അപകടത്തിലായത് കുടുംബയാത്രക്കാരുടെ പ്രിയ വണ്ടി

Posted on: 13 Feb 2015

കൊച്ചി: മലയാളികളെ ഒന്നടങ്കം ഭയപ്പാടിലാക്കിയാണ്‌ െബംഗളൂരു മലയാളികളുടെ സ്ഥിരം യാത്രാവണ്ടിയായ ഇന്റര്‍സിറ്റിക്കുണ്ടായ അപകട വാര്‍ത്തയെത്തിയത്. എറണാകുളത്തേക്ക് രാവിലെ 6.15 ന്‌ െബംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന വണ്ടിയില്‍ ഭൂരിഭാഗവും മലയാളികളായിരിക്കും. പകല്‍ സമയത്തുള്ള തീവണ്ടിയായതിനാല്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുളള യാത്രക്കാരും കൂടുതലായിരിക്കും. പകല്‍ തന്നെ കൊച്ചിയിലെത്തുമെന്നതു കൊണ്ട് ബെംഗളൂരുവിലെ മക്കളുടെ അടുത്തേക്കോ തിരിച്ചോ തനിയെ പോകുന്ന അച്ഛനമ്മമാരുടെ പ്രിയ വാഹനമാണ് ഈ തീവണ്ടി.

ബെംഗളൂരു മലയാളി കുടുംബങ്ങള്‍ ആശ്രയിക്കുന്ന പ്രധാന വണ്ടികളിലൊന്നാണ് ഇത്. അതിനാല്‍ തന്നെ അപകട വാര്‍ത്ത കേട്ട ഉടന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ഹെല്‍പ്പ് ഡെസ്‌കിലേക്കും വിവിധ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ കേന്ദ്രങ്ങളിലേക്കും നിരന്തരം ഫോണ്‍കോളുകള്‍ വന്നുകൊണ്ടേയിരുന്നു. 22 കോച്ചുകളുള്ള വണ്ടി എല്ലാ ദിവസവും നിറയെ യാത്രക്കാരുമായിട്ടാകും എറണാകുളത്തേക്ക് എത്തുക. കോയമ്പത്തൂരിലും എറണാകുളത്തുമാണ് കൂടുതല്‍ യാത്രക്കാര്‍ ഇറങ്ങാനുള്ളതും.

അപകടമുണ്ടായ ഉടന്‍തന്നെ എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഹെല്‍പ്പ് ഡെസ്‌ക് തുറന്നിരുന്നു. പരിക്കേറ്റവരുടെയും മരണപ്പെട്ടവരുടെയും ബന്ധുക്കള്‍ സംഭവമറിഞ്ഞ ഉടന്‍ െബംഗളൂരുവിലേക്ക് തിരിച്ചിരുന്നു. രക്ഷാ പ്രവര്‍ത്തനത്തിനായി ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനീയര്‍ റഷീദ് കുട്ടിയുടെ നേതൃത്വത്തില്‍ നാലംഗ സംഘം ഹൊസൂരിലേക്കും തിരിച്ചു. അപകടത്തില്‍ പരിക്കേറ്റവരെ ആനക്കല്‍ ജനറല്‍ ആസ്പത്രി, നാരായണ ഹൃദയാലയം എന്നിവിടങ്ങളിലായാണ് പ്രവേശിപ്പിച്ചിരുന്നത്.

ഇവിടങ്ങളിലെ ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ചോദിക്കുന്നവര്‍ക്ക് ഹെല്‍പ്പ് ഡെസ്‌കില്‍ നിന്ന് ലഭിച്ചു. അതിനിടെ 11 മണിയോടെ മരണസംഖ്യ ഉയരാനിടയുണ്ടെന്ന വാര്‍ത്ത പരന്നു. റെയില്‍വേ ഉദ്യോഗസ്ഥര്‍ െബംഗളൂരുവുമായി ബന്ധപ്പെട്ട് നിജസ്ഥിതി ഉറപ്പുവരുത്തി.
തിരുവനന്തപുരം റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ സുനില്‍ വാജ്‌പേയ്, എറണാകുളം ഏരിയ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന്‍, മറ്റ് റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഹെല്‍പ് ഡെസ്‌ക് പ്രവര്‍ത്തനം മുന്നോട്ടു നയിച്ചത്. അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് പോകുന്നതിന് കെ.എസ്.ആര്‍.ടി.സി. ബസ് ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. തീവണ്ടി അപകടം ഉണ്ടായ ഉടന്‍ യാത്രക്കാര്‍ക്കായി െബംഗളൂരുവില്‍ നിന്ന് പത്തോളം കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ അപകട സ്ഥലത്തേക്ക് പുറപ്പെട്ടിരുന്നെന്ന് കെ.എസ്.ആര്‍.ടി.സി. സോണല്‍ ഓഫീസര്‍ കെ. ശശിധരന്‍ പറഞ്ഞു.



 

ga