നിക്ഷേപപ്പലിശകൊണ്ട് അബ്ദുള്ളക്കുഞ്ഞി തീര്‍ത്തത് പാറപ്പുറത്തൊരു പൂന്തോട്ടം

Posted on: 01 Jan 2015


ബന്തടുക്ക: ബാങ്ക് നിക്ഷേപത്തില്‍നിന്ന് കിട്ടുന്ന തുക അഞ്ചാംമൈലില്‍ ബുട്ടീന്‍ നിവാസിലെ അബ്ദുള്ളക്കുഞ്ഞി സ്വന്തം ആവശ്യങ്ങള്‍ക്കായെടുക്കാറില്ല.

ഈ പണം കൊണ്ട് പാതയോരത്ത് ആരുടെയും മനംകവരുന്ന ഒരു പൂന്തോട്ടമൊരുക്കുകയാണ് അബ്ദുള്ളക്കുഞ്ഞി ചെയ്തത്.
പാറയായ സ്ഥലത്താണ് പൂന്തോട്ടം തീര്‍ത്തത്. ബന്തടുക്കപൊയിനാച്ചി റോഡില്‍ ബറോട്ടിക്കും അഞ്ചാംമൈലിനും ഇടയില്‍ പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലത്താണ് അബ്ദുള്ളക്കുഞ്ഞിയുടെ പൂന്തോട്ടം.

പൂന്തോട്ടനിര്‍മാണത്തിന് ഏകദേശം 60 ലോഡ് മണ്ണ് ഇറക്കി. പൂച്ചെടികള്‍ക്ക് നനവേകാന്‍ പൈപ്പും സ്പ്രിങ്ലൂും സ്ഥാപിച്ചിട്ടുണ്ട്. നിത്യവും നനയ്ക്കും. മൂന്ന് ഘട്ടങ്ങളിലായാണ് പൂന്തോട്ടനിര്‍മാണം നടത്തിയത്. ഇക്കൊല്ലം 27,500 രൂപ മുടക്കി. ഏകദേശം ഒരുലക്ഷം രൂപയോളം ഇതിനകം പൂന്തോട്ടത്തിനായി അബ്ദുള്ളക്കുഞ്ഞി ചെലവഴിച്ചിട്ടുണ്ട്.

ചെമ്പരത്തി, റോസ്, മുല്ല, സീനിയ, ചെത്തി, ഇലച്ചെടികള്‍ തുടങ്ങി നിരവധി ചെടികളുണ്ട് പൂന്തോട്ടത്തില്‍. ഏകദേശം 150 മീറ്റര്‍ നീളത്തില്‍ അഞ്ചുമീറ്ററോളം വീതിയിലാണ് പൂന്തോട്ടം.

അബ്ദുള്ളക്കുഞ്ഞി അബുദാബിയിലാണ് ജോലി നോക്കുന്നത്. അവിടെ ഷെയ്ക്കിന്റെ സഹായിയാണ്. അബ്ദുല്ലക്കുഞ്ഞി നാട്ടിലില്ലാത്തപ്പോള്‍ ഭാര്യ ബീഫാത്തിമയും മക്കളുമാണ് പൂന്തോട്ടപരിപാലനം നടത്തുന്നത്.



 

ga