കാഞ്ഞങ്ങാട്: മണ്ണിനെയും വെള്ളത്തെയും പൊന്നുപോലെ കാത്ത് കൃഷിയിടത്തില്‍ പൊന്‍പ്രഭ ചൊരിയുകയാണ് യുവകര്‍ഷകനായ രാജന്‍ മടിക്കൈ. മണ്ണിനും ജലത്തിനും വേണ്ടത്ര പ്രാധാന്യം നല്കുമ്പോള്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ വിളവുണ്ടാകുമെന്ന് രാജന്റെ കൃഷിത്തോട്ടം വിളിച്ചുപറയുന്നു.
മണ്ണും ജലവും ശാസ്ത്രീയമായി സംരക്ഷിച്ചപ്പോള്‍ ഈ യുവകര്‍ഷകന്റെ പത്തേക്കര്‍ തോട്ടം മാത്രമല്ല പ്രദേശമൊട്ടാകെ പച്ചപ്പണിഞ്ഞു. ജലക്ഷാമമില്ലാതായി. മടിക്കൈ കാഞ്ഞിരപ്പൊയിലിലെ കുട്ട്യാനത്താണ് നാല്പത്തഞ്ചുകാരനായ രാജന്റെ കൃഷിയിടം. ശാസ്ത്രജ്ഞന്മാരില്‍നിന്ന് പഠിച്ചതും സ്വയം വികസിപ്പിച്ചതുമായ ആശയങ്ങളാണ് രാജന്‍ പ്രാവര്‍ത്തികമാക്കിയത്. ഈ ആശയങ്ങളെയെല്ലാം പ്രകൃതി മാറോടുചേര്‍ത്തപ്പോള്‍ രാജനെ തേടിയെത്തിയത് സംസ്ഥാനസര്‍ക്കാറിന്റെ ക്ഷോണിമിത്ര ഉള്‍പ്പെടെ കൈനിറയെ പുരസ്‌കാരം.
1600 മഴക്കുഴി, 750ലേറെ വൃക്ഷത്തൈ, മഴവില്ല് മാതൃകയിലുള്ള 143 മണ്ണ് ൈകയാലകള്‍, അത്രയും കല്ല് ൈകയാലകള്‍, കൃഷിയിടങ്ങളില്‍ 60 തട്ടുകള്‍. മണ്ണൊലിപ്പുതടയാന്‍ രാജന്‍ പ്രാവര്‍ത്തികമാക്കിയത് ഇതില്‍ ചിലതുമാത്രം.തോട്ടത്തിലൊട്ടാകെ പുല്‍ച്ചെടി െവച്ചുപിടിപ്പിച്ചു.
അഞ്ചുലക്ഷം ലിറ്റര്‍ മഴവെള്ളം ഒരേസമയത്ത് സൂക്ഷിക്കാനാകുന്ന സംഭരണി. നീരുറവകളെ പൈപ്പുകളിലാക്കി വീട്ടിലെത്തിച്ചപ്പോള്‍ കുടിക്കാന്‍ ഒഷധഗുണമുള്ള വെള്ളവുമായി. ജലസംരക്ഷണം സാധ്യമാക്കിയതിനാല്‍ കൃഷിയിടത്തിലെ മേല്‍മണ്ണിന്റെ തോത് കൂടി. സാധാരണയില്‍ക്കവിഞ്ഞ് മേല്‍മണ്ണിന്റെ ഫലസമൃദ്ധി കൂടുകുയും ചെയ്തു. പ്രദേശത്ത് ആറുകുളമുണ്ട്. വേനലിന്റെ തുടക്കത്തില്‍ വറ്റുന്ന ഈ കുളങ്ങളില്‍ ഇപ്പോള്‍ മേടച്ചൂടില്‍പ്പോലും വെള്ളമുണ്ടെന്ന് നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
കോളേജ് വിദ്യാഭ്യാസത്തിനുശേഷം മണ്ണിലേക്കിറിങ്ങിയ രാജന്‍ ഏറെ പ്രതീക്ഷയോടെയാണ് കൈക്കോട്ടും മണ്‍വെട്ടിയുമെടുത്തത്. എന്നാല്‍, വേനല്‍ തുടങ്ങുമ്പോള്‍ത്തന്നെ കുട്ട്യാനം പ്രദേശം ഉണങ്ങിവരളും. മറ്റുകര്‍ഷകരെല്ലാം ജലക്ഷാമത്തിനുമുമ്പില്‍ മുട്ടുക്കുത്തി. എന്നാല്‍, തോറ്റുപിന്മാറാന്‍ രാജന്‍ തയ്യാറായില്ല. ആദ്യവര്‍ഷം കുന്നിന്‍മുകളിലേക്ക് കഷ്ടപ്പെട്ട് വെള്ളമെത്തിച്ചു. അടുത്തവര്‍ഷമായപ്പോള്‍ വെള്ളം നേരത്തേ ശേഖരിച്ചുവച്ചു. പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും ആശയങ്ങള്‍ ഒന്നൊന്നായി പ്രാവര്‍ത്തികമാക്കി.
ചെങ്കുത്തായ ചെരിവുകളെ തട്ടുകളാക്കിമാറ്റിയപ്പോള്‍ ഭൂമിയുടെ ഘടനതന്നെ മാറിയെന്ന് രാജന്‍ പറഞ്ഞു. വാഴയും റബ്ബറും കവുങ്ങും തെങ്ങും ജാതിക്കയും കപ്പയും മുതല്‍ പച്ചക്കറിത്തോട്ടങ്ങള്‍വരെ നീളുന്ന സമ്പല്‍സമൃദ്ധമായ കൃഷിയിടമായി ഇവിടം വളര്‍ന്നു. അമ്പരപ്പോടെയാണ് കൃഷിശാസ്ത്രജ്ഞര്‍ പോലും അതെല്ലാം നോക്കിക്കണ്ടത്. കാസര്‍കോട്ടെ കേന്ദ്ര തോട്ടവിളഗവേഷണകേന്ദ്രം ശാസ്ത്രജ്ഞര്‍ക്ക് അവരുടെ പരീക്ഷണകേന്ദ്രങ്ങളില്‍ ഒന്നായി കുട്ട്യാനത്തെ കൃഷിയിടം തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടിയുംവന്നില്ല