സഭാനാഥന് അവസാന സല്യൂട്ട്‌

Posted on: 09 Mar 2015



തിരുവനന്തപുരം:
സാമാജികര്‍ക്ക് മുന്നില്‍ ഇനി ശാസനയുടെ മുള്‍മുനയില്ല. അധിക സമയത്തിനായി കലഹിച്ചവരോട് നായകന്റെ ഉപദേശമില്ല. നാവുചുഴറ്റി പോരടിച്ചവരോട് സഭാചട്ടങ്ങള്‍ നിരത്തി കലഹിക്കാനും ഇനി ജി.കെ. വരില്ല.

പറന്നുപൊങ്ങിയ സുഗന്ധപ്പുകയ്‌ക്കൊപ്പം നിയമസഭാ കോപ്ലക്‌സിലെ ബാങ്ക്വറ്റ് ഹാളില്‍ ദുഃഖസാന്ദ്രമായ ഷെഹ്ണായി സംഗീതം നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. സ്ഥാനമാനങ്ങളുടെ അകമ്പടികളും ആഡംബരങ്ങളുമില്ലാതെ പാര്‍ട്ടിയും പക്ഷവും ഒക്കെ മറന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും സഭാംഗങ്ങളും തങ്ങളുടെ പ്രിയ ജി.കെ.യ്ക്ക് മുന്നില്‍ ഒന്നായി. നിയമസഭാഹാളിന് തൊട്ടുതാഴെ ബാങ്ക്വറ്റ് ഹാളില്‍ പൂക്കള്‍ വിരിച്ച മഞ്ചത്തില്‍ സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ ചേതനയറ്റ ശരീരം സഹപ്രവര്‍ത്തകരുടെ ആദരവ് ഏറ്റുവാങ്ങിക്കിടന്നു. പാര്‍ലമെന്ററി പഠനം മുതല്‍ പരിസ്ഥിതി പഠനം വരെയായി പ്രൗഢമായ ഒട്ടേറെ വേദികള്‍ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി കാര്‍ത്തികേയന്‍ തന്നെ മുന്‍കൈയെടുത്ത് ഒരുക്കിയ അതേ ഹാള്‍.

നിയമസഭയോട് ചേര്‍ന്ന ഔദ്യോഗിക വസതിയില്‍നിന്ന് സഭയിലേക്ക് പതിവായി കാര്‍ത്തികേയന്‍ എത്താറുള്ള തണല്‍ വഴിയിലൂടെ അലങ്കരിച്ച ലോ ഫ്‌ലോര്‍ ബസ്സില്‍ മൃതദേഹം എത്തിക്കുമ്പോഴേക്കും സമയം രാവിലെ 8.45. തിങ്ങിനിറഞ്ഞ ജനങ്ങള്‍ക്കിടയിലൂടെ മൃതദേഹം ഹാളിലേക്ക് എത്തിക്കുമ്പോള്‍ മക്കളായ അനന്തപത്മനാഭനും ശബരിനാഥനും ഒപ്പമുണ്ടായിരുന്നു.

അന്ത്യാഭിവാദ്യത്തിന് മന്ത്രിമാര്‍ക്കും സാമാജികര്‍ക്കും മുന്‍ അംഗങ്ങള്‍ക്കുമൊക്കെയായി പ്രത്യേക സൗകര്യമൊരുക്കി. അടക്കിയ സങ്കടത്തോടെ സഭാ ജീവനക്കാര്‍ ആദരവിന്റെ ഒരുപിടി പൂക്കളര്‍പ്പിച്ചു. അവധി വെടിഞ്ഞെത്തിയ സഭാജീവനക്കാരില്‍ പലരും വിതുമ്പിയും പൊട്ടിക്കരഞ്ഞും ജി.കെ.യ്ക്ക് യാത്രാമൊഴി ചൊല്ലി. ഇരുവരിയായി എത്തി ജീവനക്കാരും പൊതുജനങ്ങളും അദ്ദേഹത്തെ അവസാനമായി കണ്ടു.

സഭയ്ക്ക് അകത്തും പുറത്തും കണ്ടുമറന്ന പല ചടങ്ങുകളുടെയും ജീവിത നിമിഷങ്ങളുടെയും ചിത്രങ്ങള്‍ ആദരസൂചകമായി ബാങ്ക്വറ്റ് ഹാളില്‍ സജ്ജീകരിച്ച സ്‌ക്രീനില്‍ മിന്നിമറയുന്നുണ്ടായിരുന്നു. സഭാ കാവല്‍ക്കാര്‍ തങ്ങളുടെ സഭാനായകന് ഔപചാരികമായി അവസാന സല്യൂട്ട് നല്‍കിയാണ് യാത്രയയച്ചത്. ഒരുമണിക്കൂറോളം സഭാമന്ദിരത്തില്‍െവച്ച മൃതദേഹവുമായി വിലാപയാത്ര സഭാഗേറ്റ് കടന്നുപോയിട്ടും പിരിയാനാവാതെ ജി.കെ. യുമായുള്ള സൗഹൃദനിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് ജീവനക്കാര്‍ അങ്ങിങ്ങ് കൂട്ടംകൂടി നിന്നു.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍, കോണ്‍ഗ്രസ് നേതാക്കളായ കെ. വി. തോമസ്, വക്കം പുരുഷോത്തമന്‍, കെ. ശങ്കരനാരായണന്‍, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ സഭയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.



1
gk orma
GK ADARANJALI

 

ga