നല്ല സിനിമയുടെ രശ്മികള്‍

വി.വി ശ്രീനാഥ്‌ Posted on: 01 Jan 2015


പുകകതുപ്പി ചലിച്ച് കുതിച്ചുപാഞ്ഞുവരുന്ന തീവണ്ടിയെക്കണ്ട് വെള്ളിത്തിരയ്ക്ക് മുന്നിലിരുന്ന പ്രേക്ഷകര്‍ എഴുന്നേറ്റോടിയെന്നത് 'സിനിമ'യുടെ കാഴ്ചവിസ്മയത്തെക്കുറിച്ചുള്ള ഒരു പഴങ്കഥയാണ്. ഹറാംപെറപ്പുകളുടെ പടപ്പാണെന്നുകരുതി സിനിമയുടെ ജനകീയതയെ പാടെ തള്ളിക്കളയുന്ന സമൂഹമനസ്സിലും വന്നിരിക്കുന്നു ഏറെ മാറ്റങ്ങള്‍.

മലപ്പുറത്തിന്റെ ചലച്ചിത്ര ആസ്വാദനത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് 'രശ്മി ഫിലിം സൊസൈറ്റി'യുേടത്. പുതുകാലത്തിന്റെ ഭാഷയില്‍ ആരോടും കിടപിടിക്കാവുന്ന ഒരു 'വിഷ്വല്‍ ചലഞ്ച്'.

1975 ലാണ് മലപ്പുറത്ത് 'രശ്മി ഫിലിംസൊസൈറ്റി' ഉദയമെടുക്കുന്നത്. പുതിയവര്‍ഷത്തില്‍ നാല്പതാം പിറന്നാള്‍ ആഘോഷത്തിനൊരുങ്ങുകയാണ് ഈ ചലച്ചിത്ര കൂട്ടായ്മ. സിനിമാഭ്രമം അത്രകണ്ട് വേരുപിടിച്ചിട്ടില്ലാത്ത മലപ്പുറത്തേക്ക് കോട്ടയത്തെ മണര്‍കാട്ടുനിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി എത്തിയ പ്രകാശ് ശ്രീധറിന്റെ അധ്വാനവും തെളിഞ്ഞവീക്ഷണവുമായിരുന്നു 'രശ്മി ഫിലിംസൊസൈറ്റി'യ്ക്ക് ജീവന്‍പകര്‍ന്നത്.

മലപ്പുറം നഗരസഭയുടെ പ്രഥമ ചെയര്‍മാനായിരുന്ന ഡോ. എം. അബൂബക്കര്‍ രശ്മിയുടെ കന്നി പ്രസിഡന്റുമായി. മലപ്പുറത്തെ പെരുമാള്‍ തിയേറ്ററില്‍ 'ചോമന്റെ തുടി' ആയിരുന്നു രശ്മിയുടെ ആദ്യ ചലച്ചിത്രപ്രദര്‍ശനം. പ്രദര്‍ശനത്തിനുമുമ്പ് സെക്രട്ടറിയായ പ്രകാശ് ശ്രീധര്‍ ഉച്ചത്തില്‍ ഓരോസിനിമയുടേയും പ്രാധാന്യവും കഥാസന്ദര്‍ഭവും വിവരിച്ചുകൊടുത്തു.

തുടക്കത്തില്‍ 30രൂപ മാത്രം അംഗത്വഫീസായി ഈടാക്കിയിരുന്ന 'രശ്മി'യെ സിനിമാസ്വാദകര്‍ തുറന്നമനസ്സോടെ ഏറ്റെടുത്തു.
രശ്മി രാജ്യാന്തര ചലച്ചിത്രോത്സവത്തിലൂടെ പുതിയ സിനിമാക്കാഴ്ചകളെ നെഞ്ചോടണച്ചു. നാല്പതാംവാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ പ്രസിഡന്റ് മണമ്പൂര്‍ രാജന്‍ബാബുവിന്റെയും സെക്രട്ടറി കാപ്പില്‍ വിജയന്റെയും സാരഥ്യത്തില്‍ 'രശ്മി' പുതിയ കര്‍മപഥങ്ങളിലേക്ക് നടന്നുതുടങ്ങുകയാണ്.

കെട്ടുറപ്പുള്ള തിരക്കഥയില്‍ നിര്‍മിച്ച ആദിമധ്യാന്തപ്പൊരുത്തമുള്ള ഒരുസിനിമകണക്കെ ജീവിതത്തിന്റെ ചിരിയെയും കരച്ചിലിനെയും ഉത്സവമാക്കിയ മലപ്പുറത്തുകാരന്റെ കാഴ്ചകള്‍ക്ക് പിന്നെയുമുണ്ടായി തുടര്‍ച്ചകള്‍. 2014 ഒക്ടോബര്‍ അവസാനവാരത്തില്‍ മഞ്ചേരിയില്‍നടന്ന ഒമ്പതാമത് മൊണ്ടാഷ് അന്താരാഷ്ട്ര ചലച്ചിത്രമേള പുതുതലമുറയുടെ നിറഞ്ഞ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ചങ്ങരംകുളത്തെ കാണി ഫിലിംസൊസൈറ്റിയും തിരൂരിലെ ഫ്രെയ്മും ജ്വാലയും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സിനിമനാടക കൂട്ടായ്മകളും പുതിയകാഴ്ചകള്‍ക്ക് വഴിതെളിക്കുന്നുണ്ട്. നാല്പത് വര്‍ഷംമുമ്പ് പെരുമാള്‍ കൊട്ടകയില്‍നിന്ന് ഉയര്‍ന്നുകേട്ട പരിഹാസങ്ങള്‍ക്കും കൂക്കുവിളികള്‍ക്കും ഇപ്പോള്‍ മലപ്പുറത്തുനിന്നുതന്നെ മറുപടികള്‍ ഉയര്‍ന്നുതുടങ്ങിയിരിക്കുന്നു.




 

ga