പാവറട്ടി (തൃശ്ശൂര്‍): മഞ്ഞപ്പിത്തം ബാധിച്ച അമ്മയോടൊപ്പം നാട്ടിലേക്കുള്ള യാത്ര അമന് അന്ത്യയാത്രയായി. വെള്ളിയാഴ്ച അതിരാവിലെയാണ് ശര്‍മിളയും മകനും ചാവക്കാടിനടുത്ത പൂവ്വത്തൂരിലെ വീട്ടിലേക്ക് ഇന്റര്‍സിറ്റി എക്‌സ്പ്രസില്‍ യാത്ര തിരിച്ചത്. പൂവ്വത്തൂര്‍ കണ്ടാണശ്ശേരി പുല്ലാടത്ത് മോഹനന്റേയും പൂവ്വത്തൂര്‍ ഇടത്തറ വേലായുധന്റെ മകള്‍ ശര്‍മിളയുടേയും മകനായ അമനാണ് ഹൊസൂരിലെ തീവണ്ടിയപകടത്തില്‍ മരിച്ച ബാലന്‍. ബെംഗളൂരു സുല്‍ത്താന്‍പാളയിലെ എം.എസ്. കോണ്‍വെന്റ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇതേ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥിനി അനു സഹോദരിയാണ്.
കര്‍ണാടകയിലെ റെയ്ച്ചൂരില്‍ പാചകക്കാരനാണ് മോഹനന്‍. 20 വര്‍ഷമായി സുല്‍ത്താന്‍പാളയിലാണ് ഈ കുടുംബം താമസിക്കുന്നത്.
അപകടത്തില്‍ ശര്‍മിള (38)യുടെ കാലിന് ഗുരുതരമായി പരിക്കേറ്റു. ബെംഗളൂരു ഓസ്ദുര്‍ഗ് നാരായണഗുരുവാലയ ആസ്പത്രിയില്‍ ചികിത്സയിലാണിപ്പോള്‍ ശര്‍മിള. ജോലിത്തിരക്ക് മൂലം മോഹനന് ശര്‍മിളയോടും അമനോടുമൊപ്പം യാത്ര തിരിക്കാന്‍ കഴിഞ്ഞില്ല. വൈകിയെത്തിയ ട്രെയിനില്‍ ശര്‍മിളയും അമനും പുറപ്പെട്ടിട്ടുണ്ടെന്ന് പുവ്വത്തൂരിലെ വീട്ടിലേക്ക് വിളിച്ച് മോഹനനും, ട്രെയിനില്‍ കയറിയെന്ന് പറഞ്ഞ് ശര്‍മിളയും വിളിച്ചിരുന്നു.
അപകടശേഷം ശര്‍മിളയും അമനും അപകടത്തില്‍പ്പെട്ടുവെന്ന വിവരം മോഹനനാണ് പൂവ്വത്തൂരിലെ വീട്ടുകാരെ അറിയിച്ചത്. അപകടത്തില്‍പ്പെട്ടുവെന്ന് മാത്രമാണ് ആദ്യം ലഭിച്ച വിവരം. വീണ്ടും മോഹനന്റെ ഫോണെടുത്ത ബന്ധുക്കള്‍ക്ക് ആദ്യം ഇടറിയ ശബ്ദവും പൊട്ടിക്കരച്ചിലുമാണ് കേള്‍ക്കാനായത്. വിേശഷദിവസങ്ങള്‍ക്കും മറ്റും മോഹനനും കുടുംബവും പുവ്വത്തൂരിലെ വീട്ടിലെത്താറുണ്ട്. മോഹനന്റെ വീട് കണ്ടാണശ്ശേരിയിലാണെങ്കിലും പുവ്വത്തൂര്‍ കൂമ്പുള്ളി പാലത്തിനു സമീപത്തെ ഭാര്യവീട്ടിലേക്കാണ് അധികവും വിരുന്ന് വരുന്നത്.
അപകടവാര്‍ത്ത ശര്‍മിളയുടെ രോഗിയായ അമ്മയെ ഏറെനേരം കഴിഞ്ഞാണ് ബന്ധുക്കള്‍ അറിയിച്ചത്. ബന്ധുക്കളില്‍ ചിലര്‍ െബംഗളൂരുവിലേക്ക് പോയിട്ടുണ്ട്. വിദേശത്തുള്ള ശര്‍മിളയുടെ സഹോദരന്‍ അനിലും ബാക്കി ബന്ധുക്കളും കൂടി ശനിയാഴ്ച െബംഗളൂരുവിലേക്ക് പോകും. അമന്റെ മൃതദേഹം ബെംഗളൂരുവിലെ വിക്ടോറിയ ഗവ. ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. ശവസംസ്‌കാരം ശനിയാഴ്ച ബെംഗളൂരുവില്‍ നടക്കും.