കൃഷിചെയ്യാന്‍ സ്ഥലമില്ലെന്നോ? എന്തിനാണധികംസ്ഥലം. രണ്ടുസെന്റെങ്കിലുമുണ്ടോ? അല്ലെങ്കില്‍ സ്വന്തമായി ഒരു ടെറസ്സെങ്കിലും..? 'അത്രയുമുണ്ടല്ലോ, അതുമതി'. ഹൗ ഓള്‍ഡ് ആര്‍ യുവിലെ മഞ്ജുവാരിയര്‍ ശൈലിയില്‍ ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍ നിങ്ങളോടുപറയും.
ഭൂമിയില്ലാത്തവര്‍ക്കും കൃഷിചെയ്ത് നല്ല പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നതിനായി വികസിപ്പിച്ചെടുത്ത സെമി പെര്‍മനന്റ് ടവര്‍(എസ്.പി.ടി) എന്നസംവിധാനവും അദ്ദേഹം കാണിച്ചുതരും.
മലപ്പുറംജില്ലയുടെ കാര്‍ഷികപ്രതീക്ഷകളില്‍ മുന്നിട്ടുനില്‍ക്കുന്നതും നൂതനമായ ഇതുപോലുള്ള സംവിധാനങ്ങളിലൂടെയുള്ള പച്ചക്കറി സ്വയംപര്യാപ്തതയാണ്. ഹൈടെക് കൃഷിരീതികളുടെ വ്യാപനവും പ്രതീക്ഷനല്‍കുന്നു.
200 രൂപ മുതല്‍ 2000 രൂപവരെ വിലയുള്ള വിവിധ എസ്.പി.ടി മോഡലുകള്‍ ഉണ്ട്. ചാക്കുകള്‍ തുന്നിച്ചേര്‍ത്ത് എളുപ്പത്തില്‍ ഉണ്ടാക്കിയെടുക്കാവുന്നതാണ് അടിസ്ഥാന മോഡല്‍. മുപ്പതോളം തൈകള്‍ ഒരേസമയം നടാവുന്നസംവിധാനമാണിത്. മണ്ണുനിറച്ച് വശങ്ങളിലിടുന്ന തുളകളിലൂടെയാണ് തൈകള്‍ വളര്‍ത്തുക. പ്ലാസ്റ്റിക് ബാരലുകള്‍ ഉപയോഗിച്ചുനിര്‍മിക്കുന്നതാണ് മറ്റൊന്ന്.
1000 രൂപയില്‍ താഴെമാത്രമേ ചെലവുവരൂ. ഉപയോഗിച്ചതോ കേടുപാടുള്ളതോ ആയ ബാരലുകള്‍ വാങ്ങിയാല്‍ ചെലവ് പിന്നെയും കുറയ്ക്കാം. നൂറിലധികം തൈകള്‍ നടാവുന്നതാണ് മൂന്നാമത്തെ മോഡല്‍. കൂടുതല്‍ ഈടുനില്‍ക്കുന്ന ഇതിന്റെ നടുവിലുള്ള പൈപ്പിലൂടെ ജലസേചനവും എളുപ്പമാണ്.
ഇലക്കറികളും തക്കാളി, പയര്‍പോലുള്ളവയും കൃഷിചെയ്യാന്‍ ഉത്തമമാണിവ. കറിവേപ്പിലപോലും ഇതില്‍ വളര്‍ത്തിയെടുക്കാം. കാര്‍ഷികഗവേഷണകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന ഹൈടെക് കാര്‍ഷിക കര്‍മസേന ഇവയുടെ നിര്‍മാണത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കും.
'ഭൂമിയില്ലാത്തവര്‍ക്കും ഭക്ഷണം' എന്നലക്ഷ്യമാണ് ഇത്തരമൊരു സംവിധാനം വികസിപ്പിക്കാന്‍ പ്രേരണയായതെന്ന് ഡോ. രാജേന്ദ്രന്‍ പറഞ്ഞു. ഭൂമിവില താരതമ്യേന കൂടുതലുള്ള മലപ്പുറത്ത് ഇത്തരംരീതികളും ഹൈടെക് കൃഷിയും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രവുമായി ബന്ധപ്പെടാനുള്ള നമ്പര്‍: 0483 2848239, e-mail: arsanakkayam@kau.in