കുടിയേറ്റഭാഷ, ഈ ഗ്രാമത്തില്‍ അഞ്ച് നൂറ്റാണ്ട് കഴിഞ്ഞും ജീവിക്കുന്നു
ബിജു ആന്റണി
Posted on: 01 Jan 2015
ചേര്‍പ്പ്: കുടിയേറിവന്ന, ലിപിയില്ലാത്ത ഒരു ഭാഷയെ നിധിപോലെ സൂക്ഷിക്കുകയാണ് ഈ കുടുംബങ്ങള്‍. ഭാഷകള്‍ പലതും മരിക്കുകയോ മരണത്തോട് അടുക്കുകയോ ചെയ്യുന്ന ഇക്കാലത്ത് ഊരകത്തുനിന്ന് കേള്‍ക്കുന്നത് ആഹ്‌ളാദവും ആശ്ചര്യവും പകരുന്ന വര്‍ത്തമാനം.
16ാം നൂറ്റാണ്ടില്‍ ഗോവയില്‍നിന്ന് പോര്‍ച്ചുഗീസുകാര്‍ക്ക് ഒപ്പം കുടിയേറിവന്നവരുടെ കൊങ്കണി ഭാഷയാണ് പിന്‍ഗാമികളിലൂടെ ഇവിടെ നിലനില്‍ക്കുന്നത്. മറാത്തിയും കൊങ്കണിയും കലര്‍ന്നതാണ് ഇതെന്ന് കണ്ണൂര്‍ സര്‍വ്വകലാശാലയിലെ നരവംശശാസ്ത്രജ്ഞന്‍ ഡോ. എം.എസ്. മഹേന്ദ്രകുമാര്‍ പറഞ്ഞു.
പോര്‍ച്ചുഗീസുകാര്‍ക്ക് ഒപ്പം വന്നവര്‍ തിരുവിതാംകൂറിലും കൊച്ചിയിലുമാണ് ആദ്യം താമസമാക്കിയത്. മുസിരിസ് തുറമുഖം വഴി വന്നവര്‍ തൃശ്ശൂര്‍ ജില്ലയില്‍ ഊരകത്തും വല്ലച്ചിറയിലുമാണ് കൂടുതല്‍ താമസിക്കുന്നത്. ഇവരെല്ലാം ഇപ്പോഴും വീടുകളില്‍ ഈ ഭാഷയും പുറത്ത് ശുദ്ധമലയാളവും സംസാരിക്കുന്നു, തങ്ങളുടെ പിതാമഹരില്‍ നിന്ന് പകര്‍ന്നുകിട്ടിയ വാമൊഴിയെ നെഞ്ചോട് ചേര്‍ത്തുകൊണ്ട് തന്നെ.
അവില്‍, മലര്‍, പപ്പടം എന്നിവ ഉണ്ടാക്കി വില്ക്കലാണ് പരമ്പരാഗത തൊഴില്‍. ''അമ്മ്യേ കൂടി അച്ചഗട അങ്കേ ഭാഷ സങ്കാക്ക'' (ഞങ്ങള്‍ സമുദായക്കാര്‍ ഒത്തുകൂടുമ്പോഴൊക്കെ ഞങ്ങളുടെ ഭാഷയാണ് സംസാരിക്കുക) ഊരകത്തെ ചെറുവത്തൂര്‍പറമ്പ് രാമകൃഷ്ണന്‍ എന്ന 70 കാരന്‍ പറഞ്ഞു. ഊരകം ദുര്‍ഗാക്ഷേത്രത്തിലെ വെളിച്ചപ്പാട് കൂടിയായ ചെറുവത്തൂര്‍ വീട്ടില്‍ കാര്‍ത്ത്യായനി എന്ന 91 കാരിക്ക് ഈ ഭാഷ മാത്രമെ നന്നായി വഴങ്ങുകയുള്ളൂ.
മറ്റുള്ളവര്‍ കേള്‍ക്കെ കൊങ്കണി പറയാന്‍ ഇപ്പോള്‍ ഇവര്‍ക്ക് മടിയാണ്. മറ്റുള്ളവരുടെ പരിഹാസം ഭയന്നാണ് ഇത്. വരും തലമുറകള്‍ക്ക് ഈ ഭാഷയെ ഇവിടെ നിലനിര്‍ത്താന്‍ ഇത് തടസ്സമാവുമോ എന്നാണ് മുതിര്‍ന്നവരുടെ ഭയം.