എരയാംകുടി പാടം മാത്രമല്ല; പാഠം കൂടിയാണ്...

എ.ജി. മുരളി Posted on: 01 Jan 2015

മാള: ഇതോടൊപ്പമുള്ള ചിത്രങ്ങള്‍ കാണൂ, ഒരു വയല്‍ അതിന്റെ ദുരന്തത്തെ മറികടന്നതിന്റെ കഥയാണിത്. മണ്ണ് ജീവന്‍ വീണ്ടെടുത്ത് പച്ചപ്പിലേക്ക് വളര്‍ന്ന അതിജീവനത്തിന്റെ ചരിത്രം.

നെല്ലിനുപകരം ഇഷ്ടികക്കളങ്ങള്‍ വളര്‍ന്ന കാലമുണ്ടായിരുന്നു അന്നമനട പഞ്ചായത്തിലെ എരയാംകുടി പാടശേഖരത്തിന്.
മൂന്നു പൂവും കൃഷി ചെയ്തിരുന്ന 300 ഏക്കര്‍ പാടം ഭൂമാഫിയ വന്‍ വിലനല്‍കി കൈക്കലാക്കി. ഒരു കൊല്ലംകൊണ്ട് ഇവിടെ ഫാക്ടറികള്‍ ഉയര്‍ന്നു.
എരയാംകുടി പാടശേഖരം സമരനാളുകളില്‍ (ഫയല്‍ചിത്രം)



പൊടികലര്‍ന്ന പുക പരിസരമാകെ നിറഞ്ഞു. എല്ലാസമയത്തും വണ്ടികളുടെ മുരള്‍ച്ച. വറ്റാത്ത കിണറുകള്‍വരെ വറ്റി. ഉള്ള വെള്ളത്തില്‍ ചെളി കലങ്ങി.
ഇഷ്ടികക്കളങ്ങള്‍ ഒഴിഞ്ഞ പാടത്ത് വീണ്ടും കൃഷിയിറക്കിയപ്പോള്‍


പൊറുതിമുട്ടിയ ജനം സ്വയം സമരത്തിലേക്ക് എത്തുകയായിരുന്നു, കൊടിയോ വലിയ നേതാക്കളോ ഇല്ലാതെ. മണ്ണ് തിരിച്ചുപിടിക്കാന്‍ ജനം മുന്നിട്ടിറങ്ങിയതിന്റെ ചരിത്രമാണ് പിന്നെ ഉണ്ടായത്. കളിമണ്‍ കൂനകളും ഇഷ്ടികക്കഷണങ്ങളും മാറ്റി ജനം സംഘടിതമായി കൃഷിയിറക്കി. കവി സുഗതകുമാരി വിത്ത് വിതയ്ക്കാന്‍ എത്തിയത് എല്ലാവര്‍ക്കും ആവേശമായി. അപ്പോഴും വിജയത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നു. എന്നാല്‍, 103 ദിവസങ്ങള്‍ ആ സംശയം ഇല്ലാതാക്കി. കവി കെ.ജി. ശങ്കരപ്പിള്ള നെല്ല് കൊയ്യാന്‍ എത്തി. ഗത്യന്തരമില്ലാതെ കളിമണ്‍കച്ചവടക്കാര്‍ കളമൊഴിഞ്ഞു.

കഴിയാവുന്നത്ര സ്ഥലങ്ങളില്‍ ഇവിടെ ഇപ്പോള്‍ ഇരുപ്പൂവ് കൃഷി ചെയ്യുന്നു. കൊറ്റികളും മറ്റു കിളികളും തിരിച്ചെത്തി. കുടിവെള്ളപ്രശ്‌നത്തിനും പരിഹാരമായി. നൂറ് ഏക്കറോളം സ്ഥലം ഇപ്പോഴും കൃഷി ചെയ്യാനാവാത്തവിധം കുഴികളായി കിടക്കുന്നുണ്ടെന്ന് സമരത്തിന് നേതൃത്വം നല്‍കിയ അധ്യാപിക ജയശ്രീ പറയുന്നു. അവിടെയും കൃഷിചെയ്യാനുള്ള ശ്രമത്തിലാണിവര്‍.




 

ga