മരണത്തില്‍നിന്ന് തിരിച്ചുവന്ന ഡോക്ടര്‍ക്ക് നേട്ടങ്ങള്‍ കൊണ്ട് ജീവിതാഘോഷം

നിലീന അത്തോളി Posted on: 01 Jan 2015


തൃശ്ശൂര്‍: മൂന്ന് മാസം മാത്രം ആയുസ്സ് എന്ന് കേള്‍ക്കേണ്ടിവന്ന ഒരാള്‍ക്ക് ജീവിതത്തിലേക്ക് തിരിച്ചുവന്നാല്‍ എന്തൊക്കെ ചെയ്യാനാവും എന്ന് ചോദിച്ചാല്‍ ഡോക്ടര്‍ എം.ബി. സുനില്‍കുമാറിനോളം ചെയ്യാം എന്നാണുത്തരം.

അതിഗുരുതരമായ നിലയില്‍ രക്താര്‍ബുദം ബാധിച്ച് മരണത്തിന്റെ വക്കോളമെത്തിയിരുന്നു സുനില്‍കുമാര്‍ എന്ന വെറ്ററിനറി സര്‍ജന്റെ ജീവിതം. ഒരുഘട്ടത്തില്‍ വൃക്കകള്‍ വരെ തകരാറിലായി. 35 തവണ രക്തം നല്‍കി. 16 തവണ കീമോ തെറാപ്പിയും െചയ്തു. ശരീരം കറുത്തുണങ്ങി. അപ്പോഴും ആത്മവിശ്വാസം കൈവിട്ടില്ല. സുഹൃത്തുക്കളും ദൈവവും ശാസ്ത്രവും തുണയായി കൂടെ നിന്നു എന്നാണ് സുനില്‍ പിന്നീടുള്ള തന്റെ തിരിച്ചുവരവിനെ വിശേഷിപ്പിക്കുന്നത്.

അസുഖം മാറി വന്ന സുനില്‍ കൂടുതല്‍ ഊര്‍ജ്ജത്തോടെ, ആവേശത്തോടെ ജോലിയില്‍ ശ്രദ്ധയൂന്നി... രോഗം അടുത്തിടെ മാറിയയാള്‍ എന്ന പരിഗണന കൂടാതെതന്നെ. ചേര്‍പ്പ് മൃഗാസ്പത്രിയില്‍ തന്റെ തൊഴിലില്‍ വീണ്ടും സജീവമായി. ആ വര്‍ഷം 80 ക്യാമ്പുകള്‍ സംഘടിപ്പിച്ചു. മികച്ച വെറ്ററിനറി സര്‍ജനുള്ള ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെ അവാര്‍ഡ് നേടിക്കൊണ്ടാണ് തിരിച്ചുവരവ് അറിയിച്ചത്. പിന്നാലെ ഡോ. തോമസ് ജോസഫ് സ്മാരക അവാര്‍ഡും സംസ്ഥാന വെറ്ററിനറി സര്‍ജ്ജനുള്ള പ്രത്യേക പുരസ്‌കാരവും ലഭിച്ചു.

സമാനരീതിയില്‍ അസുഖം ബാധിച്ച് കഷ്ടപ്പെടുന്നവരെ സഹായിക്കാനും അവര്‍ക്ക് ഊര്‍ജ്ജം നല്‍കാനും മരണത്തില്‍നിന്ന് ജീവിതത്തിലേക്ക് തിരിച്ചുനടന്ന കഥ ഖണ്ഡശ്ശയായി ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ചു. പല കാന്‍സര്‍ രോഗികളും ലോകത്തിന്റെ നാനാകോണില്‍നിന്നും ജീവിക്കാനുള്ള ഊര്‍ജ്ജം തേടി സുനിലിനെ വിളിച്ചു. പലരുടെയും വീട്ടില്‍ ചെന്ന് വന്‍തിരിച്ചുവരവിനുള്ള ആവേശം രോഗികളില്‍ നിറച്ച് മരണത്തില്‍ നിന്നുള്ള മടക്കയാത്രയെ സുനില്‍ അര്‍ത്ഥവത്താക്കുകയായിരുന്നു.

ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച തന്റെ കഥ വായിച്ച സാഹിത്യകാരന്മാരായ അഷ്ടമൂര്‍ത്തിയും സുസ്‌മേഷ് ചന്ദ്രോത്തും നല്‍കിയ അഭിനന്ദനവാക്കുകളുടെ ഊര്‍ജ്ജത്തില്‍ പുസ്തകമിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം.



 

ga