തിരുവനന്തപുരം: ഹൊസ്സൂര്‍ തീവണ്ടി അപകടത്തില്‍പ്പെട്ടവര്‍ക്ക് റെയില്‍വേ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം രൂപയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍, റെയില്‍വേ നിയമപ്രകാരം നാലുലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഇവര്‍ക്ക് അര്‍ഹതയുണ്ടെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. റെയില്‍വേ അപകട നഷ്ടപരിഹാര നിയമപ്രകാരം മരിച്ചവരുടെ ആശ്രിതര്‍ക്ക് കുറഞ്ഞത് നാലുലക്ഷം രൂപ നല്‍കേണ്ടതുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് അരലക്ഷവും നിസ്സാര പരിക്കേറ്റവര്‍ക്ക് 25,000 രൂപയുമാണ് റെയില്‍വേ പ്രഖ്യാപിച്ചിട്ടുള്ളത്. അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കുമ്പോള്‍ റെയില്‍വേ വിവേചനം കാട്ടുന്നതായി പരാതിയുണ്ട്. മമതാ ബാനര്‍ജി റെയില്‍വേ മന്ത്രിയായിരിക്കെ, ബംഗാളില്‍ നടന്ന അപകടങ്ങളില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് പത്തുലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്‍കിയിരുന്നു.