ഇന്റര്‍സിറ്റി എക്‌സ്പ്രസ് പാളം തെറ്റി; ഒമ്പത് മരണം

Posted on: 14 Feb 2015

*മരിച്ചവരില്‍ അഞ്ച് മലയാളികള്‍
*അപകടത്തില്‍പ്പെട്ടത് എറണാകുളത്തേക്കുള്ള വണ്ടി
* അപകടം ബെംഗളൂരുവിനടുത്ത് ഹൊസൂരില്‍

ബെംഗളൂരു: ബെംഗളൂരുവില്‍നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസ്(12677) ഹൊസൂരിനടുത്ത് ആനേക്കലില്‍ പാളം തെറ്റി അഞ്ച് മലയാളികളടക്കം ഒമ്പതുപേര്‍ മരിച്ചു. അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്.
വെള്ളിയാഴ്ച രാവിലെ 7.45-ഓടെയാണ് അപകടമുണ്ടായത്. ബെംഗളൂരുവില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ തമിഴ്‌നാട് കര്‍ണാടക അതിര്‍ത്തിപ്രദേശത്താണ് വണ്ടി പാളം തെറ്റിയത്. തീര്‍ത്തും വിജനമായ സ്ഥലമായതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകി.
തൃശ്ശൂര്‍ പൂവത്തൂര്‍ കണ്ടാണശ്ശേരി മോഹനന്റേയും ശര്‍മിളയുടെയും മകന്‍ അമല്‍(9)!, തൃശ്ശൂര്‍ ഒളരിക്കര കാഞ്ഞിരത്തിങ്കല്‍ കെ.ആര്‍. ജോര്‍ജ് (70) കൊച്ചി സ്വദേശി ഇട്ടിയര ആന്റണി(57), കൊല്ലം സ്വദേശി ഇര്‍ഷ മനാഫ്(24), പാലക്കാട് സ്വദേശി വിപിന്‍(23) എന്നിവരാണ് മരിച്ച മലയാളികള്‍. തമിഴ്‌നാട് സ്വദേശി പുനീതാവതി(57), ബെംഗളൂരു സ്വദേശി വേണുഗോപാല്‍ (40) എന്നിവരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ ബെംഗളൂരുവിലെ വിക്ടോറിയ ആസ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വണ്ടിയിലെ യാത്രക്കാരില്‍ ഭൂരിഭാഗവും മലയാളികളായിരുന്നു. ലോക്കോ പൈലറ്റ് പെട്ടെന്ന് ബ്രേക്ക് ഉപയോഗിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാളത്തില്‍ പാറക്കല്ല് വീണതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് റെയില്‍വേമന്ത്രി സുരേഷ് പ്രഭു ആദ്യം പറഞ്ഞത്. റെയില്‍വേ സുരക്ഷാകമ്മീഷണറുടെ അന്വേഷണത്തിന് ശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവുകയുള്ളൂവെന്ന് അദ്ദേഹം പിന്നീട് വ്യക്തമാക്കി.
വെള്ളിയാഴ്ച രാവിലെ 6.15ന് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട ഇന്റര്‍സിറ്റി എക്‌സ്പ്രസ് കര്‍മലാരം സ്റ്റേഷന്‍ പിന്നിട്ട് മിനിറ്റുകള്‍ക്കിടയിലാണ് അപകടം. ഡി-എട്ടാം നമ്പര്‍ ബോഗിയിലേക്ക് ഒമ്പതാംനമ്പര്‍ ബോഗി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ എട്ടാംനമ്പര്‍ ബോഗി പൂര്‍ണമായും തകര്‍ന്നു. രണ്ട് ബോഗികളുടെയും അറ്റത്ത് ഇരുന്നവരാണ് മരിച്ചത്. മൃതദേഹങ്ങളില്‍ പലതും ബോഗിക്കുള്ളില്‍ ഞെരിഞ്ഞമര്‍ന്ന നിലയിലായിരുന്നു.
എന്‍ജിന് ശേഷമുള്ള ജനറല്‍ കമ്പാര്‍ട്ട് മെന്റുകളും എ സി കോച്ചും അടക്കം ഒമ്പത് കമ്പാര്‍ട്ടുമെന്റുകള്‍ പാളംതെറ്റി. ഇടിയുടെ ആഘാതത്തില്‍ പാളം മുറിഞ്ഞ നിലയിലാണ്. വണ്ടിയിലെ യാത്രക്കാരാണ് അപകടത്തെക്കുറിച്ച് പുറംലോകത്തെ അറിയിക്കുന്നത്. ഡി-എട്ടാം നമ്പര്‍ ബോഗി ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് അറുത്തു മാറ്റിയാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
അപകടം നടന്ന സ്ഥലത്ത് പാത തറനിരപ്പില്‍ നിന്ന് ഇരുപത് അടിയോളം താഴ്ചയിലായതിനാല്‍ രക്ഷപ്പെടുത്തിയവരെ പുറത്തെത്തിക്കുന്നത് ബുദ്ധിമുട്ടായി. അപകടം നടന്ന് സ്ഥലത്തേക്ക് ആയിരക്കണക്കിന് പേര്‍ എത്തിയത് പോലീസിനെ വലച്ചു. മലയാളി സംഘടനാ പ്രവര്‍ത്തകരും സജീവമായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.പരിക്കേറ്റവരെ ആനക്കല്‍ സര്‍ക്കാര്‍ ജനറല്‍ ആസ്പത്രിയിലും ബെംഗളൂരുവിലെ വിക്ടോറിയ, നാരായണ ഹൃദയാലയ സ്പര്‍ശ്, ഹോസ്‌കോട്ട് എന്നീ ആസ്പത്രികളിലും പ്രവേശിച്ചിച്ചു. തൃശ്ശൂര്‍ സ്വദേശി വാമദേവന്‍(70), കുമ്പകുളം സ്വദേശി മോഹന്‍ദാസ്(47) എന്നിവര്‍ പരിക്കേറ്റവരില്‍ ഉള്‍പ്പെടും.
മരിച്ചവരുടെ ബന്ധുക്കള്‍ക്ക് റെയില്‍വേ രണ്ട് ലക്ഷംരൂപ സാമ്പത്തികസഹായം പ്രഖ്യാപിച്ചു. മന്ത്രി ആര്യാടന്‍ മുഹമ്മദ് അപകടം നടന്ന സ്ഥലവും ആസ്പത്രിയിലെത്തി ചികിത്സയില്‍ കഴിയുന്നവരെയും സന്ദര്‍ശിച്ചു. മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും അടിയന്തരസഹായമായി കേരളസര്‍ക്കാര്‍ 25000 രൂപ അനുവദിച്ചതായും മന്ത്രിസഭാ യോഗത്തിന് ശേഷം കൂടുതല്‍ തുക അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രമന്ത്രി സദാനന്ദഗൗഡ, കര്‍ണാടക മന്ത്രിമാരായ കെ.ജെ ജോര്‍ജ്, യു.ടി ഖാദര്‍, ഉന്നത റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവരും സ്ഥലം സന്ദര്‍ശിച്ചു. റെയില്‍വേ സുരക്ഷാ ചീഫ് കമ്മീഷണര്‍ എസ്.കെ മിത്തല്‍ സ്ഥലം സന്ദര്‍ശിച്ചു.



 

ga