ഒരേയൊരു പുസ്തകം: പ്രകാശനത്തിന് കാത്തുനില്‍ക്കാതെ കാര്‍ത്തികേയന്‍

എസ്.എന്‍. ജയപ്രകാശ്‌ Posted on: 09 Mar 2015

തിരുവനന്തപുരം: പുസ്തകങ്ങളെ സ്‌നേഹിച്ച ജി.കാര്‍ത്തികേയന്‍ ഒരേയൊരു പുസ്തകമേ എഴുതിയുള്ളൂ. ആത്മസുഹൃത്ത് എ.കെ.ആന്റണിയെക്കൊണ്ട് അത് പ്രകാശിപ്പിക്കാന്‍ അദ്ദേഹവും സുഹൃത്തുക്കളും ആഗ്രഹിച്ചിരുന്നു. നടന്നില്ല.

രോഗക്കിടക്കയില്‍ നിന്ന് ജീവിതത്തിന്റെ താളുകളിലേക്ക് മടങ്ങിവരാന്‍ എഴുത്തുകാരന് കഴിയാത്തതിനാല്‍ സ്വയം പ്രകാശിതമാകാന്‍ വിധിക്കപ്പെട്ട ആ പുസ്തകം ഇപ്പോള്‍ നമുക്ക് മുന്നിലുണ്ട് -'സമൂഹം, സംസ്‌കാരം, വ്യക്തികള്‍' എന്ന തലക്കെട്ടില്‍.

വളരെ നിര്‍ബന്ധിച്ചിട്ടാണ് ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ ജി.കെ.തയ്യാറായതെന്ന് സുഹൃത്തും പ്രസ് സെക്രട്ടറിയുമായ എം.ആര്‍.മനോഹരവര്‍മ പറഞ്ഞു. മന്ത്രിയായിരിക്കെ നടത്തിയ പ്രഭാഷണങ്ങളും ചില ലേഖനങ്ങളും ചേര്‍ത്ത പുസ്തകം. രണ്ടുവര്‍ഷം മുമ്പ് പുസ്തകം തയ്യാറായി. എട്ടുമാസംമുമ്പ് അച്ചടിയും കഴിഞ്ഞു.

പ്രകാശനം ആഘോഷമാക്കരുതെന്ന് കാര്‍ത്തികേയന് നിര്‍ബന്ധമുണ്ടായിരുന്നു. ഒടുവില്‍ എ.കെ.ആന്റണിയെ വിളിച്ച് പ്രകാശനം ചെയ്യാമെന്ന നിര്‍ദേശത്തിന് വഴങ്ങി. ആന്റണി ഒരിക്കല്‍ തീയതി നല്‍കിയെങ്കിലും ഡല്‍ഹിയിലെ തിരക്കുകാരണം മാറ്റിവെക്കേണ്ടിവന്നു. പിന്നെ, രോഗവും ആശുപത്രിവാസവും ഒക്കെയായി പുസ്തക പ്രകാശനച്ചടങ്ങിനെക്കുറിച്ച് ആര്‍ക്കും ചിന്തിക്കാനായില്ല.

പേര് സൂചിപ്പിക്കുന്നതുപോലെ സമൂഹത്തെയും സംസ്‌കാരത്തെയും പറ്റിയുള്ള കാര്‍ത്തികേയന്റെ ചിന്തകളും ചില വ്യക്തിചിത്രങ്ങളുമാണ് ഈ പുസ്തകത്തില്‍. മഹാകവി അക്കിത്തത്തിന്റെ ആമുഖ കുറിപ്പോടെ 62 ലേഖനങ്ങളുണ്ട്. ഭാഷ, മാധ്യമങ്ങള്‍, മനുഷ്യാവകാശം, ഉത്സവങ്ങള്‍, മതം, സംഗീതം, കഥകളി, കവിത എന്നിങ്ങനെ കാര്‍ത്തികേയന് താത്പര്യമുള്ള ഒട്ടേറെ വിഷയങ്ങളെക്കുറിച്ചുള്ള വാഗ്മിത്വം തുളുമ്പുന്ന കുറിപ്പുകളാണിതില്‍. ഹരിതം ബുക്‌സാണ് പ്രസാധകര്‍.

വ്യക്തിചിത്രങ്ങളിലാണ് ആ എഴുത്തിന്റെ ആര്‍ജവം കൂടുതല്‍ തിളങ്ങിനില്‍ക്കുന്നത്. സാഹിത്യത്തെയും കലകളെയും കുറിച്ചുള്ള കാര്‍ത്തികേയന്റെ സൂക്ഷ്മ നിരീക്ഷണങ്ങള്‍ ഇതില്‍ക്കാണാം. താന്‍ അടുത്തും അകന്നും നിന്ന കെ.കരുണാകരനെക്കുറിച്ച് കാര്‍ത്തികേയന്‍ എഴുതി നിര്‍ത്തുന്നത് ഇങ്ങനെ: ''കാലം ഉണക്കാത്ത മുറിവുകളില്ല. മുറിവുകളില്‍ വേദന നിറയ്ക്കാത്ത തേന്‍ പുരട്ടുകയാണ് ഓര്‍മകളുടെ കര്‍മം. ലീഡര്‍ക്ക് എന്റെ പ്രണാമം.''

പ്രിയപ്പെട്ട കഥാകൃത്തായ എന്‍.മോഹനനെക്കുറിച്ച് കാര്‍ത്തികേയന്‍ ഇങ്ങനെ എഴുതി: ''സ്‌നേഹിച്ചുതീരാത്ത സ്‌നേഹവും ജീവിച്ചുതീരാത്ത ജീവിതവും ഓര്‍മിച്ചുതീരാത്ത ഓര്‍മകളും മോഹിച്ചുതീരാത്ത മോഹങ്ങളും എല്ലാം എല്ലാം ബാക്കിവെച്ചുകൊണ്ടാണ് അദ്ദേഹം യാത്രയായത്. തിരിച്ചുവരാനാവാത്ത ഒരു ജീവിതത്തെപ്പറ്റി അദ്ദേഹം ഒരു കഥകളിലും പറയുന്നില്ലെങ്കിലും ജീവിതത്തിന്റെ അവസാനം അങ്ങനെയാണല്ലോ.''

സ്‌നേഹവും ജീവിതവും ഓര്‍മകളും മോഹങ്ങളും അവസാനിക്കാത്ത ജീവിതമായിരുന്നു കാര്‍ത്തികേയന്റേതും. അതിനിടയ്ക്ക് എഴുത്തുകാരനാവാന്‍ കാര്‍ത്തികേയന്‍ കൊതിച്ചില്ല. പക്ഷെ, ഇങ്ങനെയൊരു പുസ്തകം ഇവിടെ ഉപേക്ഷിച്ച് അദ്ദേഹം പോകുന്നു. അക്ഷരസ്മാരകം.



1
gk orma
GK ADARANJALI

 

ga