താളപ്രപഞ്ചത്തിന്റെ മായികസ്‌പര്‍ശം

പി.എസ്. രാജേഷ്‌ Posted on: 01 Jan 2015


മൂവാറ്റുപുഴ: അവന്റെ വിരലുകളുടെ സ്പര്‍ശം പോലും താളാത്മകമാണ്. എന്തില്‍ തൊട്ടാലും അതില്‍ നിന്ന് പൊഴിയുക മധുരസംഗീതം. താളപ്രപഞ്ചത്തിന്റെ മായികസ്പര്‍ശം വിരല്‍ത്തുമ്പുകളില്‍ തുളുമ്പിനില്‍ക്കുന്ന ഒരു പത്താം ക്ലാസുകാരനുണ്ട്, മൂവാറ്റുപുഴ രണ്ടാര്‍കരയില്‍ ബ്ലാമറ്റത്തില്‍ ശശിയുടെയും ശോഭനയുടെയും മകന്‍ നിഖില്‍.

ഡ്രംസ്, തബല, ഗിഞ്ചറ, നാസിക് ഡോള്‍, തകില്‍, മൃദംഗം, ഗിത്താര്‍, കീ ബോര്‍ഡ്, ബ്യൂഗിള്‍, സാക്‌സഫോണ്‍... ഇങ്ങനെ നിഖിലിന്റെ കൈവിരല്‍ തൊട്ടാല്‍ ഉണരാത്ത നാദോപകരണങ്ങളില്ല. എങ്കിലും ഡ്രമ്മറായി അറിയപ്പെടാനാണ് ഇഷ്ടം.

പന്ത്രണ്ടാം വയസ്സില്‍ ഗാനമേളയ്ക്കിടെ സോളോ വായിച്ചു തുടങ്ങിയെന്നറിയുമ്പോഴാണ് നിഖിലിന്റെ മനസ്സിലെ സംഗീതത്തിന്റെ ആഴമറിയുക. ഡ്രം സെറ്റിനെക്കാള്‍ പൊക്കം കുറഞ്ഞ ഈ കൊച്ചു മിടുക്കനെ കാണികള്‍ വരവേറ്റത് നോട്ടുമാലകളിട്ടാണ്. പിന്നിങ്ങോട്ട് നൂറിലേറെ പ്രൊഫഷണല്‍ അരങ്ങുകള്‍... അതിലേറെ കൂട്ടു വേദികള്‍.

എട്ടാം വയസ്സില്‍ ഡ്രംസെറ്റില്‍ കൈയൊപ്പ് ചാര്‍ത്തി. ഇപ്പോള്‍ അതില്‍ തനതായ ശൈലി തന്നെയുണ്ട് നിഖിലിന്. നാലാം വയസ്സില്‍ വീടിനടുത്തുള്ള ഇ.എം.എസ്. വായനശാലയില്‍ സംഗീതാഭ്യസനത്തിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത് അച്ഛന്‍ ബി.എന്‍. ശശിയായിരുന്നു. പിന്നീട്, മലയാളം സാംസ്‌കാരിക നിലയത്തിലെ പഠനം അവന്റെ കഴിവുകള്‍ക്ക് നിറം പകര്‍ന്നു.

12ാം വയസ്സില്‍ വീടിനടുത്തുള്ള ശിവഗിരി മഹാദേവ ക്ഷേത്രത്തില്‍ ഭഗവാന് മുന്നില്‍ ചെണ്ടയില്‍ കൊട്ടിക്കയറി. ഇന്ന് മേളം നയിക്കാനും ഈ മിടുക്കന്‍ തയ്യാര്‍. മൂവാറ്റുപുഴയിലെ 15 അംഗ നാസിക് ഡോള്‍ സംഘത്തിന്റെ ക്യാപ്ടനാണ് നിഖില്‍. ഈ വാദ്യത്തിന്റെ സാധ്യത പഠിക്കാനുള്ള തീവ്രശ്രമത്തിലാണ് സംഘം ഇപ്പോള്‍.

വാദ്യ കലാകാരന്‍ അജയന്‍ മൂവാറ്റുപുഴയുടെ കീഴിലാണ് തകില്‍ പഠനം. ഗിത്താറും കീ ബോര്‍ഡും കൂടുതല്‍ അറിയാനുള്ള ശ്രമവും തുടരുന്നു. ഒരു കീ ബോര്‍ഡ് സ്വന്തമാക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്. സ്ട്രിങ്, വിന്‍ഡ് വാദ്യങ്ങളില്‍ കഴിവ് തെളിയിക്കാനൊരുങ്ങുന്ന നിഖില്‍ ഗിത്താറും കീ ബോര്‍ഡും ഡ്രമ്മും ചേര്‍ത്ത് പുതിയ ഫ്യൂഷന്‍ തയ്യാറാക്കി വരികയാണ്.

അമല കാഞ്ഞിരപ്പള്ളി, സ്റ്റാര്‍ലെറ്റ് മൂവാറ്റുപുഴ, എറണാകുളത്തെ പിന്നണി ഗായകരുടെ ഗാനമേള സംഘങ്ങള്‍ എന്നിവയ്ക്ക് ഇന്ന് നിഖിലിന്റെ ഡ്രംതാളം ഒഴിച്ചുകൂടാനാവാത്തതാണ്. കൂട്ടുകാര്‍ക്കൊപ്പം മൂവാറ്റുപുഴയില്‍ 'കാര്‍മിക് രാഗാസ്' എന്ന പേരില്‍ ബാന്‍ഡ് ട്രൂപ്പും ഉണ്ടാക്കിയിട്ടുണ്ട്. അഖില്‍ ജോസ് എന്ന കലാകാരന്റെ കീഴില്‍ ട്രൂപ്പ് മികച്ച ചില0 പരിപാടികള്‍ നടത്തിയിരുന്നു.

ആനിക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ്സിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. കലോത്സവത്തിലും കായിക മേളകളിലും നിഖില്‍ നിറസാന്നിധ്യമാണ്.

കൊട്ടുവാദ്യത്തില്‍ തത്പരനായ അച്ഛന്‍ ശശിയാണ് നിഖിലിന്റെ വലിയ പ്രചോദനം. മൂവാറ്റുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ കൂടിയായ ശശി തബല വായിക്കും. അമ്മ ശോഭനയും സ്‌പോര്‍ട്‌സില്‍ മിടുക്കിയായ സഹോദരി ശ്രീലക്ഷ്മിയും അടങ്ങുന്നതാണ് നിഖിലിന്റെ കുടുംബം.






 

ga