തിരുവനന്തപുരം: മുദ്രാവാക്യംവിളികളോടെ പ്രിയ നേതാവിന്റെ ഭൗതികശരീരം ഇന്ദിരാഭവന്‍ ഏറ്റുവാങ്ങി. മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്ന് മൃതശരീരത്തില്‍ പാര്‍ട്ടിപതാക പുതപ്പിച്ചു. വികാരവായ്‌പോടെ യാത്രയാക്കി.
ഞായറാഴ്ച രാവിലെ പതിനൊന്നോടെയാണ് സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭൗതികശരീരവുമായി വിലാപയാത്ര കെ.പി.സി.സി. ആസ്ഥാനത്തെത്തിയത്. എല്ലാ ഡി.സി.സി.കളില്‍നിന്നും നേതാക്കളും പ്രവര്‍ത്തകരും ഇവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. വിലാപയാത്ര എത്തിയതോടെ വികാരനിര്‍ഭരമായ മുദ്രാവാക്യംവിളികളുയര്‍ന്നു. തിങ്ങിനിറഞ്ഞ നൂറുകണക്കിനാളുകള്‍ക്കിടയിലൂടെ ഭൗതികശരീരം ഇന്ദിരാഭവന്റെ ഹാളിലെത്തിച്ചു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍, നേതാക്കളായ എം.എം.ഹസ്സന്‍, തമ്പാനൂര്‍ രവി, കെ.പി.അനില്‍കുമാര്‍, കരകുളം കൃഷ്ണപിള്ള എന്നിവര്‍ ചേര്‍ന്ന് മൃതശരീരം ഏറ്റുവാങ്ങി.
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ.ആന്റണി, എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി വീരപ്പമൊയ്‌ലി, വി.എം.സുധീരന്‍, തമ്പാനൂര്‍ രവി, ടി.ശരത്ചന്ദ്രപ്രസാദ് , എം.എം.ഹസ്സന്‍, കെ.മോഹന്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് മൃതദേഹത്തില്‍ പാര്‍ട്ടിപതാക പുതപ്പിച്ചു.
ജി.കെ.യ്ക്ക് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ പാര്‍ട്ടി ആസ്ഥാനത്തെത്തി. പൊതുദര്‍ശനത്തിനുെവച്ച മൃതദേഹത്തില്‍ നിരവധി പ്രമുഖര്‍ പുഷ്പചക്രമര്‍പ്പിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുവേണ്ടി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി വീരപ്പമൊയ്‌ലിയും കെ.പി.സി.സി.ക്കുവേണ്ടി വി.എം.സുധീരനും പുഷ്പചക്രമര്‍പ്പിച്ചു. 'മാതൃഭൂമി' ഡയറക്ടര്‍ പി.വി.ഗംഗാധരന്‍ പുഷ്പചക്രമര്‍പ്പിച്ചു. 'മാതൃഭൂമി' മാനേജിങ് എഡിറ്റര്‍ പി.വി.ചന്ദ്രനുവേണ്ടിയും പുഷ്പചക്രം സമര്‍പ്പിച്ചു.
രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, മന്ത്രിമാരായ കെ.ബാബു, സി.എന്‍.ബാലകൃഷ്ണന്‍, പി.കെ.ജയലക്ഷ്മി, വി.എസ്.ശിവകുമാര്‍, രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, എ.പി.അനില്‍കുമാര്‍, എം.പി.മാരായ ശശി തരൂര്‍, എന്‍.കെ.പ്രേമചന്ദ്രന്‍, എം.ഐ.ഷാനവാസ്, ഇ.ടി.മുഹമ്മദ് ബഷീര്‍, എം.എല്‍.എ.മാരായ കെ.മുരളീധരന്‍, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഡൊമനിക് പ്രസന്റേഷന്‍, ജോസഫ് വാഴയ്ക്കന്‍, ടി.എന്‍.പ്രതാപന്‍, പാലോട് രവി, അബ്ദുള്ളക്കുട്ടി, വി.ഡി.സതീശന്‍ എന്നിവരും ആദരാഞ്ജലിയര്‍പ്പിച്ചു. ജനതാദള്‍ (യു)വിനുവേണ്ടി സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ്, പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍മാന്‍ ചാരുപാറ രവി, ജനറല്‍ സെക്രട്ടറി ഷേക്ക് പി.ഹാരിസ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു.
മുന്‍ കെ.പി.സി.സി. പ്രസിഡന്റുമാരായ തെന്നല ബാലകൃഷ്ണപിള്ള, സി.വി.പത്മരാജന്‍, ചലചിത്രരംഗത്തുനിന്ന് നടന്‍ സുരേഷ് ഗോപി, ജി.കെ.പിള്ള, പി.ശ്രീകുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കെ.ടി.ഡി.സി. ചെയര്‍മാന്‍ വിജയന്‍ തോമസ്, കൊല്ലം വികസന അതോറിറ്റി ചെയര്‍മാന്‍ എ.കെ.ഹഫീസ് എന്നിവര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.
പ്രിയനേതാവിനെ ഒരുനോക്കുകാണാന്‍ നിരവധിപ്പേര്‍ ഇവിടെ തിക്കിത്തിരക്കി. തിരക്ക് പലപ്പോഴും നിയന്ത്രണാതീതമായി.
12.05ന് ഭൗതികശരീരം ജി.കാര്‍ത്തികേയന്റെ മണ്ഡലമായ അരുവിക്കര ആര്യനാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് കൊണ്ടുപോയി.