കുടുബിനികളുടെ ശബ്ദമായി വരുന്നു മീഡിയാശ്രീ

ഒ.കെ. ധനുഷ Posted on: 01 Jan 2015


പുതുവര്‍ഷത്തില്‍ അവര്‍ ഒരുങ്ങുകയാണ്.. നാടിന്റെ ആവശ്യങ്ങള്‍ വിളിച്ചുപറയാനും സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാനും ഒരു ടെലിവിഷന്‍ചാനല്‍ എന്നസ്വപ്നം യാഥാര്‍ഥ്യമാക്കാന്‍. സ്വപ്നം സത്യമായാല്‍ ഇനി ഉയര്‍ന്നുകേള്‍ക്കാം, മീഡിയാശ്രീ എന്ന ചാനലിലൂടെ മലപ്പുറത്തെ കുടുംബിനികളുടെ ഉറച്ചശബ്ദം.

ഓരോനാടിന്റേയും പഴമയും പെരുമയും വരച്ചുകാട്ടുന്ന സമ്പൂര്‍ണ ഡോക്യുമെന്ററികളാണ് മീഡിയാശ്രീയുടെ ആദ്യസംരംഭം. ഡോക്യുമെന്ററിയ്ക്ക് ദൈര്‍ഘ്യം 30 മിനിട്ടുമാത്രം. എന്നാല്‍ ഇതില്‍ നിങ്ങളുടെ പ്രദേശത്തെ കാണാം, പ്രാദേശികമായ ഓരോ നുറുങ്ങുവിവരങ്ങളും അറിയുകയുമാകാം.

ജില്ലയിലെ എല്ലാ പഞ്ചായത്തുകളും നഗരസഭകളും ഓരോ ഡോക്യുമെന്ററികളാണ് ഒരുക്കുന്നത്. എന്തൊക്കെയാണ് ഇവിടെയുള്ളത്, ഭരണകൂടം ഒരുക്കുന്ന സൗകര്യങ്ങള്‍ എന്തെല്ലാം തുടങ്ങി എല്ലാവിവരങ്ങളും ഇതിലുണ്ടാകും. ഈ ഡോക്യുമെന്ററി ഒരു തുടക്കംമാത്രമാണ്. ഡോക്യുമെന്ററിക്കാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചതും തിരക്കഥരചിച്ചതും ഇവരാണ്.

പരിശീലനംലഭിച്ചവരെ ഉപയോഗിച്ച് 'ഫ്രെയിംശ്രീ' എന്നപേരില്‍ അഞ്ചുലേഖികമാര്‍ ഉള്‍പ്പെടുന്ന ഓരോ സംഘം ഓരോ പഞ്ചായത്തിലും നഗരസഭകളിലും പ്രവര്‍ത്തിക്കും. ഇവര്‍ക്ക് ടെലിവിഷന്‍ റിപ്പോര്‍ട്ടിങ്, വീഡിയോ പ്രൊഡക്ഷന്‍, ക്യാമറ തുടങ്ങിയവയില്‍ വിദഗ്ധപരിശീലനം നല്‍കും. സ്വയംസംരഭകരായിമാറുന്ന ഫ്രെയിംശ്രീ ലേഖികമാര്‍ക്ക് നാട്ടിലെ കല്യാണങ്ങള്‍ വീഡിയോയില്‍ പകര്‍ത്തുന്ന ജോലിയിലും പ്രവേശിക്കാം.

ഈ ഫ്രെയിംശ്രീ ലേഖികമാരെ ഒന്നിച്ചുചേര്‍ത്ത് പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് പ്രാധാന്യംനല്‍കുന്ന 'മീഡിയാശ്രീ' ചാനലാണ് പദ്ധതിയുടെ ആത്യന്തികമായ ലക്ഷ്യം. 35നുമുകളില്‍ പ്രായമുള്ളവരാണ് മുഴുവന്‍ ലേഖികമാരും. വിദ്യാഭ്യാസം കുറവ്. കുടുംബത്തിന്റ ഭാരംമുഴുവന്‍ ചുമലില്‍ കൊണ്ടുനടക്കുന്നവര്‍. എന്നാല്‍ സമൂഹത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം ഒന്നുമാത്രം ആര്‍ക്കും പണയംവെച്ചിട്ടില്ല ഇവര്‍. അതുതന്നെയാണ് ഈ സംരംഭത്തിന്റെ കരുത്തും.

ഭാവിയിലെ ലേഖികമാര്‍ക്ക്് പ്രോത്സാഹനവുമായി ജില്ലാ കുടുംബശ്രീ മിഷന്‍ കോഓര്‍ഡിനേറ്റര്‍ കെ. മുഹമ്മദ് ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള കുടുംബശ്രീക്കൂട്ടം കൂടെയുണ്ട്.

'ഫ്രെയിംശ്രീ ലേഖികമാരെല്ലാം കുടുംബശ്രീ പ്രവര്‍ത്തകര്‍ ആയതുകൊണ്ടുതന്നെ ഓരോ ചെറിയസംഭവങ്ങള്‍പോലും പൈട്ടന്ന് അറിയാന്‍കഴിയും. അവ പുറംലോകത്തെത്തിച്ച് സ്ത്രീകളുടെ ശബ്ദമായിമാറാനാണ് മീഡിയാശ്രീയുടെ ശ്രമം.'' എ.ഡി.എം. സി.കെ. അബ്ദുള്‍ബഷീര്‍ പറഞ്ഞു.

മലപ്പുറത്തിന്റെ പുത്തന്‍വിശേഷങ്ങളുമായി ഈ കുടുംബിനികള്‍ വരും, സമൂഹത്തിന്റെ മുന്‍നിരയിലേയ്ക്ക് ..കാത്തിരിക്കുക.




 

ga