പാതയോരത്തെ മണ്ണ് നാരായണിക്കു നല്കിയത് പച്ചയായ ജീവിതം

Posted on: 01 Jan 2015

ദേശീയപാതയോരത്തെ പച്ചക്കറിത്തോട്ടത്തില്‍ നാരായണി


പെരിയ: 'ഹരിതയോരം' പദ്ധതി സര്‍ക്കാര്‍ മറന്നെങ്കിലും നാരായണിക്കത് മറക്കാനാകുന്നില്ല. കാരണം, അത് അവരുടെ ജീവിതംതന്നെ മാറ്റിമറിച്ച പദ്ധതിയായിരുന്നു. ഉപജീവനത്തിനായി കൃഷിചെയ്യാന്‍ കൃഷിയിടം അന്വേഷിച്ചിറങ്ങിയ കാലത്താണ് അന്നത്തെ കൃഷിമന്ത്രി മുല്ലക്കര രത്‌നാകരന്‍ ദേശീയപാതയോരത്ത് കൃഷിയിറക്കുന്ന ഹരിതയോരം പദ്ധതി പ്രഖ്യാപിക്കുന്നത്. ചാലിങ്കാല്‍ ദേശീയപാതയ്ക്കരികിലെ വീട്ടിനു മുന്നില്‍ത്തന്നെ സ്ഥലമുണ്ടായിട്ടും സര്‍ക്കാര്‍ ഭൂമിയായതിനാല്‍ തൊടാന്‍ മടിച്ചിരുന്ന നാരായണി പിന്നെ ഒട്ടും അമാന്തിച്ചില്ല. മകന്‍ പവിത്രന്റെ സഹായത്തോടെ 30 സെന്റ് സ്ഥലം കണ്ടെത്തി മണ്ണ് കിളച്ചുമറിച്ചു. പിന്നീട് കുഴിയൊരുക്കി നേന്ത്രവാഴകള്‍ വെച്ചു. മണ്ണ് ചതിച്ചില്ല. വിളവെടുപ്പില്‍ മികച്ച കുലകളാണ് ലഭിച്ചത്.

ആദ്യവിളവെടുപ്പ് കഴിഞ്ഞപ്പോഴേക്കും പദ്ധതിയെ സര്‍ക്കാര്‍ മറന്നു. കാലാവസ്ഥയും രാഷ്ടീയ കാലാവസ്ഥയും മാറി. കേരളത്തില്‍ ഭരണമാറ്റവും വന്നു. എന്നാല്‍ നാരായണി മാത്രം മാറിയില്ല. അവര്‍ കൃഷിയൊന്ന് മാറ്റിപ്പിടിച്ചു. വാഴക്കൃഷി വിളവെടുത്ത മണ്ണില്‍ പച്ചക്കറിക്കൃഷിയിറക്കി. പയറും നരമ്പനും പാവയ്ക്കയുമൊക്കെ നന്നായി വിളഞ്ഞു.

ചെറുപ്പത്തില്‍ അമ്മ ഭവാനിയോടൊപ്പം കൃഷിപ്പണിക്ക് സഹായിച്ച ശീലമാണ് നാരായണിയെ മികച്ച കര്‍ഷകയാക്കിയത്. മണ്ണ് പതം വന്നതോടെ ഇവിടെ ഏത് കൃഷിയും ചെയ്യാമെന്നായി. മികച്ച വിത്ത് അന്വേഷിച്ചുപോയ മകന്‍ പവിത്രന്‍ വയനാട്ടില്‍നിന്ന് നല്ല പച്ചക്കറിവിത്തുമായെത്തി. ഇത്തവണ വയനാടന്‍ വിത്ത് കൊണ്ട് കൃഷിയിറക്കിയ നാരായണിക്ക് മൂന്നര ക്വിന്റല്‍ പയറും രണ്ട് ക്വിന്റല്‍ വെള്ളരിക്കയും അത്രതന്നെ കക്കിരിയും ലഭിച്ചു. പോത്തുവളര്‍ത്തല്‍കൂടി സ്വന്തമായുള്ള നാരായണി ചാണകമാണ് കൃഷിയിടത്തില്‍ ഉപയോഗിക്കുന്നത്. നാരായണിയുടെ കൃഷിയുടെ വിജയം കണ്ട് അഭിനന്ദിക്കാന്‍ കഴിഞ്ഞദിവസം പെരിയയില്‍നിന്നും കൃഷിഓഫീസര്‍ സി.പ്രമോദ്കുമാറും സഹപ്രവര്‍ത്തകരും എത്തിയിരുന്നു. മഴക്കാലം വരുംവരെ പച്ചക്കറിക്കൃഷിയിറക്കി ശേഷം നെല്‍ക്കൃഷി ഇറക്കാനാണ് ഇവരുടെ തീരുമാനം. ജീവിക്കാനുള്ള വരുമാനം തന്ന ഹരിതഭൂമി ഹൈവേ വികസനം എത്തിയാല്‍ നഷ്ടപ്പെടുമോ എന്ന ആശങ്കയാണ് ഈ വീട്ടമ്മയ്ക്ക്.



 

ga