കരുതലിന്റെ വറ്റാത്ത സ്‌നേഹഉറവായി ഈ കിണര്‍ ഇനി ദാഹമകറ്റും....

Posted on: 01 Jan 2015


ഇരവിപേരൂര്‍: ആറാം ക്ലാസ്സിലെ കൂട്ടുകാരന്‍ അജോ വീട്ടുമുറ്റത്തെ കിണറ്റില്‍നിന്ന് വെള്ളം കോരി എടുക്കുമ്പോള്‍ സഹപാഠികളുടെ കണ്ണ് നിറഞ്ഞു. ഇങ്ങനെയൊരു കാഴ്ച ഒരുക്കാന്‍ അവര്‍ അത്രയേറെ കഷ്ടപ്പെട്ടിരുന്നു.

കൂട്ടുകാരന്റെ കുടുംബത്തിന് ശുദ്ധജലമെന്ന സ്വപ്‌നം സഫലമാക്കാന്‍ ഇരവിപേരൂര്‍ ഗവ.യു.പി.എസിലെ കൂട്ടുകാര്‍ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ തണലില്‍ അണിനിരന്നു. അത് നാടിനാകെ വഴികാട്ടിയായ മാതൃകയും.

തറയശേരില്‍ മാമ്പറമ്പില്‍ അജോയുടെ വീട് നാല് വര്‍ഷം മുമ്പ് നടന്ന ഒറു ദുരന്തത്തില്‍നിന്ന് മോചിതമല്ല. കുമ്പനാട്ടുണ്ടായ അപകടത്തില്‍ അജോയുടെ അച്ഛന്‍ ജോയി മരിച്ചിരുന്നു.ഇതോടെ കുടുംബം അനാഥാവസ്ഥയിലായി. മുത്തശ്ശന്‍ പാപ്പിയും മുത്തശ്ശി ശോശാമ്മയും അജോയുടെ ഇളയ സഹോദരിമാരായ ജോസ്‌നയും ജോയിസും ഉള്‍പ്പെടുന്ന കുടുംബത്തിന്റെ ഏക വരുമാനം അമ്മ ജ്യോതി വീട്ടുപണികള്‍ ചെയ്തു കിട്ടുന്ന തുച്ഛമായ തുകയാണ്.

പാപ്പി വാര്‍ധക്യത്തിന്റെ അവശതയിലാണ്. ശോശാമ്മ ഹൃദ്രോഗത്തിന് ചികില്‍സയിലും.
വീടിന്റെ മുറ്റത്ത് ,നിറയെ വെള്ളമുള്ള കിണര്‍ ഉണ്ടായിരുന്നുവെങ്കിലും മോശമായ നിലയില്‍ ആയിരുന്നു. കുടിക്കാന്‍ അയല്‍ വീടുകളെ ആണ് ഇവര്‍ ആശ്രയിച്ചത്. കെട്ടാത്ത, മൂടിയിടാത്ത കിണര്‍ ശരിയാക്കണം എന്ന് വീട്ടുകാര്‍ ആഗ്രഹിച്ചു. പക്ഷേ, അതിന് അവര്‍ക്ക് കഴിയുമായിരുന്നില്ല.

കൂട്ടുകാരന്റെ ബുദ്ധിമുട്ട് കേട്ടറിഞ്ഞ കുട്ടികള്‍ വീട്ടിലെത്തി. കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കി. കിണര്‍ വൃത്തിയാക്കാനും റിങ്ങ് ഇറക്കാനും അവര്‍ മനസ്സുകൊണ്ട് തീരുമാനിച്ചു. സീഡ് ക്ലബ്ബ് ഇതിന് മുന്നിട്ടിറങ്ങി. സുമനസ്സുകളുടെ സഹായം തേടി. ഈ വകയില്‍ കിട്ടിയ പണത്തിനൊപ്പം കുട്ടികളും സ്വന്തമായി തുക സ്വരുക്കൂട്ടി.

പാവപ്പെട്ട കുട്ടികളാണ് സ്‌കൂളില്‍ ഉള്ളത്. അവരുടെ നേതൃത്വത്തില്‍ സമാഹരിച്ചത് പതിനയ്യായിരം രൂപയാണ്. വഴികാട്ടികളായി അധ്യാപകരും ഒപ്പം നിന്നു.

വാര്‍ഡംഗം നിര്‍മ്മല ഗോപാലന്‍ കിണര്‍ വീട്ടുകാര്‍ക്ക് സമര്‍പ്പിച്ചു. എ.ഇ.ഒ. സുഗതന്‍, പഞ്ചായത്തംഗം വിജയന്‍ ബാബു, പ്രഥമാധ്യാപകന്‍ ഷാജഹാന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജോളിമോള്‍ ജോര്‍ജ്ജ്, അധ്യാപകരായ റോഷ്‌ന, റീന, വിദ്യ, അനിത, ജിജി എന്നിവരും പങ്കെടുത്തു.



 

ga