കണ്ണൂര്‍: സര്‍ക്കാര്‍നിയന്ത്രണം വന്നപ്പോള്‍ നഷ്ടപ്പെട്ട വനത്തിലെ ജീവിതം തിരിച്ചുപിടിക്കാന്‍ ആദിവാസികളിലെ മുതുവാന്‍ വിഭാഗം മണ്ണിലേക്കിറങ്ങുന്നു. നഷ്ടമായ പാരമ്പര്യവിത്തുകള്‍ വീണ്ടെടുത്ത് മുതുവാന്‍ കോളനികളില്‍ കൃഷിതുടങ്ങി. പൂയംകുട്ടി വനമേഖലയിലുള്ളവര്‍ ഒരുവര്‍ഷത്തേക്കുള്ള ഭക്ഷ്യധാന്യങ്ങളുടെ കരുതലാണ് ഇതിലൂടെ നേടിയത്.
ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, ജില്ലകളിലെ വനങ്ങളില്‍ ജീവിക്കുന്നവരാണ് മുതുവാന്മാര്‍. ഇവര്‍ക്ക് പരമ്പരാഗത കൃഷികളുണ്ടായിരുന്നു. കാട്ടുവിഭവം ശേഖരിക്കലും കാട്ടില്‍ത്തന്നെ കൃഷിചെയ്യുകയുമായിരുന്നു രീതി. നിയമം കടുത്തപ്പോള്‍ വനത്തില്‍ വിലക്ക് വന്നു. റേഷനരിയിലും ചെറുപയറിലുമായി ജീവിതം ഒതുങ്ങി. ഇതോടെ പരമ്പരാഗതകൃഷികള്‍ നശിച്ചു. ഇത്രയും കാലം സര്‍ക്കാര്‍ ആനുകൂല്യം കൊണ്ട് ആദിവാസികളുടെ ജീവതത്തിന് വലിയ മാറ്റമൊന്നുമുണ്ടായില്ല. മാത്രവുമല്ല, പോഷകാഹാരക്കുറവും രോഗങ്ങളും ഏറ്റുവാങ്ങേണ്ടിയും വന്നു. അങ്ങനെയാണ് പഴയ ജീവിതവും കൃഷിയും സമൃദ്ധിയും വീണ്ടെടുക്കാന്‍ ഉറിയംപട്ടിയിലെയും വാരിയത്തെയും ആദിവാസികള്‍ മണ്ണിലിറങ്ങാന്‍ ഒന്നിച്ചത്.
ഊരുകൂട്ടം കൂടി പരമ്പരാഗത കൃഷിചെയ്യാന്‍ തീരുമാനിച്ചു. ഇതിനുള്ള വിത്ത് കണ്ടെത്താന്‍ മറ്റ് മുതുവാന്‍ കോളനികളിലേക്ക് പോയി. കൊടുംവനത്തിലൂടെ കാല്‍നടയായി യാത്രചെയ്താണ് പലയിടത്തുനിന്നായി വിത്ത് എത്തിച്ചത്. തമിഴ്‌നാട്ടിലെ പരമ്പരാഗത മുതുവാന്‍ കോളനിയില്‍നിന്നാണ് കരനെല്ലിന്റെ വിത്ത് കിട്ടിയത്.
ചെങ്കുത്തായ കുന്നില്‍ 60 ഏക്കറില്‍ സമ്മിശ്രകൃഷിചെയ്തു. പെരുവായ, ആടിമോടന്‍ ഇനത്തിലെ കരനെല്ലാണ് പ്രധാനം. ഒപ്പം വെതയടകന്‍, തിന, റാഗി, തുവരപ്പരിപ്പ് എന്നിവയും ഒരുക്കി. കേരളത്തില്‍ കിട്ടാനില്ലാത്ത വിത്തുകളാണ് ഇവരുടേത്. കരനെല്ലും റാഗിയുമൊക്കെ ഔഷധഗുണം ഏറെയുള്ളതുമാണ്.
'ഉപ്പും തേയിലയും മാത്രമാണ് മുമ്പ് ഞങ്ങള്‍ വാങ്ങിയിരുന്നത്. കൃഷിനിന്നതോടെ റേഷനായി ആശ്രയം. ഇപ്പോള്‍ ഈ മണ്ണില്‍ ഞങ്ങള്‍ ജീവിതമാണ് തിരിച്ചുപിടിക്കാന്‍ ശ്രമിക്കുന്നത്' ഉറിയംപട്ടിക്കോളനിയിലെ മൂപ്പന്‍ കുഞ്ചിയപ്പര്‍ പറഞ്ഞു. മഴവെള്ളംമാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. രാസവളമോ കീടനാശിനിയോ ഇല്ല. കീടങ്ങളെ പരമ്പരാഗത കെണിവെച്ചുപിടിക്കും. കരനെല്ലിന് ചുറ്റുമാണ് റാഗി നടുന്നത്. അതിന് ഇവര്‍ പറയുന്നൊരു കഥയുണ്ട്. നെല്ലിന്റെ ചേച്ചിയാണ് റാഗി. നെല്ലിനെ ആക്രമിക്കാന്‍വരുന്ന കീടങ്ങളെ ചേച്ചിയായ റാഗി തടയും. ഇങ്ങനെ കൃഷിചെയ്താല്‍ നെല്ലിന് കീടബാധയേല്‍ക്കില്ലെന്നതാണ് ഈ കഥയുടെ അടിസ്ഥാനം.
ഊരുകൂട്ടത്തിന്റെതാണ് കൃഷി.
തോട്ടത്തില്‍ കാവല്‍പ്പുരകള്‍ കെട്ടി അതില്‍ താമസിച്ചാണ് എല്ലാവരും കൃഷിക്കിറങ്ങുക. വിളവെടുത്ത നെല്ല് ഏറുമാടങ്ങളിലൊരുക്കിയ സംഭരണികള്‍ സൂക്ഷിക്കും. ഇതിനകം 30 ഏക്കറില്‍ നിന്ന് വിളവെടുപ്പ് കഴിഞ്ഞു. കടുത്ത മഴക്കാലത്ത് ഇവര്‍ക്ക് കാട്ടില്‍ പോകാനാവില്ല. ഈ സമയത്തേക്കുള്ള കരുതലാണ് സംഭരണശാലകളിലുള്ളത്. അടുത്തവര്‍ഷം അല്ലലില്ലാതെ ജീവിക്കാനുള്ള ഭക്ഷ്യവസ്തുക്കള്‍ ഇവരുടെ സംഭരണത്തിലുണ്ട്. വിത്തും വിളയുമൊന്നും വില്പനയ്ക്കുള്ളതല്ല. മറ്റ് ജില്ലകളിലെ മുതുവന്‍ വിഭാഗക്കാര്‍ക്കും വിത്ത് കൈമാറി കൃഷി വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. ഒരേക്കറിന് 6,000 രൂപ സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ട്. െ്രെടബല്‍ ഓഫീസറായ ഹെറാള്‍ഡ് ജോണ്‍ ആണ് മുതുവാന്മാരെ പരമ്പരാഗത കൃഷിയിലേക്ക് നയിച്ചത്.