മുണ്ടൂര്‍: വെള്ളിയാഴ്ചരാവിലെ ബാംഗ്ലൂര്‍ ഇന്റര്‍സിറ്റി ട്രെയിനില്‍ അപകടത്തില്‍പ്പെട്ട് മരിച്ച വിപിന്റെ മരണം എഴക്കാട്ഗ്രാമത്തെ ശോകമൂകമാക്കി.മുണ്ടൂര്‍ എഴക്കാട് കുന്നപ്പുള്ളിക്കാവ് വെട്ടത്ത്വീട്ടില്‍ വി.സി. വേലായുധന്റെ മകന്‍ വിപിന്‍ (23) ആണ് മരണമടഞ്ഞത്. കോഴിക്കോട് മെഡിക്കല്‍കോളേജില്‍ ബി.എസ്സി. നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കി പരിശീലനംനടത്തുകയായിരുന്നു വിപിന്‍. കൂട്ടുകാരുമൊത്ത് കൊല്‍ക്കത്ത, ഡെല്‍ഹി എന്നിവിടങ്ങളില്‍ പരീക്ഷ എഴുതാനായിപ്പോയി മടങ്ങുമ്പോഴാണ് അപകടം.
കൊല്‍ക്കത്തയിലെ പരീക്ഷയെഴുതി ഡെല്‍ഹിക്ക് പോകാനിരിക്കയായിരുന്നു. അവിടത്തെ പരീക്ഷ മാറ്റിവെച്ച വിവരമറിഞ്ഞതിനെത്തുടര്‍ന്ന് ബാംഗ്ലൂര്‍വഴി മടങ്ങുകയായിരുന്നു. വെള്ളിയാഴ്ചരാവിലെ അപകടവിവരം കൂട്ടുകാരന്‍ വിളിച്ചറിയിച്ചാണ് വീട്ടുകാര്‍ അറിഞ്ഞത്. ഗുരുതര പരിക്കുണ്ടെന്ന വാര്‍ത്തയാണ് ആദ്യമെത്തിയത്. വൈകീട്ട് 4 മണിയോടെയാണ് മരണവിവരം കിട്ടിയത്. രാവിലെത്തന്നെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരുമടങ്ങുന്ന സംഘം ഹൊസൂരിലേക്ക് തിരിച്ചിരുന്നു. വെള്ളിയാഴ്ചരാത്രി പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് മൃതദേഹവുമായി നാട്ടിലേക്ക് തിരിക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. വേലായുധനും മാധവിക്കും വിപിനിനെക്കൂടാതെ ഒരു മകനും കൂടിയുണ്ട് -ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് അവസാനവര്‍ഷ വിദ്യാര്‍ഥിയായ ശോഭിന്‍.