ചിറ്റൂര്‍: പഠനത്തോടൊപ്പം വിഷരഹിത ഭക്ഷ്യോത്പാദനവും പരിശീലിക്കയാണ് ചിറ്റൂര്‍ ഗവ. ടീച്ചേഴ്‌സ് ട്രെയ്‌നിങ് സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഇതിനായി സ്‌കൂളിന്റെ പിന്‍വശത്തെ പാമ്പും പഴുതാരയുമിഴയുന്ന അരയേക്കര്‍ കാട് ഇവര്‍ വെട്ടിത്തെളിച്ച് വിത്തുപാകി. രാസവളമില്ലാതെ വളര്‍ന്ന വാഴയും കപ്പയും ചേമ്പും ചേനയുമെല്ലാം നൂറുമേനി വിളവാണിവര്‍ക്ക് നല്‍കിയത്. ഇത് നല്‍കിയ സംതൃപ്തിയുമായി ഇവര്‍ വീണ്ടും മണ്ണിലേക്കിറങ്ങിയിരിക്കയാണ്. ഇത്തവണ വേനല്‍ക്കാല വിളകളായ പാവല്‍, വഴുതിന, കുമ്പളം എന്നിവയിലാണ് പരീക്ഷണം.
ഔഷധത്തോട്ടത്തിലും പൂന്തോട്ടത്തിലുമൊതുങ്ങേണ്ട സ്‌കൂള്‍ സിലബസ്സിലെ പ്രവൃത്തിപരിചയ ക്‌ളാസാണ് പച്ചക്കറിക്കൃഷിയിലേക്കും വ്യാപിപ്പിച്ചത്. മണ്ണിന്റെ ഫലഭൂയിഷ്ഠത ഒലിച്ചുപോകാതിരിക്കാന്‍ കൃഷിയിടത്തിന്റെ അരികുകളില്‍ മാതളം, മാവ് തുടങ്ങിയ ഫലവൃക്ഷത്തെകള്‍ നട്ട് സംരക്ഷണമൊരുക്കി. പ്രത്യേക രീതിയില്‍ ബണ്ടുകള്‍ തീര്‍ത്തപ്പോള്‍ നനയ്ക്കുന്ന വെള്ളവും സ്ഥത്തുതന്നെ ആഴ്ന്നിറങ്ങി.
പച്ചിലയും ചാണകവും വേപ്പെണ്ണയും പുകയിലക്കഷായവും മാത്രമാണ് ചെടികളുടെ സുഗമമായ വളര്‍ച്ചയ്ക്ക് നല്‍കിയത്. പോഷകങ്ങളേറെയുള്ള കുവ്വ, കൂര്‍ക്ക, മാങ്ങ ഇഞ്ചി എന്നിവയും വാഴ, വഴുതിന, ചേന, ചേമ്പ്, കപ്പ, മുളക്, മഞ്ഞള്‍, തക്കാളി തുടങ്ങിയവയും കൃഷിയിറക്കി.
തത്തമംഗലം കൃഷിഭവനില്‍നിന്ന് ജലസേചനത്തിന് ഒരുമോട്ടോര്‍ അനുവദിച്ചുകിട്ടിയതിനാല്‍ നനയ്ക്കല്‍ ഒരു പ്രശ്‌നമായില്ല. കലാലയത്തിന് ചുറ്റുമുള്ള വന്‍ മരങ്ങള്‍ നശിപ്പിക്കാതെയുള്ള കൃഷിയായതിനാല്‍ കാബേജും കോളിഫ്ലവറും മാത്രം ഇവിടെ വിളഞ്ഞില്ല. മണ്ണൂത്തിയിലെ കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍നിന്ന് പുരസ്‌കാരവും ഇവരുടെ സംരംഭത്തിന് ലഭിച്ചിരുന്നു. പ്രിന്‍സിപ്പല്‍ എ. ജൂനാമ്മ, അധ്യാപകരായ ഡോ. അഷ്‌റഫ് അലി, ജോസ് ജോസഫ് എന്നിവരുടെ പരിപൂര്‍ണ സഹകരണവും കുട്ടികള്‍ക്കുണ്ട്. മികച്ച വിളവാണിവരുടെ പ്രകൃതി സൗഹാര്‍ദ കൃഷിക്കെങ്കിലും തത്കാലം ഇതൊന്നും വില്പനയ്ക്കില്ല. ഓരോ ഘട്ടത്തിലും ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ കുട്ടികളും അധ്യാപകരും അവരവരുടെ വീടുകളിലേക്കുതന്നെയാണ് കൊണ്ടുപോകുന്നത്.