സിജു പറക്കുകയാണ്; ദൈവത്തിന്‍ ചിറകിലേറി

ബിബിന്‍ ബാബു Posted on: 01 Jan 2015

കൊച്ചി: 'ഗോഡ്‌സ് ഓണ്‍ വിങ്‌സ്' അതാണ് ആ ഫേസ്ബുക്ക് ഗ്രൂപ്പിന്റെ പേര്. ദൈവത്തിന്റെ ചിറകിലേറി പറക്കാന്‍ ഒരു കൂട്ടായ്മ. പേശികള്‍ക്ക് ബലം കുറയുന്ന രോഗവുമായി ജീവിക്കുന്ന ഡോ. സിജു വിജയനാണ് ഗ്രൂപ്പിന്റെ നായകന്‍.

വീട്ടുകാരും സുഹൃത്തുക്കളും പകരുന്ന ബലത്തിലാണ് 26 വര്‍ഷമായി തനിക്കൊപ്പമുള്ള രോഗത്തെ ഈ 30കാരന്‍ അതിജീവിക്കുന്നത്.
സ്വന്തമായി ഒരു ഹോമിയോ ക്ലിനിക്, മൂന്ന് ഹ്രസ്വചിത്രങ്ങളുടെ സംവിധാനം, നിറം പകര്‍ന്ന ഒരുപിടി ഗ്ലാസ് ചിത്രങ്ങള്‍, തളര്‍ന്നുകഴിയുന്നവര്‍ക്ക് പവര്‍ വീല്‍ ചെയര്‍ ലഭ്യമാക്കാന്‍ കൂട്ടായ്മ തുടങ്ങി പലതാണ് വീല്‍ചെയറില്‍ ദൂരങ്ങള്‍ താണ്ടുന്ന സിജുവിന്റെ പ്രവര്‍ത്തന മേഖലകള്‍.

നാലാം വയസ്സില്‍ അവിചാരിതമായി കാലുമടങ്ങി വീണു. പരിശോധനയില്‍ പേശികള്‍ക്ക് കാലക്രമത്തില്‍ ബലം കുറയുന്ന സ്‌പൈനല്‍ മസ്‌കുലാര്‍ അസ്‌ട്രോഫി എന്ന രോഗമാണെന്നറിഞ്ഞു.

അലോപ്പതിയില്‍ ഇതിന് മരുന്നില്ലായിരുന്നു. ദീര്‍ഘനാള്‍ ആയുര്‍വേദ ചികിത്സയായി. അപ്പോഴും പഠനം നിര്‍ത്താന്‍ അച്ഛന്‍ സമ്മതിച്ചില്ല. അങ്ങനെ പ്ലസ് ടു വരെ പനങ്ങാട്, അരൂക്കുറ്റി, പൂച്ചാക്കല്‍ ഭാഗങ്ങളിലായി പഠനം. അപ്പോഴേക്കും പരസഹായമില്ലാതെ പടികള്‍ കയറാന്‍ വയ്യെന്നായി. കോളേജ് വിദ്യാഭ്യാസത്തിനായെത്തിയത് മഹാരാജാസ് കോളേജില്‍. ചെറിയ വിഷമത്തോടെയാണ് കോളേജില്‍ ചേര്‍ന്നതെങ്കിലും കൂട്ടുകാര്‍ സിജുവിന്റെ സഹായത്തിനെത്തി.

2003ല്‍ തിരുവനന്തപുരം ശ്രീ വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കല്‍ കോളേജില്‍ ഹോമിയോപ്പതിക്ക് ചേര്‍ന്നു. കോളേജിനടുത്ത് താമസിച്ചായിരുന്നു പഠനം. അവിടെയും സുഹൃത്തുക്കളായിരുന്നു താങ്ങ്. പഠനത്തോടൊപ്പം വരയിലും കഴിവുതെളിയിച്ചതോടെ ഹോമിയോ കോളേജുകളുടെ കലോത്സവത്തില്‍ സിജു കലാപ്രതിഭയുമായി. 2012ല്‍ വീടിനു സമീപത്തായി 'ആയുഷ്്മിത്ര' എന്ന പേരില്‍ ഹോമിയോ ക്ലിനിക് തുറന്നു.

സിനിമയോടുള്ള ഇഷ്ടം കൊണ്ട്് ആ വര്‍ഷം തന്നെ ആദ്യ ഹ്രസ്വചിത്രമായി സ്ത്രീകളോടുള്ള കുറ്റകൃത്യങ്ങള്‍ വിഷയമാക്കി 'അനാമി ദ പ്രേ'യും പുറത്തിറക്കി. തുടര്‍ന്ന്്് മുല്ലപ്പെരിയാര്‍ വിഷയം ആവിഷ്‌കരിച്ച 'ഹെഡ്‌ലൈന്‍', ഗുരുതര രോഗങ്ങള്‍ ബാധിച്ച് ആശ്രയമില്ലാതെ കഴിയുന്നവരുടെ ജീവിതം പറഞ്ഞ 'പുനര്‍ജനി' തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സിജു സംവിധാനം ചെയ്തു. അതിനുശേഷമാണ് തളര്‍ന്നുകഴിയുന്ന അനേക ജീവിതങ്ങള്‍ക്ക് വെളിച്ചം നല്‍കാന്‍ 'ഗോഡ്‌സ് ഓണ്‍ വിങ്‌സ്' എന്ന കൂട്ടായ്മ തുടങ്ങുന്നത്. ഇതില്‍ നിന്നു സമാഹരിച്ച തുകയ്ക്ക് ജന്മനാ തളര്‍ന്നുകഴിയുന്നവര്‍ക്കായി പവര്‍ വീല്‍ചെയര്‍ സമ്മാനിച്ചു.

മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കളുടെ ജീവിതം വിഷയമാക്കി 'നോവ്' എന്ന ഹ്രസ്വചിത്രവും സംവിധാനം ചെയ്യുന്നുണ്ട്. വൈകാതെ ഒരു മുഴുനീള സിനിമയുടെ സംവിധാനമെന്നതാണ് സിജുവിന്റെ സ്വപ്നം. അരൂക്കുറ്റി കൊച്ചുകണ്ണപറമ്പില്‍ കെ.വി. വിജയന്റെയും വത്സലയുടെയും മകനാണ്.



 

ga