ട്രാക്ക് പരിശോധിക്കാന്‍ ജീവനക്കാരില്ല
തിരുവനന്തപുരം: തുടര്‍ച്ചയായ അപകടങ്ങളും യാത്രക്കാര്‍ക്കുനേരെയുണ്ടാകുന്ന അക്രമങ്ങളും റെയില്‍വേ യാത്രയിലെ സുരക്ഷിതത്വം നഷ്ടമാക്കുന്നു. ബാംഗ്ലൂര്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ഡിവിഷനിലെ സുരക്ഷാവീഴ്ചകളും യാത്രക്കാരെ ആശങ്കയിലാക്കുന്നു. 700 കിലോമീറ്ററോളം വരുന്ന തിരുവനന്തപുരം ഡിവിഷന്റെ ട്രാക്കുകള്‍ നിരീക്ഷിക്കുന്നതിന് ഫലപ്രദമായ സംവിധാനങ്ങളില്ല.
മാവോവാദി ഭീഷണിയും തീവണ്ടികള്‍ക്കുനേരെ കല്ലേറും ട്രാക്കുകളില്‍ തടസ്സങ്ങളുണ്ടാക്കുന്നതും പതിവായിട്ടും സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ റെയില്‍വേ പരാജയപ്പെടുകയാണ്. സംസ്ഥാനത്തുടനീളം തീവണ്ടികള്‍ക്കുനേരെ കല്ലേറുണ്ടാകുന്നുണ്ട്. കല്ലേറില്‍ ലോക്കോ പൈലറ്റിന്റെ കാഴ്ച നഷ്ടമായത് ഒരുമാസം മുമ്പാണ്. രണ്ടാഴ്ച മുമ്പ് ഡിവിഷണല്‍ മേധാവി സുനില്‍ബാജ്‌പേയി സഞ്ചരിച്ച സലൂണിനുനേരെ കൊല്ലം പെരിനാടിന് സമീപത്തുെവച്ച് കല്ലേറുണ്ടായിരുന്നു.
പാളങ്ങള്‍ തമ്മില്‍ യോജിപ്പിക്കുന്ന പോയിന്റുകളില്‍ കല്ലുകള്‍ തിരുകിവെച്ച സംഭവങ്ങളുമുണ്ട്. ട്രാക്കില്‍ ഇരുമ്പ് പൈപ്പുകളും കല്ലും കയറ്റിവെച്ചതും വിരളമല്ല. ഇതൊക്കെ തടയാന്‍ ദിവസത്തില്‍ ഒരിക്കല്‍ മാത്രമാണ് റെയില്‍വേ ജീവനക്കാര്‍ ട്രാക്കില്‍ പരിശോധന നടത്തുന്നത്.
അഞ്ച് കിലോമീറ്റര്‍ വരുന്ന ട്രാക്ക് പരിശോധിക്കാന്‍ മേസ്തിരിയും കീമാനും അഞ്ച് ട്രാക്ക്മാന്‍മാരും വേണം. എന്നാല്‍, മിക്ക ഗ്യാങ്ങുകളിലും രണ്ടുപേര്‍ മാത്രമാണുള്ളത്. ആറ് കിലോമീറ്റര്‍ വീതം കീമാന്‍മാര്‍ ട്രാക്ക് പരിശോധിക്കണം.
1100 ട്രാക്ക്മാന്‍മാര്‍ വേണ്ടിടത്ത് 700 പേര്‍ മാത്രമാണുള്ളത്. എല്ലാ വിഭാഗങ്ങളിലും 20 മുതല്‍ 30 ശതമാനം വരെ ഒഴിവുണ്ട്. പുറമെ ഈ വിഭാഗങ്ങളെല്ലാം ഉള്‍പ്പെട്ട ഗ്രൂപ്പ് 'ഡി'യില്‍ 35 ശതമാനം വരെ സ്ത്രീകളാണ്. ഇവരെ രാത്രികാല പരിശോധനയ്ക്ക് നിയോഗിക്കാനാകില്ല.
ജീവനക്കാരുടെ കുറവ് കാരണം മണ്‍സൂണ്‍കാലത്തെ പ്രത്യേക പരിശോധന ഒഴിവാക്കിയിരുന്നു. മരങ്ങളും മറ്റും ട്രാക്കിലേക്ക് വീഴാനിടയുള്ളതിനാലാണ് മഴക്കാലത്ത് പ്രത്യേക പരിശോധന നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍, സ്ത്രീകളെ രാത്രിഡ്യൂട്ടിക്ക് നിയോഗിച്ചതിനെതിരെ റെയില്‍വേ ജീവനക്കാരുടെ സംഘടനകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്ന് പിന്‍വലിച്ചു.
ട്രാക്കിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുള്ള യന്ത്രങ്ങളും കാലഹരണപ്പെട്ടവയാണ്. അറ്റകുറ്റപ്പണിക്കിടെ ഇവ കേടായി ട്രാക്കില്‍ കുടുങ്ങുന്നതും പതിവാണ്. ഇത്തരത്തില്‍ ട്രാക്കില്‍ കുടുങ്ങിയ ഡ്യൂമാറ്റിക് മെഷീന്‍ കാരണം അടുത്തിടെ തീവണ്ടികള്‍ വൈകിയിരുന്നു.
ട്രാക്കിന് പുറമെ കോച്ചുകളുടെ പരിപാലനത്തിലും റെയില്‍വേ വീഴ്ചവരുത്തുന്നുണ്ട്. അടുത്തിടെ ഗുവാഹത്തി എക്‌സ്പ്രസ്സിന്റെ കോച്ച് കത്തിയത് ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണെന്ന് സംസ്ഥാന പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇതേ സംഭവത്തെക്കുറിച്ച് റെയില്‍വേ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് തടയുന്നതിനുള്ള സജ്ജീകരണം കോച്ചുകളിലുണ്ടെന്നാണ് റെയില്‍വേയുടെ വാദം. എന്നാല്‍, ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് വാദിക്കുമ്പോഴും തീ പടര്‍ന്നതിന്റെ കാരണം കണ്ടെത്താന്‍ റെയില്‍വേക്ക് കഴിഞ്ഞിട്ടില്ല. അട്ടിമറിയും നടന്നിട്ടില്ല. ഷണ്ടിങ്ങിനിടെ കൊച്ചുവേളിയില്‍ ചണ്ഡിഗഡ്, ബാംഗ്ലൂര്‍ എക്‌സ്പ്രസ്സുകളുടെ കോച്ചുകള്‍ തകര്‍ന്നിരുന്നു. കോച്ചുകള്‍ തമ്മില്‍ ഘടിപ്പിക്കുമ്പോഴാണ് കപ്ലിങ് ഭാഗം തകര്‍ന്നത്.