ഇരുളില്‍ പ്രകാശമായ് അധ്യാപക ദമ്പതിമാര്‍

കെ.കെ. വിശ്വനാഥന്‍ Posted on: 01 Jan 2015

പിറവം: ധന്യ ശിവന്‍. ജന്മനാ കാഴ്ചയില്ല. ഭര്‍ത്താവ് വിനോദ് കൃഷ്ണന്‍. കണ്ണുകള്‍ പാതി ഇരുട്ടിലാണ്. കാഴ്ച 30 ശതമാനം മാത്രം.വിധി ഇവര്‍ക്കായി കരുതിവച്ചത് കൂരിരുട്ടായിരുന്നു. എന്നാല്‍, ജീവിതം വിട്ടുകൊടുക്കാന്‍ ഒരുക്കമായിരുന്നില്ല. ആത്മവിശ്വാസവും ലക്ഷ്യബോധവും കൈമുതലാക്കി പൊരുതിയപ്പോള്‍ വിജയം ധന്യക്കും വിനോദിനും ഒപ്പമായി.

ഇന്ന് ധന്യ ശിവന്‍ കൂത്താട്ടുകുളം മണിമലക്കുന്ന് ഗവണ്‍മെന്റ് കോളേജില്‍ മലയാളം വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. വിനോദ് കൃഷ്ണന്‍ പിറവം കക്കാട് ഗവണ്‍മെന്റ് യു.പി. സ്‌കൂളില്‍ അധ്യാപകനും.

''അന്ധരായത് ഞങ്ങളുടെ കുറ്റമല്ല. എന്നാല്‍, ആ വിധിയെ പഴിച്ച് നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതം തളച്ചിടാന്‍ തയ്യാറല്ല. അന്ധതയുടെ എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് അവയോട് പൊരുതി ജീവിക്കാനാണ് ഞങ്ങള്‍ക്കിഷ്ടം'' ഇരുവരും ഒരേ സ്വരത്തില്‍ പറയുന്നു.

രാമമംഗലം കോട്ടപ്പുറം കോഴിപ്പിള്ളില്‍ ശിവന്റെയും രമയുടെയും മൂന്ന് മക്കളില്‍ രണ്ടാമത്തേതാണ് ധന്യ. മേസണ്‍ ജോലിക്കാരനാണ് ശിവന്‍. കാഴ്ചയില്ലാത്ത കുഞ്ഞ് പിറന്നപ്പോള്‍ ആ കുടുംബം ആദ്യമൊന്നു പതറി. എന്നാല്‍ മകളെ പഠിപ്പിച്ച് മറ്റുള്ളവരെപ്പോലെ ജീവിക്കാന്‍ പ്രാപ്തയാക്കുക എന്ന മഹത്തായ ദൗത്യം അവര്‍ ഏറ്റെടുത്തു. ആ നിശ്ചയദാര്‍ഢ്യമാണ് ധന്യയെ ഇന്നത്തെ നിലയിലെത്തിച്ചത്.

അഞ്ചാം വയസ്സില്‍ ആലുവ അന്ധവിദ്യാലയത്തിലാക്കുമ്പോള്‍ ആ പിതാവിന്റെ മനസ്സ് തേങ്ങിയിരുന്നു. എന്നാല്‍ അവിടത്തെ ജീവിതവും പരിശീലനവും ധന്യക്ക് എന്തും നേരിടാനുള്ള ആത്മവിശ്വാസം പകര്‍ന്നു. തിരുവനന്തപുരം വിമന്‍സ് കോളേജിലായിരുന്നു ഉപരിപഠനം. താത്പര്യമുള്ള സംഗീതം തന്നെ തിരഞ്ഞെടുത്തു. എന്നാല്‍ കാഴ്ചയില്ലാത്ത ധന്യയെ അധ്യാപകര്‍ അവഗണിച്ചു. രണ്ടാം ഭാഷ മലയാളമായിരുന്നു. അതേ കോളേജില്‍ മലയാളം ക്ലാസില്‍ ധന്യക്ക് അധ്യാപകരുടെയും സഹപാഠികളുടെയും സഹായം വേണ്ടുവോളം കിട്ടി. പിന്നെ ബിരുദത്തിന് വിഷയം മലയാളമാക്കി. ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡും ഒന്നാം ക്ലാസോടെയാണ് വിജയിച്ചത്. ടെസ്റ്റുകളെഴുതി കാത്തിരിക്കുമ്പോഴായിരുന്നു വിവാഹം.

പൂഞ്ഞാര്‍ വള്ളിനാക്കുന്നേല്‍ കൃഷ്ണന്‍കുട്ടിയുടെയും ചെല്ലമ്മയുടെയും മൂന്ന് മക്കളില്‍ ഇളയവനാണ് വിനോദ്. ആലുവ അന്ധവിദ്യാലയത്തില്‍ തന്നെയായിരുന്നു വിദ്യാഭ്യാസം. ടെലിഫോണ്‍ ബൂത്തില്‍ രാത്രി ജോലി ചെയ്താണ് വിനോദ് ഡിഗ്രിക്കും ടി.ടി.സി.ക്കും പഠിച്ചത്.

വിവാഹ ശേഷമാണ് രണ്ട് പേര്‍ക്കും ജോലി കിട്ടിയത്. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ സ്മാരക കോളേജിലായിരുന്നു ധന്യയുടെ ആദ്യ നിയമനം. പിന്നീട് ആറ് മാസം മുമ്പ് മണിമല കോളേജിലേക്ക് മാറ്റം കിട്ടി.

പാഠഭാഗങ്ങള്‍ റീഡറെക്കൊണ്ട് വായിപ്പിച്ച് ബ്രെയിലില്‍ രേഖപ്പെടുത്തി വേണ്ട തയ്യാറെടുപ്പുകളുമായാണ് ധന്യ ക്ലാസിലെത്തുന്നത്. അച്ഛന്‍ കോളേജില്‍ എത്തിച്ചാല്‍ പിന്നെ വേണ്ട സഹായങ്ങള്‍ക്ക് സഹ അധ്യാപകരും വിദ്യാര്‍ഥികളും സദാ കൂടെയുണ്ടാവും.
പാമ്പാക്കുട എംടിഎമ്മില്‍ എല്‍കെജി ക്ലാസില്‍ പഠിക്കുന്ന മകള്‍ ഹൃദ്യയിലൂടെ പ്രകൃതിയും നിറങ്ങളും അനുഭവിച്ചറിയുകയാണ് ധന്യയും വിനോദും ഇപ്പോള്‍.




 

ga