വനിതാദിനത്തില്‍ ആ പിതൃവാത്സല്യത്തിന്‌

മഞ്ജു വാര്യര്‍ Posted on: 08 Mar 2015

അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന് അന്ത്യോപചാരമര്‍പ്പിക്കാന്‍ മഞ്ജുവാര്യര്‍ എത്തിയപ്പോള്‍. ഫോട്ടോ: ശ്രീകേഷ് എസ്.


ലോകവനിതാദിനത്തിലാണ് ഞാന്‍ ഈ കുറിപ്പെഴുതുന്നത്. അതാകട്ടെ പിതൃതുല്യനായ ഒരാളെക്കുറിച്ചും.

ജി. കാര്‍ത്തികേയന്‍ എന്ന രാഷ്ട്രീയ നേതാവിനെ എനിക്ക് അധികം പരിചയമില്ല. പക്ഷേ ജി. കാര്‍ത്തികേയന്‍ എന്ന മനുഷ്യനെ നന്നായി അറിയാം. അദ്ദേഹത്തിന്റെ വിശ്വാസപ്രമാണങ്ങളുടെ നിറമോ, അദ്ദേഹം വഹിച്ചിരുന്ന പദവികളോ ഞാന്‍ ഒട്ടുമേ ശ്രദ്ധിച്ചിരുന്നില്ല. എനിക്ക് പരിചയം ജി.കെ. എന്ന രണ്ടക്ഷരങ്ങളിലൊതുങ്ങിയ മനുഷ്യസ്‌നേഹത്തിന്റെ, അല്ലെങ്കില്‍ കരുതലിന്റെ സിദ്ധാന്തം മാത്രമാണ്.

ജി.കെ. സാറിനെ അറിഞ്ഞു തുടങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ അഭിനയത്തിന്റെ ആദ്യപകുതിയിലായിരുന്നപ്പോഴാണ്. ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. 'എനിക്ക് മൂന്നു മക്കളാണ്.'

അദ്ദേഹത്തിന്റെ ഭാര്യ സുലേഖ ടീച്ചറാണ് ബാക്കി പറഞ്ഞത്. 'മഞ്ജുവാര്യരാണ് മൂന്നാമത്തെ മകള്‍'.

ജി. കാര്‍ത്തികേയന്‍ മകളെപ്പോലെ സ്‌നേഹിക്കുന്ന വിവരം മഞ്ജുവാര്യര്‍ക്ക് അറിയാമോ എന്ന് അഭിമുഖം നടത്തിയ ആള്‍ ചോദിച്ചു. 'ഇല്ല, എന്നെങ്കിലും കാണുമ്പോള്‍ പറയണം' എന്നായിരുന്നു ടീച്ചറുടെ മറുപടി.

മഞ്ജുവാര്യര്‍ ഫെയ്‌സ്ബുക്ക് പേജിലിട്ട അനുശോചന കുറിപ്പ്‌


ആ അഭിമുഖം വായിച്ചപ്പോള്‍ എനിക്കറിയില്ലായിരുന്നു ജി. കാര്‍ത്തികേയന്‍ എന്ന വ്യക്തിയുടെ വലിപ്പം. അന്ന് മൊബൈല്‍ ഫോണുകളൊന്നുമില്ലാത്ത കാലമാണ്. ഇന്നത്തെപ്പോലെ ഒരാള്‍ ഒരു വിരല്‍പ്പുറത്തുമല്ല. ആ വാക്കുകള്‍ വല്ലാതെ സ്പര്‍ശിച്ചുവെങ്കിലും അതുകൊണ്ടു തന്നെ ജി.കെ. സാറിനെ വിളിച്ചതുമില്ല.

പക്ഷേ പിന്നീട് പലവട്ടം അദ്ദേഹം ആ വാക്കുകള്‍ ആവര്‍ത്തിച്ചു. അപ്പോഴേയ്ക്കും പലരില്‍ നിന്നുമായി ജി. കാര്‍ത്തികേയന്‍ എന്ന പേരിന് കേരളത്തിന്റെ രാഷ്ട്രീയ മേഖലയിലും സാംസ്‌കാരിക രംഗത്തുമുള്ള പരിശുദ്ധി ഞാന്‍ മനസ്സിലാക്കിയിരുന്നു. ഒരു തവണപോലും കണ്ടിട്ടില്ലാത്ത ഒരാള്‍, ഒരിക്കല്‍പ്പോലും സംസാരിച്ചിട്ടില്ലാത്ത ഒരാള്‍ എന്റെ സിനിമകള്‍ കണ്ടതുകൊണ്ടു മാത്രം എനിക്ക് മകളുടെ വാത്സല്യം തരുന്നു എന്നത് സത്യത്തില്‍ എന്നെ ഞെട്ടിച്ചു. എന്നെപ്പോലെ ഒരു അഭിനേത്രിക്ക് ആലോചിക്കാവുന്നതിനുമപ്പുറമായിരുന്നു അദ്ദേഹത്തെപ്പോലെ വലിയൊരു മനുഷ്യനില്‍ നിന്ന് കിട്ടിയ അംഗീകാരം.

അത് ആലോചിക്കുമ്പോഴൊക്കെ എന്തുകൊണ്ടോ എന്റെ കണ്ണുകള്‍ നിറയുമായിരുന്നു. സ്വന്തം മകളുടെ സ്ഥാനത്ത് എന്നെ കാണുന്നുവെന്ന് തുറന്നുപറഞ്ഞ ഒരാളുടെ മനസ്സിന്റെ നൈര്‍മല്യം അത്രയും ആഴത്തില്‍ എന്നെ സ്പര്‍ശിച്ചുപോയി.

പിന്നീട് എപ്പോഴാണ് ആദ്യമായി കണ്ടതെന്ന് ഓര്‍ത്തെടുക്കാനാകുന്നില്ല. തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണച്ചടങ്ങിലാണെന്ന് തോന്നുന്നു. അധികമൊന്നും സംസാരിച്ചില്ല. അദ്ദേഹത്തിന്റെ പ്രകൃതം അങ്ങനെയാണെന്ന് പിന്നീട് മനസ്സിലായി. ഒരു ചെറിയ പുഞ്ചിരിയില്‍ ഒരുപാട് വലിയ കാര്യങ്ങള്‍ ഒരുക്കുമായിരുന്നു ജി.കെ.സാര്‍.

ഏറ്റവും ഒടുവിലായി കണ്ടത് സിനിമയിലേക്ക് മടങ്ങിവന്നതിനുശേഷം കുടുംബശ്രീയുടെ ബ്രാന്‍ഡ് അംബാസിഡറാകുന്ന ചടങ്ങിലാണ്. ഇടവേളകളില്ലാത്ത സ്‌നേഹം കാട്ടി, പതിനാറുവര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മകളുടെ സ്ഥാനത്ത് തന്നെയുണ്ട് എന്ന് ഓര്‍മിപ്പിച്ച് അദ്ദേഹം പതിവുപോലെ ചെറുതായി ചിരിച്ചു.

അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയന് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയ മഞ്ജുവാര്യര്‍, പ്രശസ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പം മൃതദേഹത്തിനരികെ. ഫോട്ടോ: ശ്രീകേഷ് എസ്.


സിനിമയെയും സാഹിത്യത്തെയും ഒരുപാട് ഇഷ്ടപ്പെട്ടിരുന്നയാളായിരുന്നു ജി.കെ. സാര്‍. 'നയം വ്യക്തമാക്കുന്നു' എന്ന സിനിമ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അംശങ്ങള്‍ ചേര്‍ത്തുണ്ടാക്കിയതാണെന്നും കേട്ടിട്ടുണ്ട്. അക്ഷരങ്ങള്‍ക്കും അഭ്രപാളികള്‍ക്കും ഒരുപോലെ ആദരവ് കല്പിച്ചിരുന്ന ഒരാളില്‍ നിന്ന് കിട്ടുന്ന പിതൃവാത്സല്യം എന്നെപ്പോലൊരാള്‍ക്ക് സങ്കല്പിക്കാവുന്നതിനുമപ്പുറത്തായിരുന്നു.

അദ്ദേഹത്തിന്റെതുപോലുള്ള കാഴ്ചപ്പാടാണ് ഇന്നത്തെ ലോകത്തുനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നത്. ജി. കാര്‍ത്തികേയന്‍ എന്ന വലിയ മനുഷ്യന്‍ മഞ്ജുവാര്യര്‍ എന്ന സിനിമാപ്രവര്‍ത്തകയോട് കാണിച്ച വാത്സല്യത്തെ ഒരു മനോഭാവത്തിലെ പ്രതീകമായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഇന്ന് നമ്മള്‍, 'ഇന്ത്യയുടെ മകളെ' കുറിച്ചുള്ള ചര്‍ച്ചയിലാണ്. ഈ വനിതാദിനത്തില്‍ ലോകം മുഴുവന്‍ നിര്‍ഭയ എന്ന അവളെ ഒരിക്കല്‍കൂടി ഓര്‍ക്കുന്നു. നിര്‍ഭാഗ്യവശാല്‍ അതൊരു വിവാദത്തിന്റെ രൂപത്തിലാണെന്ന് മാത്രം.

അതിന്റെ വിവിധവശങ്ങളിലേക്ക് കടക്കുന്നില്ല. പക്ഷേ അവളെക്കുറിച്ചുള്ള ആണ്‍വാക്കുകളില്‍ വികൃതമായ ഒരു മനോഭാവത്തിന്റെ വിഷമുനകളുണ്ട് എന്ന് മാത്രം എനിക്കറിയാം. ഈ ഭൂമിയില്‍ നിന്ന് ഇല്ലാതെയായിട്ടും അത് അവളെ കൂടുതല്‍ കുത്തി നോവിക്കുന്നുവെന്നും.

നിര്‍ഭയമായിരിക്കട്ടെ ശിരസ്സ് എന്ന് പാടിയ കവിയുടെ നാടാണ് ഇന്ത്യ. സ്ത്രീയെ അമ്മയായി, മകളായി സഹോദരിയായി കാണാന്‍ ഈ രാജ്യത്തെ പുരുഷ സമൂഹം തയ്യാകാറുമ്പോഴാകും സ്ത്രീയുടെ ശിരസ്സ് നിര്‍ഭയമാകുക.

കഥാപാത്രങ്ങളിലൂടെ മാത്രം പരിചയപ്പെട്ട എന്നെ മകളെപ്പോലെ സ്‌നേഹിച്ച ഒരാളില്‍ ഞാന്‍ കാണുന്നത് ആ നന്മയാണ്. ഈ വനിതാദനത്തില്‍ ഒരു ഓര്‍മക്കുറിപ്പിന്റെ രൂപത്തിലാണെങ്കിലും ജി.കാര്‍ത്തികേയന്‍ എന്ന മനുഷ്യസ്‌നേഹി അവശേഷിപ്പിച്ചുപോയ സഹജീവി സ്‌നേഹത്തെകുറിച്ചുള്ള വാക്കുകളാകും ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് ലോകത്തോട് പങ്കുവെക്കാനുള്ള അനുഭവങ്ങളിലൊന്ന്.



1
gk orma
GK ADARANJALI

 

ga