എല്ലാവരും ഇഷ്ടപ്പെടുന്ന ഒരാള്‍

സണ്ണിക്കുട്ടി എബ്രഹാം Posted on: 07 Mar 2015


ജി.കാര്‍ത്തികേയന്റെ അച്ഛന്‍, എന്‍.പി. ഗോപാലപിള്ളക്ക് ജ്യോതിഷം അറിയുമായിരുന്നോ, പ്രവചനസിദ്ധി ഉണ്ടായിരുന്നോ എന്ന് നിശ്ചയമില്ല. അസമിലായിരിക്കുമ്പോള്‍ അദ്ദേഹം ഭാര്യ വനജാക്ഷിയമ്മക്ക് ഒരു കത്തയച്ചു. അതെഴുതിയ പേനയുടെ നാവ് പൊന്നു കൊണ്ടുള്ളതായിരുന്നു എന്ന് കാലം തെളിയിച്ചു.

''നിന്റെ മോന്‍ രാജ്യം വെട്ടിപ്പിടിക്കാന്‍ അങ്ങോട്ടു വരുന്നുണ്ട്'' എന്നായിരുന്നു കത്തില്‍!

ബ്രൂണെയിലായിരുന്നു കാര്‍ത്തികേയന്റെ അച്ഛന്‍ ആദ്യം. ബ്രിട്ടീഷ് എണ്ണ കമ്പനിയായ ബര്‍മ ഷെല്ലിലെ ഉദ്യോഗസ്ഥന്‍. കാര്‍ത്തികേയനടക്കം കുടുംബത്തെയും അദ്ദേഹം അങ്ങോട്ടു കൊണ്ടുപോയി. അവിടെ ജൂനിയര്‍ കേംബ്രിഡ്ജ് ക്ലാസില്‍ കാര്‍ത്തികേയനെ ചേര്‍ത്തു. അങ്ങനെ ജീവിതം സുഖമായി മുന്നോട്ടു പോവുമ്പോഴാണ് ഗോപാലപിളളക്ക് ഒരു ഉള്‍വിളിയുണ്ടായത്. ജോലി രാജിവെക്കുക. പിരിയുമ്പോള്‍ നല്ല തുക കിട്ടും. അതുകൊണ്ട് നാട്ടില്‍ ബിസിനസ്സ് ചെയ്ത് ജീവിക്കാം.

രാജി വെച്ചു നാട്ടിലെത്തി. ബിസിനസും തുടങ്ങി. എണ്ണക്കമ്പനിയിലെ ജോലിയല്ലല്ലോ കച്ചവടം. ബിസിനസ് പൊളിഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് ഒ.എന്‍.ജി.സി. - ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ - ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. അവര്‍ ബര്‍മാ ഷെല്ലിനോട് തൊഴില്‍ വൈദഗ്ദ്ധ്യമുള്ളവരെ കിട്ടാനുള്ള സാധ്യത ആരാഞ്ഞു. ബര്‍മാ ഷെല്‍ ഗോപാലപിള്ളയടക്കമുള്ളവരുടെ വിവരം ഒ.എന്‍.ജി.സിക്ക് നല്‍കി. കത്തിടപാടുകളായി. വൈകാതെ നിയമന ഉത്തരവ് എത്തി. ഗുജറാത്തിലെ അങ്കലേശ്വറില്‍ നിയമനം.

ഉത്തരവു കിട്ടിയപ്പോള്‍ പോകണോ എന്നു സംശയം. വേണ്ട എന്നു തീരുമാനിച്ചു. കുറേ കഴിഞ്ഞപ്പോള്‍ വീണ്ടും ഒരാലോചന. ബിസിനസ് രക്ഷയില്ല. പോയാലോ. ചേരാനുള്ള സമയം കഴിഞ്ഞിരുന്നു. നേരെ ഡല്‍ഹിക്കു പോയി. എ.കെ.ജി.യെ കണ്ടു. കെ.ഡി. മാളവ്യ ആണ് അന്നു പെട്രോളിയം മന്ത്രി. എ.കെ.ജി. മാളവ്യയെ വിളിച്ചു. ഒരിക്കല്‍ വേണ്ടെന്നു വെച്ച ജോലി വീണ്ടും കിട്ടി. അങ്കലേശ്വരില്‍ തന്നെ നിയമനം.

അങ്ങനെയാണ് വര്‍ക്കലക്കടുത്ത് ഇടവയില്‍ തുടങ്ങിയ ജി.കാര്‍ത്തികേയന്റെ ജീവിതയാത്ര ബ്രൂണെയിലെ ഹ്രസ്വകാലവിദേശപര്‍വം കഴിഞ്ഞ് വീണ്ടും ഇടവ വഴി ഗുജറാത്ത്, ബീഹാര്‍, അസം എന്നിവിടങ്ങളിലേക്ക് നീളുന്നത്.

ഒ.എന്‍.ജി.സി.യുടെ പ്രവര്‍ത്തനം വിപുലമായപ്പോള്‍ ആവശ്യത്തിന് വിദഗ്ദ്ധരെ കിട്ടാതെ വന്നു. അസമിലെ സിപ്‌സാഗറില്‍ ഒരു ഓയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങാന്‍ അവര്‍ ആലോചിച്ചു. അവിടെ പഠിച്ചിറങ്ങിയാല്‍ ഉടന്‍ ജോലി. മികച്ച ശമ്പളം. അച്ഛന്‍ കാര്‍ത്തികേയനെ വിളിച്ചു വരുത്തി, പ്രവേശന പരീക്ഷ എഴുതാന്‍. കരിവണ്ടികള്‍ മാറി മാറി കയറി കരിപുരണ്ട കാര്‍ത്തികേയന്‍ അസമിലെത്തി പരീക്ഷയെഴുതി. പ്രവേശനം ഉറപ്പായിരുന്നു. പക്ഷേ അസമിന്റെ അന്തരീക്ഷം കാര്‍ത്തികേയനു മനസില്‍ പിടിച്ചില്ല. അദ്ദേഹം തിരികെ വണ്ടി കയറി. അച്ഛന് ദേഷ്യമായി. ആ ദേഷ്യമാണ്, നിന്റെ മകന്‍ രാജ്യം വെട്ടിപ്പിടിക്കാന്‍ അങ്ങോട്ട് വരുന്നുണ്ട് എന്ന വാചകത്തില്‍ നിറഞ്ഞത്. കറുത്ത ഹാസ്യവും അല്‍പ്പം പരിഹാസവും ഉണ്ടായിരുന്നു അതില്‍. എങ്കിലും ആന്തരികമായി പ്രവചനത്തിന്റെ സ്വരമായിരുന്നു. കാര്‍ത്തികേയന്‍ വന്നു; രാജ്യം വെട്ടിപ്പിടിക്കുക തന്നെ ചെയ്തു.

ജി.കാര്‍ത്തികേയനെ ജി.കെ. എന്നാണ് സുഹൃത്തുക്കള്‍ സ്വാതന്ത്ര്യത്തോടെ വിളിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഉയര്‍ച്ചതാഴ്ചകള്‍ അടുത്തു നിന്നു കാണുമ്പോള്‍ ഒന്നു ബോധ്യമാകും, ആ ജീവിതം ആകസ്മികതകളുടെ ആകെത്തുകയാണെന്ന്. അച്ഛന്‍ ബര്‍മാഷെല്ലില്‍ നിന്ന് അകാലത്തില്‍ പിരിഞ്ഞുപോരാതെ ജോലിയില്‍ തുടര്‍ന്നിരുന്നെങ്കില്‍ ജി.കെ ബ്രൂണെയിലെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ് ലണ്ടനിലോ മറ്റോ ഉപരിപഠനത്തിനു പോയി വേറൊരാളാകുമായിരുന്നു. അസമില്‍ ഒ.എന്‍.ജി.സി യുടെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേര്‍ന്നെങ്കിലോ, ഇന്ത്യയിലെ എണ്ണവ്യവസായത്തിന് ഒരു വിദഗ്ദ്ധനെ കിട്ടിയേനെ.
കാര്‍ത്തികേയന്റെ തലയില്‍ വരച്ചിരുന്നത് എണ്ണ വ്യവസായത്തിന്റെ ഭാഷയിലായിരുന്നില്ല. അതു കൊണ്ടാണല്ലോ സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതാന്‍ വിപുലമായ ലൈബ്രറി സൗകര്യവും മികച്ച അധ്യയന നിലവാരവും നോക്കി കൊല്ലം എസ്.എന്‍ കോളേജില്‍ ചേര്‍ന്ന ജി.കെ ഒരു ദിനം കൊണ്ട് കെ.എസ്.യു നേതാവായത്. വിദ്യാര്‍ത്ഥി രാഷ്ട്രീയം എന്ന പുതിയ ആകസ്മികതയിലേക്ക് കാര്‍ത്തികേയനെ കൈപിടിച്ചു കൊണ്ടുപോയത് സ്വന്തം നാട്ടുകാരന്‍ കൂടെയായ അന്നത്തെ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഇടവാ കലാം ആണ്.

അന്ന് കൊല്ലം എസ്.എന്‍. കോളേജില്‍ യൂണിയന്‍ കൂടാതെ പ്രീഡിഗ്രി അസോസിയേഷന്‍ വേറെ ഉണ്ട്. ക്ലാസ് പ്രതിനിധികളാണ് ചെയര്‍മാനെ തെരഞ്ഞെടുക്കുക. രണ്ടാം വര്‍ഷ പ്രീഡിഗ്രിയിലെ ക്ലാസ് റപ്രസന്റേറ്റീവ് സ്ഥാനാര്‍ത്ഥിയായി ഒരാളെ വേണം. കലാം കാര്‍ത്തികേയനെ കണ്ടെത്തി. ജയിച്ചു. വന്‍ ഭൂരിപക്ഷത്തില്‍ തന്നെ. പ്രീഡിഗ്രി അസോസിയേഷന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് കലാം നോക്കിയപ്പോള്‍ വേറൊരു സ്ഥാനാര്‍ത്ഥിയില്ല. ജി.കെ ജയിച്ച് ചെയര്‍മാനായി. ഐ.എ.എസുകാരനാവാന്‍ മോഹിച്ചു വന്ന പയ്യന്‍ പിന്നീട് പ്രീഡിഗ്രി പരീക്ഷ എഴുതാന്‍ പോലും മറന്നു. രാഷ്ട്രീയ ക്ലാസിലെ റഗുലര്‍ വിദ്യാര്‍ത്ഥിയായി. റാങ്ക് നേടി പല പരീക്ഷകളിലും ജയിക്കുകയും ചെയ്തു.

ആകസ്മികതകളുടെ കൂട്ടുകാരനായതു കൊണ്ടാവാം, അര്‍ഹമായതു പലതും പലരും തട്ടിത്തെറിപ്പിച്ചപ്പോഴും ജി.കെ വേവലാതിപ്പെട്ടില്ല. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചെയര്‍മാനായ കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ എക്‌സിക്യൂട്ടീവില്‍ അദ്ദേഹം ഉണ്ടായിരുന്നു. ഇന്നത്തെ കേരള സര്‍വ്വകലാശാല അല്ല അന്നത്തേത്. എം.ജി. വന്നിട്ടില്ല. മൂത്തകുന്നം എസ്.എന്‍.കോളേജ് മുതല്‍ തെക്കോട്ടുള്ള കോളേജുകളെല്ലാം 'കേരള'യിലാണ്.

പിറ്റേക്കൊല്ലം കാര്‍ത്തികേയന്‍ വീണ്ടും കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. അടുത്ത ചെയര്‍മാനാകാന്‍ എന്തുകൊണ്ടും യോഗ്യന്‍ കാര്‍ത്തികേയനാണ്. കോട്ടയത്തു ചേര്‍ന്ന കെ.എസ്.യു സംസ്ഥാന സമിതി കാര്‍ത്തികേയനെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നിശ്ചയിക്കുകയും ചെയ്തു. തിരുവനന്തപുരം ലോ കോളേജിലെ യൂണിയന്‍ തെരഞ്ഞെടുപ്പ് എന്തോ കാരണത്താല്‍ നടന്നിരുന്നില്ല. തങ്ങളുടെ തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞിട്ടേ യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താവൂ എന്ന് അവര്‍ സര്‍വ്വകലാശാലയോട് അപേക്ഷിച്ചത് അനുവദിച്ചു. ലോ കോളേജില്‍ നിന്ന് നീലലോഹിതദാസ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു. അന്ന് വയലാര്‍ രവിയാണ് കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും കണ്‍കണ്ട ദൈവം. അദ്ദേഹത്തിന്റെ വാക്കിന് എതിര്‍വാക്കില്ല. അദ്ദേഹം ദല്‍ഹിയില്‍ നിന്നു പറന്നെത്തി. നീലലോഹിതദാസനെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. അന്നു തന്നെ മടങ്ങി. ജി.കെ യുടെ കൈയില്‍ വെച്ചു കൊടുത്ത മാമ്പഴം ഒറ്റനാള്‍ കൊണ്ട് നീലന്‍ തട്ടിക്കൊണ്ടുപോയി. അതേപ്പറ്റി പിന്നീട് കാര്‍ത്തികേയന്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ''ആരുടെ കുബുദ്ധിയാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് അന്നും ഇന്നും എനിക്കറിയില്ല. അറിയാന്‍ ഒട്ടു ശ്രമിച്ചിട്ടുമില്ല.''

കാര്‍ത്തികേയനെ തഴഞ്ഞ് യൂണിവേഴിസിറ്റി ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന നീലന്‍ പിന്നീട് കോണ്‍ഗ്രസിന്റെ ശത്രു പാളയത്തിലായി. കേരളത്തിലെ കോണ്‍ഗ്രസിലെ ഏറ്റവും വലിയ കൊട്ടാര വിപ്ലവത്തിന്റെ ഫലമായി കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തേക്ക് എ.കെ. ആന്റണിക്കെതിരെ കരുണാകരന്റെ സ്ഥാനാര്‍ത്ഥിയായി വയലാര്‍ രവി രംഗപ്രവേശം ചെയ്തപ്പോള്‍ രവിക്കു വേണ്ടി കാര്‍ത്തികേയന്‍ അഹോരാത്രം പണി എടുത്തു. കല്യാണക്കാര്യത്തില്‍ ജി.കെ വയലാര്‍ മാതൃക സ്വീകരിക്കുകയും ചെയ്തു. എ.സി ജോസിന്റെയും മറ്റും സഹായത്തോടെ വയലാറിലെത്തിച്ചാണ് വയലാര്‍ രവി മേഴ്‌സി ചേച്ചിയെ വിവാഹം ചെയ്തത്. ആ കല്ല്യാണ തിരക്കഥ തന്നെയായിരുന്നു കാര്‍ത്തികേയനും എഴുതിയത്. സുലേഖ ടീച്ചര്‍ അന്ന് മഞ്ചേരി എന്‍.എസ്.എസ്. കോളേജില്‍ അധ്യാപിക. ടീച്ചര്‍ക്ക് വിവാഹാലോചനകള്‍ തകൃതിയായി നടക്കുന്നതറിഞ്ഞ് ജി.കെ മലപ്പുറത്തെത്തി. കൂടെ സുഹൃത്ത് ബഷീറുമുണ്ട്. കോളേജില്‍ നിന്ന് വിളിച്ചു കൊണ്ടു പോന്നു. എം.പി ഗംഗാധരന്റെ വീട്ടില്‍ നിന്ന് ഉച്ചയൂണു തരപ്പെട്ടു. ഡി.സി.സി. ഓഫീസില്‍ ചെന്നു. പിന്നീട് ഇടതുപക്ഷത്തേക്കു പോയ ടി.കെ ഹംസയാണ് പ്രസിഡന്റ്. ഹംസക്ക 50 രൂപ കൊടുത്തു. അതുമായി ബസില്‍ തിരുവനന്തപുരത്തെത്തി വിവാഹം രജിസ്റ്റര്‍ ചെയ്തു!

യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനം നഷ്ടപ്പെട്ടപ്പോഴത്തെ നിര്‍മമത പിന്നീടൊരിക്കല്‍ കണ്ടത് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അദ്ദേഹം ഇടം പിടിക്കാതെ പോയപ്പോഴാണ്. ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ രണ്ടാമനായി വരേണ്ടയാളാണ്. എ.കെ ആന്റണിയുടെയും ഉമ്മന്‍ചാണ്ടിയുടെയും കൂടെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഉപനേതാവായിരുന്നു. നല്ല പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്തു. നേരത്തെ രണ്ടുവട്ടം മന്ത്രി. പക്ഷേ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ ജി.കെ ഇല്ല. പിന്നെ കണ്ടപ്പോള്‍ മുഖം അല്‍പ്പം വലിഞ്ഞിരുന്നു എന്നതൊഴിച്ചാല്‍ നിരാശയോ ക്ഷോഭമോ കണ്ടില്ല. ''എന്തുപറ്റി ജി.കെ?'' എന്നു ചോദിച്ചപ്പോള്‍ ശാന്തമായ മറുപടി: ''ഞാന്‍ എന്തു പറയാന്‍. എല്ലാം സണ്ണിക്ക് അറിയാമല്ലോ.''

ഇപ്പോഴും അറിയില്ല എന്തുകൊണ്ടാണ് ജി.കെ മന്ത്രിയാകാതെ പോയതെന്ന്. ഗ്രൂപ്പുകള്‍ തമ്മില്‍ വീതം വെച്ചപ്പോള്‍ പ്രത്യേകിച്ച് ചായ്‌വുകള്‍ ഒന്നുമില്ലാതിരുന്നതുകൊണ്ട് ഒഴിവായി പോയതാണോ? ജാതി സമവാക്യങ്ങള്‍ അനുകൂലമല്ലാതിരുന്നതാണോ? അതോ മറ്റെന്തെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍? ഒരു കാര്യം നിസംശയം പറയാം: കഴിവുകുറഞ്ഞ പലരും മന്ത്രിമാരായപ്പോള്‍ കഴിവുള്ള പലരും പുറത്തു നില്‍ക്കുന്നു എന്നതായിരുന്നു ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായ ഒരു വിമര്‍ശനം.

കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം അദ്ദേഹം ആഗ്രഹിച്ചിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പാര്‍ട്ടി അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി പദവിയും ഒഴികെ കേരളത്തില്‍ കിട്ടാവുന്ന എല്ലാ പദവികളിലും ഇരുന്നതാണ്. പ്രസിഡന്റ് സ്ഥാനം ന്യായമായും പ്രതീക്ഷിക്കാവുന്നതുമാണ്. കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തിലില്ലാത്തതുപോലെ രണ്ടു പ്രബല ഗ്രൂപ്പുകള്‍ ഒരുപോലെ ശക്തമായി അദ്ദേഹത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്തു. അതു സംബന്ധിച്ച ചര്‍ച്ചകള്‍ പൊടിപൊടിക്കുന്നതിനിടെ പറഞ്ഞു: ''കിട്ടിയാല്‍ സന്തോഷം. പക്ഷേ അതിനു വേണ്ടി ഒരു മത്സരത്തിനില്ല.''

ഹൈക്കമാന്‍ഡിന്റെ തീരുമാനം മറിച്ചായിരുന്നു. അതിന് പിന്നിലും ഒരു ഏഷണി പ്രയോഗമുണ്ടായി. ലാവലിന്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളയാളാണ് എന്ന് സഹപ്രവര്‍ത്തകരില്‍ ഒരാള്‍ തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചു. ഇത് ഭാവിയില്‍ പ്രശ്‌നമാകില്ലേ എന്ന കാര്യവും ഹൈക്കമാന്‍ഡ് ആ ഘട്ടത്തില്‍ പരിഗണിച്ചു. സഹപ്രവര്‍ത്തകരില്‍ ഒരാള്‍ തന്നെ ഇങ്ങനെയൊരു ഏഷണി പ്രയോഗിച്ചതില്‍ ജി.കെയ്ക്ക് വിഷമമുണ്ടായിരുന്നു. അദ്ദേഹം അക്കാര്യം എന്നോട് പറയുകയും ചെയ്തു. വിളിച്ചപ്പോള്‍ ജി.കെക്കുമാത്രം പറ്റുന്ന ലാഘവത്തോടെ പറഞ്ഞു. ഒരു പരസ്യവാചകത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തില്‍: ''ഹൈക്കമാന്‍ഡ്, അതല്ലേ എല്ലാം! തീരുമാനവും അവരുടേതല്ലേ.'' പക്ഷേ ഒരു കാര്യത്തില്‍ അദ്ദേഹം ഉറച്ചു നിന്നു. ഇനി ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേയ്ക്ക് ഇല്ല എന്ന കാര്യത്തില്‍. അത് പല സ്വകാര്യ സംഭാഷണങ്ങളിലും ആവര്‍ത്തിച്ചിട്ടുണ്ട്. മന്ത്രിസഭയില്‍ നിന്നുള്ള ഒഴിവാക്കല്‍ അദ്ദേഹത്തെ അത്രയ്ക്ക് മുറിപ്പെടുത്തിയിരുന്നു.

ജി.കെ എപ്പോഴും ജനങ്ങള്‍ക്കൊപ്പം നിന്നു. ജനങ്ങള്‍ അദ്ദേഹത്തിനൊപ്പവും. കാര്‍ത്തികേയന്റെ രാഷ്ട്രീയ കരിയര്‍ ഗ്രാഫിലെ ക്രമാനുഗതമായ ഉയര്‍ച്ചക്കു പിന്നില്‍ ജനകീയതയുടെ ഈ രസതന്ത്രമായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ ഇടക്കിടെ വെല്ലുവിളികള്‍ ഉയര്‍ന്നപ്പോഴും ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഊര്‍ജ്ജസ്രോതസ്സായി കൂടെ ഉണ്ടായി. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പു പോരാട്ടചരിത്രവും അതു ശരിവെക്കും. ആദ്യത്തെ അങ്കം 1980 ല്‍ സ്വന്തം നാടായ വര്‍ക്കലയില്‍ നിന്നാണ്. അന്ന് ഇടതു കോട്ട. വര്‍ക്കല രാധാകൃഷ്ണനെന്ന കരുത്തനായ എതിരാളി. വേറൊരു മണ്ഡലം നോക്കാന്‍ കെ.കരുണാകരന്‍ പറഞ്ഞതാണ്. ചെറുപ്പത്തിന്റെ തന്റേടവും പോരാട്ടവീര്യവും അന്നു കൂടുതലായിരുന്നു. തോറ്റു. പക്ഷേ തൊട്ടുമുന്‍പു നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കു വര്‍ക്കലയില്‍ നിന്നു കിട്ടിയതിനേക്കാള്‍ 7000 വോട്ട് കൂടുതല്‍ കിട്ടി. തൊട്ടടുത്ത തെരഞ്ഞെടുപ്പില്‍ പോറ്റമ്മയോടൊപ്പം കൂടി. തിരുവനന്തപുരം നോര്‍ത്തില്‍. വീണത് ചില്ലറക്കാരനൊന്നുമല്ല. സി.പി.എമ്മിന്റെ അതികായനായ കെ.അനിരുദ്ധന്‍. 1987 ല്‍ എം.വിജയകുമാറിനോട് നോര്‍ത്തില്‍ പരാജയം സമ്മതിക്കേണ്ടി വന്നപ്പോള്‍ ആര്യനാട്ടേക്ക് നീങ്ങി. അവര്‍ ജി.കെ യെ ഏറ്റെടുത്തു. 1991 മുതല്‍ 20 വര്‍ഷം. പിന്നീട് ആര്യനാട് അരുവിക്കര ആയപ്പോഴും കാര്‍ത്തികേയന് ഒത്ത ഒരു എതിരാളി ഉണ്ടായില്ല.

നേരിയ പരുക്കന്‍ ഭാവമോ വര്‍ക്കല തോല്‍വിക്കുശേഷം ജി.കെയുടെ അടയാളമായി മാറിയ താടി സൃഷ്ടിക്കുന്ന ഗൗരവമോ ഒന്നും ആളുകള്‍ക്ക് കാര്‍ത്തികേയനോട് അടുക്കുന്നതിന് തടസ്സമാവുന്നില്ല. ആ താടിക്കു പിന്നിലും ഒരു ആകസ്മികതയുണ്ട്. തെരഞ്ഞെടുപ്പ് തോല്‍വി സമ്മാനിച്ച നിരാശയുടെ ബാക്കിപത്രമാണ് താടി എന്ന് പലരും കരുതിയിരുന്നു. അതു ശരിയല്ലെന്ന് പിന്നീട് അദ്ദേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് തിരുവനന്തപുരത്തെ വാടക വീട്ടില്‍ താമസിക്കുമ്പോള്‍ കൈക്കു ചെറിയ പരിക്കു പറ്റി. ആയൂര്‍വേദ ചികിത്സയായിരുന്നു. അതു കുറേക്കാലം നീണ്ടു. അക്കാലം ഷേവിംഗിന് അവധി നല്‍കി. പരിക്ക് സുഖമായി താടി എടുക്കാന്‍ മുഖത്ത് സോപ്പു തേച്ചതാണ്. പെട്ടെന്നു തോന്നി, അത് അവിടെ നില്‍ക്കട്ടെ. അങ്ങനെ കാര്‍ത്തികേയന്‍ കേരളത്തിലെ കോണ്‍ഗ്രസ്സിലെയെന്നല്ല സംസ്ഥാന രാഷ്ട്രീയത്തിലെ തന്നെ താടിക്കാരായ അപൂര്‍വ്വനേതാക്കളിലൊരാളായി. എം.എ ബേബി, ഡോ.തോമസ് ഐസക്, ഡൊമിനിക് പ്രസന്റേഷന്‍, സി.പി. ജോണ്‍, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോണ്‍, സുരേഷ് കുറുപ്പ്, ടി.എന്‍ പ്രതാപന്‍, വി.ശിവന്‍കുട്ടി തുടങ്ങിയവരാണ് ഈ എലീറ്റ് ക്ലബ്ബിലെ മറ്റു ചില പ്രമുഖര്‍.

കാന്തത്തിലേയ്ക്ക് ഇരുമ്പ് എന്ന പോലെ ജനങ്ങള്‍ ജി.കെയിലേയ്ക്ക് ആകര്‍ഷിക്കപ്പെടുന്നതായാണ് തോന്നിയിട്ടുള്ളത്. അവരെ ചേര്‍ത്തു നിര്‍ത്താന്‍ പോന്ന എന്തോ ഒന്ന് കാര്‍ത്തികേയനില്‍ ഉണ്ടായിരുന്നു. മുമ്പ് ഇന്ത്യാവിഷനില്‍ നേതാക്കളോട് നടന്നുകൊണ്ട് സംസാരിക്കുന്ന 'ഒപ്പം നടന്ന്' എന്ന ടെലിവിഷന്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ നടത്തിയ കാര്‍ത്തികേയന്റെ ഷൂട്ട് ഓര്‍മ്മവരുന്നു. രാജ്ഭവന്റെ മുന്നിലെ 'അജന്ത' യിലാണ് അന്നു താമസം. ഞങ്ങള്‍ അവിടെ നിന്ന് സംസാരിച്ചുകൊണ്ടിറങ്ങി ക്രൈസ്റ്റ് നഗര്‍ സ്‌കൂളിന്റെ ഗേറ്റിനരികിലേയ്ക്ക് എത്തുന്നു. പെട്ടെന്ന് എതിരെ വന്ന ഒരു വൃദ്ധ കൈകൂപ്പി ഓടി വന്ന് ജി.കെയുടെ കൈകളില്‍ പിടിച്ചു. 'സാറെ എന്നെ സഹായിക്കണം' എന്നു പറഞ്ഞ് വാക്കാല്‍ ഒരു തല്‍സമയ നിവേദനം. ക്യാമറയുടെ സാന്നിധ്യം ആ സ്ത്രീ അറിഞ്ഞതേയില്ല. ജി.കെ അവരോട് എല്ലാം ചോദിച്ചറിഞ്ഞു. ആവശ്യപ്പെട്ടകാര്യം ചെയ്തുകൊടുക്കാമെന്ന് ഉറപ്പ് നല്കി. അത് ശരിയാക്കിയെന്ന് പിന്നീട് കണ്ടപ്പോള്‍ പറയുകയും ചെയ്തു. ആ ഓണ്‍ ദ സ്‌പോട്ട് ജനസമ്പര്‍ക്ക പരിപാടി 'ഒപ്പം നടന്നി'ന്റെ ഭാഗമായി എന്നാണ് ഓര്‍മ്മ.

പക്ഷേ ജനസമ്പര്‍ക്കത്തില്‍ സാധാരണ രാഷ്ട്രീയക്കാരെപ്പോലെ ആയിരുന്നില്ല കാര്‍ത്തികേയന്‍. വെറുതെയുള്ള സോപ്പ് വര്‍ത്തമാനമില്ല. അമ്പിളിയമ്മാവനെ പിടിച്ചു തരാമെന്ന് പറയില്ല. അസാധ്യമായ ജോലി ആവശ്യങ്ങളുമായി വരുന്നവരോട് സൗഹൃദഭാവത്തിലാണെങ്കിലും 'ഞാന്‍ എന്താ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്' ആണോ എന്ന് ചോദിച്ചെന്നിരിക്കും. മണ്ഡലത്തില്‍ പലരേയും പേരു വിളിക്കാനുള്ള പരിചയമുണ്ട്. പക്ഷേ സ്‌നേഹം പകുതിയേ കാണിക്കാനറിയൂ. പൊള്ളയായ തോളത്തടിയോ കെട്ടിപ്പിടിത്തമോ ഇല്ല. ഉള്ള സ്‌നേഹം ആത്മാര്‍ത്ഥമാണ്. അത് നാട്ടുകാര്‍ക്കുമറിയാം. അതുകൊണ്ടാണ് മണ്ഡലം കാര്‍ത്തികേയനെ അതിരറ്റു സ്‌നേഹിച്ചത്. അമേരിക്കയില്‍ ചികിത്സ കഴിഞ്ഞെത്തി സഞ്ചരിക്കാമെന്നായപ്പോള്‍ ആദ്യം ഓടിയെത്തിയത് അരുവിക്കരയിലാണ്.
കാര്‍ത്തികേയന്റെ രാഷ്ട്രീയ വ്യക്തിത്വം ഒരു നാണയം പോലെ രണ്ടു വശങ്ങളുള്ളതാണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സൗമ്യവും സ്വച്ഛവുമായ ഒരു സാമീപ്യമാണ് പലപ്പോഴും അദ്ദേഹം. പക്ഷേ സാഹചര്യം വരുമ്പോള്‍ ഒരു കലാപകാരിയുടെ മുഖമണിയും.

പഞ്ചാബ് മോഡല്‍ പ്രസംഗത്തെ തുടര്‍ന്ന് ആര്‍.ബാലകൃഷ്ണപിള്ള മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് അന്ന് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റായിരുന്ന ജി.കാര്‍ത്തികേയന്‍ ആവശ്യപ്പെട്ടത് വലിയ കോളിളക്കമുണ്ടാക്കി. 1985 മെയ് 25 ന് എറണാകുളത്തായിരുന്നു വിവാദ പ്രസംഗം. കേരള കോണ്‍ഗ്രസ്സുകളുടെ ലയനയോഗം. മാതൃഭൂമിയ്ക്കു വേണ്ടി സമ്മേളനം റിപ്പോര്‍ട്ട് ചെയ്തത് ഞാനാണ്. മാതൃഭൂമി മാത്രമേ വിവാദ ഭാഗം റിപ്പോര്‍ട്ട് ചെയ്തുള്ളൂ. അന്ന് കാര്‍ത്തികേയനെ അത്ര പരിചയമില്ല. രാവിലെ ഓഫീസില്‍ എത്തിയപ്പോള്‍ കാര്‍ത്തികേയന്റെ ഫോണ്‍. വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീടാണ് പ്രസ്താവന വന്നത്. കാര്‍ത്തികേയന്റെ പിന്നില്‍ കെ.കരുണാകരനാണെന്നാണ് ബാലകൃഷ്ണപിള്ള വിശ്വസിച്ചത്. ആത്മകഥയില്‍ അത് പറഞ്ഞിട്ടുമുണ്ട്. ജി.കെ നിലപാടില്‍ ഉറച്ചു നിന്നു. ഒടുവില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ബാലകൃഷ്ണപിള്ളയ്ക്ക് രാജി വെയ്‌ക്കേണ്ടിയും വന്നു. കോണ്‍ഗ്രസ്സ് ഏകകക്ഷി ഭരണത്തിന് ശ്രമിക്കണമെന്ന യൂത്ത് കോണ്‍ഗ്രസ്സിന്റെ ആവശ്യവും യൂത്ത് കോണ്‍ഗ്രസ്സിനെ പഴയ പ്രതാപത്തിലേയ്ക്ക് ഉയര്‍ത്തികൊണ്ടുവരാനുള്ള കാര്‍ത്തികേയന്റെ ആവേശത്തിന്റെ ഭാഗമായിരുന്നു.

താന്‍ കൂടി വെള്ളവും വളവും കൊടുത്ത് വളര്‍ത്തിക്കൊണ്ടു വന്ന 'ഐ' ഗ്രൂപ്പില്‍ അവഗണിക്കപ്പെടുന്നുവെന്ന് തോന്നിയപ്പോള്‍ സടകുടഞ്ഞെഴുന്നേറ്റു നടത്തിയ പ്രതിരോധവും ആ കലാപചിന്തയുടെ ഉല്‍പ്പന്നമാണ്.

കേരളത്തിലെ കോണ്‍ഗ്രസ്സ് ഗ്രൂപ്പ് പോരാട്ടത്തില്‍ എ.കെ.ആന്റണിയോടും വയലാര്‍ രവിയോടും ഉമ്മന്‍ചാണ്ടിയോടുമുള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടു തന്നെ കരുണാകരനൊപ്പം ഉറച്ചു നിന്ന ആളാണ് കാര്‍ത്തികേയന്‍. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ഇന്ദിരാഗാന്ധിയെ എല്ലാവര്‍ക്കും കയ്ക്കുന്നകാലം. കോണ്‍ഗ്രസ്സിലെ പ്രധാന കേരള നേതാക്കളെല്ലാം എതിര്‍പക്ഷത്താണ്. കരുണാകരനും ചുരുക്കം ചില നേതാക്കളും ഇന്ദിരാഗാന്ധിയുടെ കൂടെ. 1978 ജനുവരി 1 ന് ഇന്ദിരാഗാന്ധി ഡല്‍ഹിയില്‍ വിളിച്ചുകൂട്ടിയ എ.ഐ.സി.സി.യോഗത്തില്‍ കേരളത്തില്‍ നിന്ന് സംബന്ധിച്ച ചുരുക്കം ചില പ്രതിനിധികളില്‍ ഒരാള്‍ കാര്‍ത്തികേയന്‍ എന്ന ചെറുപ്പക്കാരനായിരുന്നു. കടം വാങ്ങിയ കാശുമായി തീവണ്ടിയില്‍ രണ്ടാം ക്ലാസ്സിലാണു യാത്ര. തണുപ്പുകാലം. ഒരു എം.പിയുടെ സര്‍വെന്റ് ക്വാട്ടേഴ്‌സിലാണ് തങ്ങിയത്.

പിന്നീട് കേരളത്തില്‍ കോണ്‍ഗ്രസ്സ് ഐ യെ വളര്‍ത്തിയെടുക്കുന്നതില്‍ കാര്‍ത്തികേയന്റെ പങ്ക് നിര്‍ണ്ണായകമാണ്. കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും എം.ഐ. ഷാനവാസുമൊക്കെ കരുണാകരന്റെ പിന്നിലെ ശക്തിഗോപുരങ്ങളായി മാറി. സേവാദള്‍ റൂട്ടിലൂടെ കെ.മുരളീധരന്‍ ഗ്രൂപ്പിന്റെ നേതൃശ്രേണിയിലേയ്ക്ക് എത്തുന്നതുവരെ എല്ലാം ഭദ്രമായി നീങ്ങി. മുരളി വന്നതോടെ സ്ഥിതി മാറി. പതുക്കെ നിയന്ത്രണം അദ്ദേഹത്തിന്റെ കൈകളിലായി. ഇതിനിടെ 1982 ഡിസംബര്‍ 13 ന് കോണ്‍ഗ്രസ്സ് -എ, കോണ്‍ഗ്രസ്സ് ഐ യില്‍ ലയിച്ചിരുന്നു. 1991 ല്‍ വയലാര്‍ രവിയെ എതിര്‍ പക്ഷത്തുനിന്ന് ഇളക്കികൊണ്ടുവന്ന് കെ.പി.സി.സി. പ്രസിഡന്റാക്കി. 1992 ജൂലൈ 3 ന് കഴക്കൂട്ടം പള്ളിപ്പുറത്ത് വെച്ച് കരുണാകരന്‍ കാര്‍ അപകടത്തില്‍പെട്ടു. അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് കൊണ്ടുപോയ ഇടവേളയില്‍ ഭരണത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ശക്തമായി. തങ്ങള്‍ തീര്‍ത്തും അപ്രസക്തരായി മാറുകയാണെന്നും കരുണാകരന്റെ പിന്‍ഗാമിയായി മുരളിയെ വളര്‍ത്തിക്കൊണ്ടുവരികയാണെന്നും ഉള്ള തോന്നല്‍ കാര്‍ത്തികേയനിലും രമേശിലും വളര്‍ന്നു. കരുണാകരന്‍ ചികിത്‌സ കഴിഞ്ഞ് മടങ്ങിയെത്തിയിട്ടും സ്ഥിതിയില്‍ മാറ്റമുണ്ടായില്ല. സെപ്റ്റംബര്‍ 9 ന് കനകക്കുന്നില്‍ നടന്ന ടൂറിസം വാരാഘോഷ ഉദ്ഘാടന പരിപാടിയില്‍ കാര്‍ത്തികേയന്‍ അപമാനിക്കപ്പെടുക കൂടിചെയ്തതോടെ ഐ ഗ്രൂപ്പ് പിളര്‍ന്നു. കാര്‍ത്തികേയന്‍, രമേശ് ചെന്നിത്തല, എം.ഐ. ഷാനവാസ് എന്നിവരുടെ നേതൃത്വത്തില്‍ തിരുത്തല്‍ വാദികള്‍ ഉദയം ചെയ്തു. എം.എല്‍.എ മാരായ ബി.വിജയകുമാര്‍, പുനലൂര്‍ മധു, അല്‍ഫോണ്‍സാ ജോര്‍ജ്ജ്, പി.ജെ ജോയി, എ.വി ഗോപിനാഥ് എന്നിവര്‍ തിരുത്തലിനൊപ്പമായിരുന്നു. വേറെ വഴിയില്ലാത്തതുകൊണ്ട് കാര്‍ത്തികേയനും മറ്റും തെരഞ്ഞെടുത്ത മാര്‍ഗ്ഗമായിരുന്നു തിരുത്തല്‍. അതേപ്പറ്റി ചോദിച്ചപ്പോള്‍ ജി.കെ പറഞ്ഞത് ഇന്നും ഓര്‍ക്കുന്നു. 'വേറെ വഴിയില്ല. ഇങ്ങനെ തുടരുന്നത് രാഷ്ട്രീയ മരണമാണ്.'

തിരുത്തല്‍ വാദം ഒരു ഹ്രസ്വപ്രതിഭാസമായിരുന്നു. ആ പ്രസ്ഥാനത്തിന് കോണ്‍ഗ്രസ്സില്‍ എന്തെങ്കിലും തിരുത്തല്‍ വരുത്താന്‍ കഴിഞ്ഞതായി തോന്നിയിട്ടില്ല. കാര്‍ത്തികേയന്‍ ഭയപ്പെട്ട രാഷ്ട്രീയ മരണം ഒഴിവാക്കാന്‍ പറ്റി എന്നുമാത്രം. ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നത്, തിരുത്തല്‍ വാദവുമായി വീറോടെ എതിര്‍ത്തു നിന്നില്ലായിരുന്നുവെങ്കില്‍ കാര്‍ത്തികേയന്റെയും രമേശ് ചെന്നിത്തലയുടെയും കോണ്‍ഗ്രസ്സിലെ ഭാവി കൊട്ടിയടയ്ക്കപ്പെടുമായിരുന്നു എന്നാണ്. തിരുത്തല്‍ വാദം ശിഥിലമായശേഷം കാര്‍ത്തികേയന്‍ ഒരു ഗ്രൂപ്പിന്റെയും പടച്ചട്ട അണിയാന്‍ തയ്യാറായില്ല. സ്വയം തെരഞ്ഞെടുത്ത ആ ഒറ്റപ്പെട്ടു നില്‍ക്കല്‍ അദ്ദേഹത്തിന് വിനയായിട്ടുണ്ടാവണം. അതാണല്ലോ കോണ്‍ഗ്രസ്സ് രാഷ്ട്രീയം.

കാര്‍ത്തികേയന്‍ എന്ന ആകമാന വ്യക്തിത്വത്തെ വിലയിരുത്തുമ്പോഴും രണ്ടു തലങ്ങള്‍ കാണാം. ഒന്ന് രാഷ്ട്രീയക്കാരന്റെയും പാര്‍ലമെന്റേറിയന്റേതുമാണ്. അതില്‍ അദ്ദേഹം ഒന്നാം കിടക്കാരനുമാണ്. മികച്ച നിയമസഭാംഗമായിരുന്നു. ഭരണാധികാരിയും. ഭരണപക്ഷത്തായാലും പ്രതിപക്ഷത്തായാലും യു.ഡി.എഫിന്റെ ഉറച്ച പോരാളിയുമാണ്. ലാവ്‌ലിന്‍ കേസില്‍ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അക്ഷോഭ്യനായി നിന്നു. മാന്യതവിട്ട് പെരുമാറിയ ഒരു സന്ദര്‍ഭം പോലും കണ്ടിട്ടില്ല. എന്നാല്‍ മറുവശമാണ് മറ്റ് കോണ്‍ഗ്രസ്സ് നേതാക്കളില്‍ നിന്ന് കാര്‍ത്തികേയനെ വ്യത്യസ്തനാക്കുന്നത്. എഴുത്തിനോടും വായനയോടും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടും സിനിമയോടുമൊക്കെയുള്ള അടുപ്പം. സിനിമയൊഴിച്ചാല്‍ ഈ മറ്റു മേഖലകളോട് സാധാരണ കോണ്‍ഗ്രസ്സ് നേതാക്കള്‍ അത്ര മമത കാട്ടാറില്ല. ജി.കെ അങ്ങനെയല്ല. നന്നായി വായിക്കും. കോണ്‍ഗ്രസ്സ് ശരാശരിയെക്കാള്‍ ഉയര്‍ന്ന തലത്തിലാണ് ചിന്ത. പുതിയ എഴുത്തുകാരെ പോലും വായിച്ച് ഇഷ്ടപ്പെട്ടാല്‍ വിളിക്കും; അഭിനന്ദിക്കും. ഉറച്ച സാംസ്‌കാരിക ബോധമുള്ള ഒരാള്‍ പുലര്‍ത്തേണ്ട സത്യസന്ധതയും രാഷ്ട്രീയത്തിലെ ഊടുവഴികളും തമ്മില്‍ മുഖാമുഖം വരുമ്പോഴുണ്ടാകുന്ന ആന്തരിക സംഘര്‍ഷങ്ങള്‍ ജി.കെ ജീവിതത്തില്‍ അനുഭവിച്ചിരുന്നു എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടുണ്ട്.

സ്പീക്കര്‍ സ്ഥാനം ജി.കെ ആഗ്രഹിച്ചിരുന്നില്ല എന്ന് വ്യക്തിപരമായി അറിയാം. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടശേഷം അനുമോദന തിരക്കുകള്‍ക്കൊടുവില്‍ വിശാലമായ ഓഫീസ് മുറിയില്‍ അദ്ദേഹത്തെ കണ്ടു. 'ഇനി സ്പീക്കറാണ്. ആത്മാര്‍ത്ഥതയോടെ എന്റെ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റും' - അദ്ദേഹം പറഞ്ഞു അത് അക്ഷരം പ്രതി നടപ്പാക്കുകയും ചെയ്തു. ഒരു സ്പീക്കര്‍ സഭയില്‍ സര്‍ക്കാരിന്റെ ബിസിനസ് നടത്തിക്കൊടുക്കുമ്പോള്‍ തന്നെ പ്രതിപക്ഷത്തിന്റെ സംരക്ഷകന്‍ കൂടിയാകുമ്പോഴാണ് ആ പദവിയുടെ ഔന്നത്യത്തിലേയ്ക്ക് ഉയരുക. അതു സാധിച്ചുവെന്നതാണ് കാര്‍ത്തികേയന്റെ പ്രസക്തി. സഭയില്‍ നിയന്ത്രണാതീതമായ ബഹളം ഉണ്ടാവുകയും പ്രതിപക്ഷം നടുത്തളത്തിലേയ്ക്ക് ഇറങ്ങുകയും ചെയ്യുമ്പോള്‍, വാച്ച് ആന്റ് വാഡില്‍പെട്ടവര്‍ സ്പീക്കറുടെ വേദിയ്ക്കുചുറ്റും മനുഷ്യമതില്‍ തീര്‍ത്ത് പ്രതിരോധം ചമയ്ക്കുകയാണ് പതിവ്. ഈ നിയമസഭയുടെ ആദ്യകാലത്ത് അത്തരമൊരു സന്ദര്‍ഭമുണ്ടായപ്പോള്‍ വാച്ച് ആന്റ് വാര്‍ഡ് വേദിയ്ക്ക് ചുറ്റും അണി നിരന്നു. പെട്ടെന്ന് അവരോട് പിന്‍മാറാന്‍ കാര്‍ത്തികേയന്‍ നിര്‍ദ്ദേശിച്ചു. എല്ലാവരും ഒരു നിമിഷം അമ്പരന്നു. സ്പീക്കര്‍ സഭയുടെ നാഥനാണ്. അംഗങ്ങളെ സംരക്ഷിക്കേണ്ട ആള്‍. അംഗങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിന് എനിക്ക് വാച്ച് ആന്റ് വാര്‍ഡിന്റെ സഹായം വേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. പിന്നീട് നടുത്തളത്തിലിറങ്ങിയാലും വേദിയിലേക്ക് കയറാന്‍ പ്രതിപക്ഷവും മടിച്ചു.

ഇന്നത്തെ നിയമസഭ മ്യൂസിയം, നിയമസഭാ മന്ദിരത്തിലെ കൂറ്റന്‍ ജലസംഭരണി തുടങ്ങിയവ കാര്‍ത്തികേയന്റെ സ്മാരകങ്ങളാണ്. നിയമസഭാ നടപടികള്‍ കൂടുതല്‍ സുതാര്യമാക്കി. നേരത്തെ ചോദ്യോത്തര വേള റിക്കോര്‍ഡു ചെയ്യാന്‍ ടിവി ചാനലുകളെ അനുവദിച്ചിരുന്നു. കാര്‍ത്തികേയന്‍ വെബ് കാസ്റ്റിംഗും തുടങ്ങി. സഭാ നടപടികളുടെ ദൃശ്യങ്ങള്‍, അതു നടന്ന് അര മണിക്കൂറിനകം നെറ്റില്‍ കിട്ടും. എം.എല്‍.എ മാര്‍ക്ക് പുസ്തക അലവന്‍സ് അനുവദിച്ചു. അക്ഷരങ്ങളെ അറിയുന്നവന്റെ മനസ്സായിരുന്നു അതിന്റെ പിന്നില്‍.

കാര്‍ത്തികേയന്‍ വിടവാങ്ങുന്നു. അകാലത്തില്‍ യാത്ര ചോദിക്കുന്നത് എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു മനുഷ്യനാണ്.



1
gk orma
GK ADARANJALI

 

ga