|
|
ചെടികള്‍ നനയ്ക്കുന്ന പ്രശാന്ത്കുമാര്‍ ഫോട്ടോ: കെ.കെ. സന്തോഷ് |
കോഴിക്കോട്: വയനാട് റോഡില്‍ എരഞ്ഞിപ്പാലത്ത് മാറാട് കോടതിക്കുമുമ്പില്‍ കുറച്ചുനാള്‍ മുമ്പുവരെ ഒരപൂര്‍വരാത്രിദൃശ്യം ഉണ്ടായിരുന്നു. 10 മണി കഴിയുമ്പോള്‍ ബക്കറ്റ് നിറയെ വെള്ളവുമായി ഒരാള്‍ എത്തും. കോടതിക്കുമുന്നില്‍ നട്ട മാവിന്‍ ചുവട്ടില്‍ വെള്ളം പകരും.
അതുകഴിഞ്ഞ് തൊട്ടടുത്തുള്ള ഇ.എസ്.ഐ.ക്ക് മുന്നിലേക്ക്. അവിടെ ഒരു ബദാം മരവും അതിനോട് ചേര്‍ന്ന് ആലും മാവും. ബാക്കിവെള്ളം അവയ്ക്ക് ഒഴിക്കും. എല്ലാം സ്വയം നട്ടവ. ഈ വൃക്ഷങ്ങളെല്ലാം വലുതായി യാത്രക്കാര്‍ക്ക് തണല്‍വിരിച്ചു തുടങ്ങിയിരിക്കുന്നു.
പ്രശാന്ത് കുമാര്‍ എന്ന മനുഷ്യന്റെ നിസ്വാര്‍ഥ പ്രകൃതിസ്‌നേഹവും വൃക്ഷാരാധനയും ഇവിടംകൊണ്ട് തീരുന്നില്ല. എരഞ്ഞിപ്പാലത്തുതന്നെയുള്ള തായാട്ട് ഭഗവതി ക്ഷേത്രത്തിലുമുണ്ട് അതിന്റെ ബാക്കിപത്രങ്ങള്‍.
ബുദ്ധനെപ്പോലെ ഇരിക്കണോ. ബോധിവൃക്ഷമുണ്ട്. സീതയുടെ ശോകം അറിയണോ. ശിംശപാവൃക്ഷമുണ്ട്. കുമ്പിളുപോലുള്ള ഇലയുമായി കൃഷ്ണനാല്‍ വളര്‍ന്ന് നില്‍ക്കുന്നു. മഹര്‍ഷിമാരെപ്പോലെയാവാന്‍ മരവുരിമരം... അങ്ങനെ ക്ഷേത്രത്തിന് ചുറ്റും മഹാവൃക്ഷങ്ങളുടെ തോപ്പ്. എല്ലാം പ്രശാന്ത്കുമാര്‍ ഇന്ത്യമുഴുവന്‍ അലഞ്ഞ് കൊണ്ടുവന്ന് നട്ടു വളര്‍ത്തിയവ.
മുമ്പ് സിനിമാ വിതരണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പ്രശാന്ത് കുമാര്‍ ജീവിതം മരം നടാനും അവയെ പരിപാലിക്കാനും സമര്‍പ്പിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ യാത്രകള്‍ സ്ഥലം കാണാന്‍ മാത്രമുള്ളവയല്ല. ദേശത്തെയും വൃക്ഷങ്ങളെയും കുറിച്ച് മനസ്സിലാക്കാനും അവയുടെ വിത്ത് ശേഖരിക്കാനുമുള്ളവകൂടിയാണ്.
ഋഷികേശ്, കുളുമണാലി, കാര്‍ഗില്‍, ലഡാക്ക് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നും വരെ ചെടികളുമായി ഞാന്‍ യാത്ര ചെയ്തിട്ടുണ്ട്. ഇവയില്‍പ്പലതും കേരളത്തില്‍ത്തന്നെ വിരലിലെണ്ണാവുന്ന സ്ഥലങ്ങളില്‍ മാത്രമേ ഇപ്പോള്‍ ഉള്ളൂപ്രശാന്ത് പറയുന്നു.
ക്ഷേത്രത്തിനടുത്തുതന്നെയാണ് പ്രശാന്ത് താമസം. ഉച്ചയാവുമ്പോള്‍ ബക്കറ്റില്‍ വെള്ളമെടുത്ത് എല്ലാ വൃക്ഷങ്ങളെയും നനയ്ക്കും. ഇതിനായി പ്രത്യേക ബക്കറ്റുതന്നെ വെച്ചിട്ടുണ്ട്. അതിന്റെ പുറത്ത് ഇങ്ങനെ ഏഴുതിയിരിക്കുന്നു: 'ചെടികള്‍ക്ക് മാത്രം'.
പൊതു സ്ഥലങ്ങളിലാണ് പ്രശാന്ത്കുമാര്‍ ചെടികള്‍ നടുന്നതും അവയെ പരിപാലിക്കുന്നതും. മരങ്ങളാണ് തന്റെ ദൈവം. മരങ്ങള്‍കൂടി ചേര്‍ന്നതാണ് ജീവകുലം. വെട്ടിക്കളയുന്നവരുടെ എണ്ണം ചുറ്റിലും കൂടിവരികയാണ്. നടുന്ന കൈകള്‍ തീരേ ഇല്ലാതായിരിക്കുന്നു. അതുകൊണ്ട് താന്‍ ജീവിതം വൃക്ഷങ്ങള്‍ക്ക് വേണ്ടി സമര്‍പ്പിച്ചു അദ്ദേഹം പറയുന്നു.
ഒഡിഷ സ്വദേശിനി ശിവാനിയാണ് പ്രശാന്ത് കുമാറിന്റെ ഭാര്യ.