ഗുരുവായൂര്‍: അരയ്ക്കു താഴെ തളര്‍ന്നെങ്കിലും തോല്‍ക്കാന്‍ തയ്യാറല്ല ഷിബിനും ഷിംനയും.മൊബൈല്‍ റീച്ചാര്‍ജ് ബിസിനസ്സിലൂടെയാണ് സ്വന്തമായി വരുമാനം ഇരുവരും കണ്ടെത്തുന്നത്. പോരാത്തതിന് കടകളില്‍ വില്‍പ്പനയ്ക്ക് കൊടുക്കാന്‍ പാവ നിര്‍മ്മാണവും.
ഗുരുവായൂര്‍ തൈക്കാട് പന്നിപ്പറമ്പില്‍ പുരുഷോത്തമന്റെയും ഗീതയുടെയും മക്കളാണ് 25കാരനായ ഷിബിനും 23കാരിയായ ഷിംനയും. എല്ലുകള്‍ മുറിയുകയും പേശികള്‍ക്ക് ക്ഷതമേല്‍ക്കുകയും ചെയ്യുന്ന രോഗം പിടിമുറുക്കിയിട്ടുള്ള ഈ സഹോദരങ്ങള്‍ക്ക്എഴുന്നേറ്റുനില്‍ക്കാന്‍പോലും പരസഹായം വേണം. എന്നാല്‍, വിശ്രമിക്കാന്‍പോലും നേരമില്ലാത്ത അവസ്ഥയാണിപ്പോഴെന്ന് രണ്ടുപേരും പറയുന്നു. ഏതുസമയവും മൊബൈല്‍ റീചാര്‍ജ് ചെയ്യാന്‍ ആളുകളുടെ വരവും ഫോണ്‍വിളികളുമാണ്.
അതുകൊണ്ട് രോഗാവസ്ഥയെക്കുറിച്ച് ചിന്തിച്ച് വിഷമിക്കാന്‍ രണ്ടുപേര്‍ക്കും നേരമില്ല.ഒരുദിവസം ചുരുങ്ങിയത് 250 രൂപയെങ്കിലും ആദായം ലഭിക്കുന്നുണ്ടിവര്‍ക്ക്.
ഗുരുവായൂരിലെ കടകളിലേക്ക് പാവക്കുട്ടികള്‍ നിര്‍മിച്ചുകൊടുക്കുന്ന പണികളിലും ഇവര്‍ ആനന്ദം കണ്ടെത്തുന്നു. ചെറിയ പാവരൂപങ്ങള്‍ വാങ്ങി അതിന് ഉടുപ്പ് തുന്നി തലമുടിയുണ്ടാക്കി മനോഹരമാക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു പാവയ്ക്ക് 40 രൂപ കിട്ടും.
'ഞങ്ങള്‍ ഈ വീല്‍ചെയറുകളിലിരുന്ന് ജീവിതം അടിച്ചുപൊളിക്കും. ശരീരത്തിന് തളര്‍ച്ച സംഭവിച്ചെങ്കിലും അന്തവും ബോധവും ദൈവം തന്നിട്ടില്ലേ. അതും ഇല്ലെങ്കിലോ?' ഷിബിനും ഷിംനയും ഒരേസ്വരത്തില്‍ പറയുന്നു. ഷിബിന് ഒരു ലാപ്‌ടോപ് കിട്ടിയാല്‍ നന്നെന്നുണ്ട്. അതിലൂടെ കുറേ ലോകമറിയാനാണ്. അനിയത്തിക്കും പറഞ്ഞുകൊടുക്കാമല്ലോ, അതുമാത്രമാണിവരുടെ ആവശ്യം.