ബെംഗളൂരു: ആനേക്കലില്‍ എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് അപടത്തില്‍പ്പെട്ട വിവരമറിഞ്ഞയുടനെ രക്ഷാപ്രവര്‍ത്തനത്തില്‍ മുന്‍നിരയില്‍ നഗരത്തിലെ മലയാളി സംഘടനകളുണ്ടായിരുന്നു. നഗരത്തിലെ പ്രമുഖ മലയാളി സംഘടനാ പ്രവര്‍ത്തകരെല്ലാം അപകടസ്ഥലത്തെത്തി.
തകര്‍ന്ന ബോഗിക്കുള്ളില്‍നിന്ന് പരിക്കേറ്റവരെ രക്ഷപ്പെടുത്തുന്നതിനും സ്ഥലത്തുള്ളവര്‍ക്ക് വെള്ളവും മറ്റ് സഹായങ്ങളും നല്‍കാന്‍ സംഘടനാ പ്രവര്‍ത്തകരായിരുന്നു മുന്‍നിരയില്‍. പരിക്കേറ്റ് ആസ്പത്രിയിലെത്തിയവര്‍ക്ക് സഹായം നല്‍കുന്നതിനും ആശ്വസിപ്പിക്കുന്നതിനും പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി. കേരളത്തില്‍നിന്ന് മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ് എന്നിവര്‍ എത്തിയപ്പോള്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് സഹമെത്തിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തകരും എത്തിയിരുന്നു.
കെ.എം.സി.സി., എയ്മ, ബെംഗളൂരു കേരളസമാജം, സംഘമിത്ര, സുവര്‍ണ കര്‍ണാടക കേരളസമാജം, കെ.എന്‍. എസ്.എസ്. എന്നീ സംഘടനകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. കെ.എം.സി.സി. ജനറല്‍ സെക്രട്ടറി എം.കെ. നൗഷാദ്, എയ്മ സംസ്ഥാന പ്രസിഡന്റ് ബിനു ദിവാകരന്‍, സംഘമിത്രയുടെ ദിനേഷ് പിഷാരടി, കൃഷ്ണകുമാര്‍ കടമ്പൂര്‍ കെ. എന്‍.എസ്.എസ്. ചെയര്‍മാന്‍ രാമചന്ദ്രന്‍ പലേരി തുടങ്ങിയവര്‍ സ്ഥലത്തെത്തി. അപകടം നടന്ന സ്ഥലത്ത് ആയിരങ്ങളാണ് തടിച്ചുകൂടിയത്. മാത്രമല്ല, രക്ഷാപ്രവര്‍ത്തനത്തിനും നൂറുകണക്കിന് പേരാണ് പങ്കാളികളായത്. ഇവര്‍ക്ക് കുടിവെള്ളമെത്തിക്കാനും സംഘടനാ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി.