പുഴയെ രക്ഷിക്കാന്‍ അത്താഴം വെടിഞ്ഞ് അന്നയും അലവിയും

ഫഹ്മി റഹ്മാനി Posted on: 01 Jan 2015


കണ്‍മുന്നില്‍ പുഴ പ്രാണനുവേണ്ടി പിടയുന്നത് അലവിക്കുട്ടിക്ക് സഹിക്കാനായില്ല. കുട്ടിക്കാലത്ത് നീന്തിത്തുടിച്ച, മീന്‍ പിടിച്ചുല്ലസിച്ച തിരൂര്‍പൊന്നാനി പുഴയാണ് ഇല്ലാതാകുന്നത്. അദ്ദേഹത്തിന്റെ വേദന കുടുംബത്തിന്റെതുകൂടിയായി. അങ്ങനെയാണ് എരിഞ്ഞിക്കാട്ട് കുടുംബം പുഴയ്ക്കുവേണ്ടി അത്താഴപ്പട്ടിണി തുടങ്ങിയത്.

ഈ പുഴയോരത്ത് ജനിച്ചു വളര്‍ന്നതാണ് എരിഞ്ഞിക്കാട്ട് അലവിക്കുട്ടി. മരവും മലയും വെള്ളച്ചാട്ടങ്ങളുമാണ് മനസ്സ് നിറയെ. ആ സൗന്ദര്യം ആസ്വദിക്കാനാണ് 28ാം വയസ്സില്‍ നീലഗിരിയിലെത്തിയത്. കണ്ണിലും മനസ്സിലും പതിഞ്ഞ കാഴ്ചകള്‍ മറന്ന് നീലഗിരി വിടാന്‍ അലവിക്കായില്ല.

ചേരമ്പാടിയില്‍ മെഡിക്കല്‍ ഷോപ്പ് തുടങ്ങി നീലഗിരിയില്‍ താമസമാക്കി. അവിടെ ഫാര്‍മസിസ്റ്റായിരുന്ന അന്നക്കുട്ടി അലവിയുടെ ജീവിതപങ്കാളിയായി. മനസ്സുകള്‍ ഒന്നിച്ചപ്പോള്‍ മതം വഴിമാറിനില്‍ക്കുകയായിരുന്നു. ഏകമകള്‍ക്ക് പേരിട്ടപ്പോഴും പ്രകൃതിക്കായിരുന്നു മുന്‍തൂക്കം. ആശയെന്ന പേരിനൊപ്പം മുത്തുച്ചിപ്പിയെന്ന് അര്‍ത്ഥം വരുന്ന ഓയിസ്റ്ററെന്നുകൂടി ചേര്‍ത്തു.

22 വര്‍ഷംകഴിഞ്ഞ് ജന്മനാടായ തിരൂരിലെ കോട്ട് ആലിന്‍ചുവട്ടില്‍ തിരിച്ചെത്തി. തിരൂര്‍ പുഴയുടെ ഭീകരാവസ്ഥ അലവിയുടെ കണ്ണുതുറപ്പിച്ചു. 26 കിലോമീറ്റര്‍ മാത്രം നീളമുള്ള ഈ പുഴയാണ് നാടിന്റെ മാലിന്യമത്രയും ഏറ്റുവാങ്ങുന്നത്. പുഴയൊഴുകിയ പലയിടത്തും കെട്ടിടങ്ങളായി. നിറംകെട്ട വെള്ളത്തില്‍ മീനുകള്‍ ചത്തുപൊങ്ങി. ഇനി പുഴയും മരിക്കുമെന്ന തിരിച്ചറിവ് അലവിക്കുട്ടിയിലെ പോരാളിയെ ഉണര്‍ത്തി.

പുഴയിലേക്ക് മാലിന്യമൊഴുക്കിയവരെ അദ്ദേഹം തടഞ്ഞു. പലരെയും ഒറ്റുകൊടുത്തു. അധികാരികളുടെ കണ്ണിലെ കരടായി. പരാതികളും ഉറപ്പുകളും ഫലം കാണാതെ വന്നപ്പോള്‍ സത്യാഗ്രഹമിരുന്നു. ഒടുക്കം കോടതിയിലുമെത്തി.

2012 ല്‍ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കി. സ്വന്തം ചെലവിലാണ് രണ്ടുവര്‍ഷം കേസ് നടത്തിയത്. ചെറിയകച്ചവടക്കാരനായ അലവിക്കുട്ടിക്ക് അതത്ര എളുപ്പമല്ലായിരുന്നു. അന്നക്കുട്ടിയാണ് പ്രതിസന്ധി ഘട്ടത്തില്‍ കരുത്തായത്. തിരൂര്‍ ജില്ലാ അസ്പത്രിയില്‍ താത്കാലിക ഫാര്‍മസിസ്റ്റായ അന്നയുടെ സമ്പാദ്യവും ഒഴുകിയത് പുഴയിലേക്കുതന്നെ.

രാത്രി ഭക്ഷണം ഒഴിവാക്കി പണം മിച്ചംവെക്കാമെന്ന ആശയം അന്നക്കുട്ടിയുടേതാണ്. ഒപ്പം, ഇറച്ചിയും മീനുമെല്ലാം വേണ്ടെന്നുവെച്ചു. അങ്ങനെ മാസം ആറായിരം രൂപവരെ കേസിനായി മാറ്റിവെച്ചു. രണ്ടുവര്‍ഷത്തിനിടെ ഈ കുടുംബം പുതുവസ്ത്രം വാങ്ങിയിട്ടില്ല.

2014 സപ്തംബറില്‍ കേസ് ചെന്നൈയിലെ ദേശീയ ഹരിത ട്രിബ്യൂണലിലേക്ക് മാറ്റി. തിരൂര്‍ പുഴയില്‍ ഇനി മാലിന്യം വീഴരുതെന്ന് ഉത്തരവുമുണ്ടായി. ആദ്യം ഹാജരാകാന്‍ മടിച്ച വകുപ്പുമേധാവികള്‍വരെ കോടതിയിലെത്തി. അതിനിടെ വക്കീലിന് കൊടുക്കാന്‍ പണമില്ലാതെ അലവിക്കുട്ടി തന്നെ കേസ് വാദിച്ചു.

ഫിബ്രവരി ഒന്‍പതിന് കോടതിയില്‍ അനുകൂല വിധിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അന്നയും അലവിയും. നിയമ പോരാട്ടത്തിനിടെ പുഴ ഏറെ മാറി. മാലിന്യം നീക്കിത്തുടങ്ങി. സി.മമ്മൂട്ടി എം.എല്‍.എ. 75 ലക്ഷം രൂപ വകയിരുത്തി. നാട്ടുകാര്‍ ചേര്‍ന്ന് പുഴ സംരക്ഷണ സമിതിയുണ്ടാക്കി. മീനുകള്‍ വീണ്ടുമെത്തി. പൊങ്ങുവള്ളമിറക്കി നാട്ടുകാര്‍ യാത്രതുടങ്ങി...




 

ga