അപകടം നടന്നത് ഒറ്റപ്പെട്ട സ്ഥലത്ത്; രക്ഷാപ്രവര്‍ത്തനം വൈകി

Posted on: 14 Feb 2015

ബെംഗളൂരു:
ബെംഗളൂരു- എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് അപകടത്തില്‍പ്പെട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ബെംഗളൂരുവില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണെങ്കിലും ഹൊസൂര്‍ ദേശീയ പാതയില്‍ നിന്ന് 15 കിലോമീറ്ററോളം ഉള്‍പ്രദേശത്താണ് അപകടം നടന്നത്. അതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയുമായിരുന്നില്ല.
അപകടം നടന്നത് പുറംലോകം അറിയുന്നത് സഹയാത്രക്കാരില്‍ നിന്നാണ്. മലയാളികളായ യാത്രക്കാര്‍ സൂഹൃത്തുക്കളെയും മാധ്യമപ്രവര്‍ത്തകരെയും മൊബൈല്‍ ഫോണിലൂടെ വിവരം വിളിച്ചറിയിക്കുകയായിരുന്നു. കര്‍ണാടക- തമിഴനാട് അതിര്‍ത്തിപ്രദേശമായ ഹൊസൂരിനും ബെംഗളൂരിന് അടുത്തുള്ള കര്‍മ്മലാരം സ്റ്റേഷനും ഇടയിലുള്ള ആനേക്കല്‍ എന്ന സ്ഥലത്തെ ബിദുര്‍ഗരെ എന്ന സ്ഥലത്തായിരുന്നു അപകടം. ചുറ്റുപാടും ജനവാസമില്ലാത്ത സ്ഥലമായതിനാല്‍ അപകടം നാട്ടുകാര്‍ അറിഞ്ഞില്ല. അപകടം നടക്കുമ്പോള്‍ തൊട്ടടുത്ത കൃഷിത്തോട്ടത്തിലുള്ള രണ്ട് കര്‍ഷകര്‍ ഓടിയെത്തിയതായി അപകടം സംഭവിച്ച ബോഗിയിലെ യാത്രക്കാരനായ ആനന്ദ് പറഞ്ഞു. എന്നാല്‍ ഇവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ബോഗിക്കുള്ളില്‍ നിന്നുള്ള കരച്ചില്‍ കേട്ടാണ് മറ്റ് ബോഗികളിലുള്ളവര്‍ അപകടം അറിഞ്ഞത്.
തുടര്‍ന്ന് സഹയാത്രക്കാര്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടറങ്ങി.
എന്നാല്‍ പൊട്ടിപ്പൊളിഞ്ഞ ബോഗിക്കുള്ളിലേക്ക് പ്രവേശിക്കാന്‍ പോലും കഴിയുമായിരുന്നില്ല. പലരും നിസ്സഹായരായി. യാത്രക്കാര്‍ മരിച്ച ഡി എട്ടാം നമ്പര്‍ ബോഗിയില്‍ 60 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് യാത്രക്കാരുടെ മൊഴി. ഡി ഒമ്പതാം നമ്പര്‍ ബോഗി ഡി എട്ടാം നമ്പര്‍ ബോഗിയിലേക്ക് ഇടിച്ച് കയറി. ഇടിയുടെ ആഘാഷത്താല്‍ ബോഗി തകര്‍ന്നപ്പോള്‍ പലരും സീറ്റുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു. ശരീരാവയവങ്ങള്‍ അറ്റ് പോയ മൃതദേഹങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. ഡി എട്ടാം നമ്പര്‍ ബോഗിയിലുണ്ടായിരുന്ന യാത്രക്കാരാണ് മരിച്ചത്. എന്നാല്‍ നേരത്തേ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നെങ്കില്‍ പലരുടെയും ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ബോഗിയിലുണ്ടായിരുന്ന മലയാളിയായ സേതുകുമാര്‍ പറഞ്ഞു. പലര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഡി ഒമ്പതാം നമ്പര്‍ ബോഗിയോടടുത്ത് ഡി എട്ടിലുണ്ടായിരുന്ന യാത്രക്കാര്‍ സീറ്റുകള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു. ചെയര്‍കാറായിരുന്നതിനാല്‍ സീറ്റുകള്‍ ഞെരിഞ്ഞമര്‍ന്നതിനാല്‍ കുടങ്ങിപോയ യാത്രക്കാര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അപകടം 7.45നാണ് നടന്നതെങ്കിലും ആദ്യ ആംബുലന്‍സ് എത്തിയത് മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞതിന് ശേഷമാണ്. എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ എത്താന്‍ പിന്നീടും സമയം എടുത്തു. അപകടം നടന്ന സ്ഥലം കണ്ടെത്തുന്നതിനുള്ള ബുദ്ധിമുട്ടും പ്രശ്‌നത്തിന് കാരണമായി.
അപകടം നടന്ന ബിദുഗരെ എന്ന സ്ഥലത്തേക്ക് റോഡ് സൗകര്യമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ എത്തിപ്പെടാനും ബുദ്ധിമുട്ടായി. പീന്നീട് കൃഷി സ്ഥലത്തിലൂടെയാണ് വാഹനങ്ങള്‍ സ്ഥലത്തെത്തിയത്. അഗ്നിശമന സേനാംഗങ്ങളും ദുരന്തനിവാരണ സേനാംഗങ്ങളും സ്ഥലത്തെത്തിയെങ്കിലും ബോഗികള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് പൊളിക്കുന്നതിന് കൂടുതല്‍ സമയം എടുത്തു. ഉച്ചയ്ക്ക് ഒന്നേമുക്കാല്‍ മണിയോടെയാണ് ഒമ്പതാമത്തെ മൃതദേഹം പറത്തെടുത്തത്. സംഭവ സ്ഥലത്ത് എല്ലാ സജ്ജീകരണങ്ങളുമായി 15 ലധികം ആംബുലന്‍സുകളും അഗ്നിശമന വാഹനങ്ങളും എത്തി. ഇതോടൊപ്പം ബെംഗളൂരുവില്‍ നിന്നും ആര്‍ക്കോണത്ത് നിന്നുമായി രണ്ട് കമ്പനി ദുരന്ത നിവാരണ സേനാംഗങ്ങളും സ്ഥലത്തെത്തി.
പൊട്ടിപ്പൊളിഞ്ഞ ബോഗിയില്‍ നിന്ന് പരിക്കേറ്റവരെ പുറത്തെടുക്കുന്നതിനും ആംബുലന്‍സില്‍ കയറ്റുന്നതിനും ഏറെ ബുദ്ധിമുട്ടുകളുണ്ടായി. തറ നിരപ്പില്‍ നിന്ന് ഇരുപത് അടിയോളം താഴ്ചയിലാണ് റെയില്‍പ്പാത. ഇവിടെ നിന്ന് ചെങ്കുത്തായ കയറ്റം താണ്ടിവേണം പരിക്കേറ്റവരെ വാഹനത്തില്‍ കയറ്റാന്‍. എന്നാല്‍ നാട്ടുകാരുടെ സഹായം രക്ഷാപ്രവര്‍ത്തനത്തിന് ഏറെ സഹായകരമായി.



 

ga