യാത്രികരുടെ വിവരങ്ങള്‍ നല്‍കാന്‍ റെയില്‍വേയ്ക്ക് സംവിധാനമില്ല

Posted on: 13 Feb 2015

ടിക്കറ്റുകളേറെയും നെറ്റ്ബുക്കിങ് വഴി

കൊച്ചി:
ടിക്കറ്റുകള്‍ ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്യുന്നതാണ് യാത്ര ചെയ്യുന്നവരെക്കുറിച്ചുളള വ്യക്തമായ ചിത്രം ലഭിക്കാന്‍ താമസമുണ്ടാക്കിയത്. നെറ്റിലൂടെ ബുക്ക് ചെയ്യുന്നവരുടെ വിലാസവും ഫോണ്‍ നമ്പരും ഉള്‍പ്പെടെയുള്ളവ റെയില്‍വേയുടെ പക്കലുണ്ടെങ്കിലും വിവരങ്ങള്‍ വേഗം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഒരുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.

വെള്ളിയാഴ്ച ഹൊസൂരിന് സമീപമുണ്ടായ ഇന്റര്‍സിറ്റി അപകടത്തോടെയാണ് ഇക്കാര്യം കൂടുതല്‍ വ്യക്തമായത്. ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ യാത്രക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ ഐ.ആര്‍.സി.ടി.സി.യുടെ വെബ് സൈറ്റിലേക്കാണ് പോകുന്നത്.

അവിടെ നിന്ന് വ്യക്തിവിവരങ്ങള്‍ കിട്ടാന്‍ വളരെ വൈകുന്നതായി റെയില്‍വേ അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ഹൊസൂര്‍ അപകടത്തില്‍ മരിച്ച ആലുവയില്‍ ഇറങ്ങേണ്ട യാത്രക്കാരനായ ഇട്ടിര ആന്റണിയുടെ മേല്‍വിലാസം സംബന്ധിച്ച വിവരങ്ങള്‍ വെള്ളിയാഴ്ച വൈകീട്ടുവരെ റെയില്‍വേയുടെ കൈവശമുണ്ടായിരുന്നില്ല. ആലുവയിലേക്കാണ് ടിക്കറ്റെടുത്തതെന്ന വിവരം മാത്രമാണ് റെയില്‍വേ നല്‍കുന്നത്.

നേരിട്ട് റെയില്‍വേ കൗണ്ടറുകളിലൂടെ ബുക്ക് ചെയ്താല്‍ അവരുടെ വിവരങ്ങള്‍ ബുക്ക് ചെയ്ത സ്റ്റേഷനില്‍ നിന്ന് ഉടന്‍ എടുക്കാന്‍ സാധിക്കുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു. എന്നാല്‍ ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്യുമ്പോള്‍ വിവരങ്ങള്‍ ഐ.ആര്‍.സി.ടി.സി. വെബ് സൈറ്റിലേക്കാകും പോകുക. സ്റ്റേഷനുകള്‍ക്കും ഇതേക്കുറിച്ച് വ്യക്തമായ വിവരമുണ്ടാകില്ല.

എന്നാല്‍ ഇന്റര്‍നെറ്റ് വഴി ബുക്ക് ചെയ്യുന്നവരുടെ വിവരങ്ങള്‍ വേഗം ലഭ്യമാക്കാനുളള സംവിധാനമൊരുക്കിയാല്‍ ആശയക്കുഴപ്പം അനായാസം പരിഹരിക്കാനാകും. ബുക്ക് ചെയ്യുന്‌പോള്‍ നല്‍കുന്ന ഫോണ്‍ നമ്പര്‍ യാത്രികരുടേതു തന്നെ ആയിരിക്കും. അപകടമോ മറ്റോ ഉണ്ടാകുമ്പോള്‍ വിളിച്ചാല്‍ കിട്ടാറുമില്ല. മറ്റൊരു ഫോണ്‍ നമ്പര്‍ കൂടി നല്‍കിയാല്‍ അപകടമോ മറ്റോ ഉണ്ടായാല്‍ വിവരം വേഗം അറിയാന്‍ കഴിയുമെന്ന് റെയില്‍വേ അധികൃതര്‍ പറയുന്നു.



 

ga