്രികള്‍ക്ക് മുന്നില്‍ വിലാപവുമായി ബന്ധുക്കള്‍

Posted on: 14 Feb 2015



ബെംഗളൂരു:
എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ടുവെന്ന വാര്‍ത്ത പരന്നപ്പോള്‍ത്തന്നെ നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും മാധ്യമ സ്ഥാപനങ്ങളിലേക്ക് ഫോണ്‍ വിളികളായിരുന്നു. നാട്ടില്‍ നിന്നുള്ള ബന്ധുക്കളും അന്വേഷണവുമായി ഫോണ്‍ വിളിച്ചുകൊണ്ടിരുന്നു. അപകട സ്ഥലത്തേക്ക് കുട്ടികളെയും കൂട്ടി സ്ത്രീകളും എത്തിക്കൊണ്ടിരുന്നു. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ മലയാളി സംഘടനാ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ആനേക്കല്‍ ജനറല്‍ ആസ്പത്രിയിലും ബെംഗളൂരുവിലെ വിക്ടോറിയ ആസ്പത്രിയിലും ബന്ധുക്കള്‍ തിങ്ങിനിറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആനേക്കല്‍ ജനറല്‍ ആസ്പത്രിയില്‍ നിന്ന് വിക്ടോറി ആസ്പത്രിയിലേക്ക് മാറ്റിയപ്പോള്‍ ബന്ധുക്കള്‍ ആസ്പത്രിക്ക് മുന്നിലെത്തി. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ എന്നിവര്‍ ആസ്പത്രിയില്‍ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ആവശ്യമായ എല്ലാ സഹായങ്ങളും മന്ത്രിമാര്‍ വാഗ്ദാനം ചെയ്തു. ഇതിനിടെ ആസ്പത്രിയില്‍ ദുരന്തനിവാരണ സേനാംഗങ്ങളുടെ യോഗത്തിലും മന്ത്രിമാര്‍ പങ്കെടുത്തു. വിക്ടോറിയ ആസ്പത്രിയിലെ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം സൗജന്യമായി നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ഒുക്കങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ ബസ്സുകള്‍
ബെംഗളൂരു: അപകടത്തില്‍പ്പെട്ട എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്സിലെ യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിന് കേരള ആര്‍.ടി.സി. പ്രത്യേക ബസ്സുകള്‍ ഏര്‍പ്പെടുത്തി. പത്ത് ബസ്സുകള്‍ ഏര്‍പ്പെടുത്തുമെന്നാണ് കേരള ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചത്. വൈകുന്നേരത്തോടെ രണ്ട് ബസ്സുകള്‍ യാത്രക്കാരുമായി നാട്ടിലേക്ക് പുറപ്പെട്ടു. ബസ് ഏര്‍പ്പെടുത്തിയ കാര്യം അപകട സ്ഥലത്ത് അനൗണ്‍സ്‌മെന്റ് ചെയ്തിരുന്നു.
ചികിത്സാച്ചെലവ് സര്‍ക്കാര്‍ വഹിക്കും- മന്ത്രി
ബെംഗളൂരു: ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും സഹായമായി സര്‍ക്കാര്‍ 25,000 രൂപ നല്‍കും. മന്ത്രി സഭാ യോഗത്തിന് ശേഷം കൂടുതല്‍ തുക നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ പെട്ടവരെ സഹായിക്കുന്നതിന് കര്‍ണാടകത്തിന്റെ ഭാഗത്തുനിന്ന് നല്ല സഹകരണമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും കര്‍ണാടക സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി യു.ടി. ഖാദര്‍ പറഞ്ഞു. അപകടത്തില്‍ മരിച്ച തൃശ്ശൂര്‍ സ്വദേശി അമനിന്റെ അച്ഛന്‍ മന്ത്രി ആര്‍. വി. ദേശപാണ്ടെയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരനാണ്.



 

ga