ചാലക്കുടി: പരിയാരം കൈതാരന്‍ വര്‍ഗ്ഗീസിന്റെ മകന്‍ ഷാജിയുടെ ജീവിതമൊരു തുറന്ന പുസ്തകമാണ്. ജീവിതത്തിെന്റ കയ്പും മധുരവും അതില്‍നിന്ന് വായിച്ചെടുക്കാം.
ഉപജീവനത്തിന് ഏറെ വേഷങ്ങള്‍ കെട്ടി ദുരിതങ്ങള്‍ ഏറ്റുവാങ്ങി നാടുവിട്ട ആന്റണിയെന്ന ഷാജി തിരിച്ചെത്തുന്നത് സ്വപ്നതുല്യമായ വിജയം കൊയ്താണ്.
പാലക്കാട് നെന്മാറ കയറാടിയില്‍ ഏക്കര്‍ കണക്കിന് കൃഷിയിടവും പശുവും ആടുകളുമായി നൂറുകണക്കിന് വളര്‍ത്തു മൃഗങ്ങള്‍ സ്വന്തമായുണ്ട്്. മണ്ണിലെ കഠിനാധ്വാനത്തിന് അംഗീകാരമായി ഈ വര്‍ഷത്തെ സമ്മിശ്ര കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചത് നിലനില്‍പ്പിനായി പൊരുതിയ ഈ യുവകര്‍ഷകനാണ്.
നടത്തിയ ബിസിനസ്സുകളൊക്കെ പാളി. ചാലക്കുടിയില്‍ മൂന്ന് ബസ്സുകളുടെ ഉടമ നഷ്ടത്തില്‍നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ ജീവിതം ഒരു ചോദ്യചിഹ്നമായി അവശേഷിച്ചു. ഈ ഘട്ടത്തിലാണ് കൃഷിയുടെ സ്വപ്നലോകം ഈ ചെറുപ്പക്കാരനെ മാടി വിളിക്കുന്നത്. എല്ലാം ഒത്തുവന്നതോടെ വിജയശ്രീലാളിതനായാണ് തിരിച്ചു വരവ്. നെന്മാറയില്‍ മൂന്നേക്കര്‍ തരിശുഭൂമിയും ഒരു പശുവുമായാണ് തുടക്കം. ഇന്നിപ്പോള്‍ പശുക്കള്‍ തന്നെയുണ്ട് 90ല്‍ ഏറെ. ആടുകള്‍50, മൂരിക്കുട്ടന്‍മാര്‍ 10, കോഴികള്‍ 2000, ടര്‍ക്കി കോഴികള്‍ 20, താറാവ് 300, മുയല്‍ 250. കൂടാതെ കൃഷിയിടത്തില്‍ പാവലും വെണ്ടയും പടവലവും ഈ സമ്മിശ്രകര്‍ഷകന്‍ വിളയിക്കുന്നു.
പാലും പച്ചക്കറിയും മുട്ടയും ഒക്കെ ഒന്നൊഴിയാതെ കൈതാരത്ത് ഫാമിലുണ്ടാകും. പറമ്പില്‍ സമൃദ്ധമായി തീറ്റപ്പുല്ലും വളര്‍ത്തിയിരിക്കുന്നു. ഒന്നില്‍ പിഴച്ചാല്‍ മറ്റൊന്ന് എന്ന മാതൃക കൂടി സമ്മിശ്ര കൃഷിയിലൂടെ ഷാജിയും കുടുംബവും നല്‍കുന്നു.